ആ പാപഭാരം കോഹ്ലിക്ക്; ധോണിയും വീണു പാക് വീര്യത്തിനു മുന്നില്‍

ആ പാപഭാരം കോഹ്ലിക്ക്; ധോണിയും വീണു പാക് വീര്യത്തിനു മുന്നില്‍

ഐസിസി ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താനെതിരേ തോല്‍വി വഴങ്ങിയ ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന നാണക്കേടും അതോടെ കോഹ്ലിക്കു സ്വന്തമായി.
Updated on
2 min read

യുദ്ധത്തിന്റെ വീറും വാശിയുമുണ്ട് എന്നും ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പോരാട്ടത്തിന്. ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും വലിയ ഹൈവോള്‍ട്ടേജ് പോരാട്ടം അരങ്ങേറുമ്പോള്‍ ആവേശത്തിനു തെല്ലും മങ്ങലേല്‍ക്കില്ല. 1952-ല്‍ തുടങ്ങിയതാണ് ഈ വൈരം. ഇതുവരെ 59 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിലും 132 ഏകദിന ക്രിക്കറ്റ് മത്സരങ്ങളിലും ഒമ്പതു ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളിലും ലോകം ഇരുചേരിയിലുമായി നിന്നിട്ടുണ്ട്.

ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെക്കാള്‍ അല്‍പം മുന്‍തൂക്കം പാകിസ്താനാണ്. തുല്യശക്തികളുടെ പോരാട്ടത്തില്‍ പാകിസ്താന് ഒരു പണത്തൂക്കം മേല്‍ക്കോയ്മ നല്‍കിയത് എന്നും പേസര്‍മാരാണെന്നതും ശ്രദ്ധേയമാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താന്‍ ഇതുവരെ 12 ജയങ്ങള്‍ നേടിയപ്പോ ഇന്ത്യക്ക് ജയിക്കാനായത് ഒമ്പതു മത്സരങ്ങളാണ്. ഏകദിന ക്രിക്കറ്റിലും പാക് മേധാവിത്വമാണ്; 73 വിജയങ്ങള്‍. അതേസമയം ഇന്ത്യക്ക് നേടാനായത് 55 ജയങ്ങള്‍ മാത്രം. എന്നാല്‍ കുട്ടിക്രിക്കറ്റില്‍ ഇന്ത്യയെ വെല്ലുവിളിക്കാന്‍ പാകിസ്താന്‍ ഇതുവരെ വളര്‍ന്നിട്ടില്ല.

ഒമ്പതു തവണ ഏറ്റുമുട്ടിയതില്‍ ആറു തവണയും ജയം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ രണ്ടു തവണ മാത്രമാണ് പാകിസ്താന് ടീം ഇന്ത്യയെ പിന്തള്ളാന്‍ കഴിഞ്ഞിട്ടുള്ളു. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പ് ക്രിക്കറ്റ് വേദിയില്‍ പാകിസ്താനെതിരേ വ്യക്തമായ മേധാവിത്വമാണ് ഇന്ത്യക്കുള്ളത്. ഏകദിന-ട്വന്റി 20 ക്രിക്കറ്റ്് ലോകകപ്പുകളിലായി ഇതുവരെ 13 തവണ ഏറ്റുമുട്ടിയപ്പോള്‍ 12-ലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. കേവലം ഒരു തവണമാത്രമാണ് പാകിസ്താനു ജയിക്കാനായത്.

അതാകാട്ടെ കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലായിരുന്നു. വിരാട് കോഹ്ലിയുടെ കീഴില്‍ ലോകകപ്പ് കളിക്കാനിറങ്ങിയ ഇന്ത്യയെ ദുബായിയില്‍ നടന്ന മത്സരത്തില്‍ പത്തു വിക്കറ്റിനാണ് പാകിസ്താന്‍ കീഴടക്കിയത്. ഐസിസി ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താനെതിരേ തോല്‍വി വഴങ്ങിയ ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന നാണക്കേടും അതോടെ കോഹ്ലിക്കു സ്വന്തമായി.

1992-ലെ ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും ആദ്യമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് 43 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. അര്‍ധസെഞ്ചുറയും ഒരു വിക്കറ്റും നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു കളിയിലെ കേമന്‍. പിന്നീട് 1996ലോകകപ്പില്‍ ബംഗളുരുവില്‍ നടന്ന മത്സരത്തില്‍ ഇരുകൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ 93 റണ്‍സ് നേടിയ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ വെങ്കിടേഷ് പ്രസാദ്, അനില്‍കുംബ്ലെ എന്നിവരുടെയും മികവില്‍ 39 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

1999-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലും ഇന്ത്യ പാകിസ്താനെ വീഴ്ത്തി. ഇക്കുറി 47 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 27 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ വെങ്കിടേഷ് പ്രസാദായിരുന്നു കളിയിലെ കേമന്‍. 2003-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒറ്റയാള്‍ മികവിനു മുമ്പിലും പാകിസ്താന്‍ വീണു. ശ്ശെഹാനസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ജയം.

2007-ല്‍ രണ്ടു ലോകകപ്പ് മത്സരങ്ങളിലാണ് ഇന്ത്യ പാകിസ്താനെ തുടര്‍ച്ചയായി വീഴ്ത്തിയത്. രണ്ടും ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നിശ്ചിത ഓവറില്‍ സമനിലയില്‍ പിരിഞ്ഞതിനു ശേഷം ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബൗളൗട്ടിലൂടെ ഇന്ത്യ ജയം നേടി. പിന്നീട് ആ ടൂര്‍ണമെന്റിന്റെ ഫൈനലിലാണ് ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നത്. അര്‍ധസെഞ്ചുറി നേടിയ ഗൗതം ഗംഭീറിന്റെയും 16പന്തില്‍ 30 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും മികവില്‍ അഞ്ചു റണ്‍സിന് പാകിസ്താനെ വീഴ്ത്തിയ ഇന്ത്യ പ്രഥന ടി20 ലോകകപ്പും നേടി.

പിന്നീട് 2011 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിലും 2012 ടി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലും 2014 ടി 20 ലോകകപ്പിന്റെ സൂപ്പര്‍ ടെന്നിലും 2015 ഏകദിന ലോകകപ്പിന്റെ സൂപ്പര്‍ സെവനിലും 2019 ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താന്‍ ഇന്ത്യക്കു മുന്നില്‍ തലകുനിച്ചു.

അതേസമയം ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയെക്കാള്‍ മികച്ച റെക്കോഡുണ്ട് പാകിസതാന്. അഞ്ചു തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണയും ജയം പാകിസ്താനൊപ്പം നിന്നു. രണ്ടു തവണ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. പാക് ജയങ്ങളിലൊന്നു 2017 ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. മഹേന്ദ്ര സിങ് ധോണിയായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍. ഏഷ്യാ കപ്പ് ഏകദിന പോരാട്ടങ്ങളില്‍ 13 മത്സരങ്ങളില്‍ ഏഴുതവണ ഇന്ത്യ ജയിച്ചപ്പോള്‍ അഞ്ചു തവണ ജയം പാകിസ്താനൊപ്പമായിരുന്നു.

logo
The Fourth
www.thefourthnews.in