ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ-പാക് പോരാട്ടം അഹമ്മദാബാദില്‍ തന്നെ

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ-പാക് പോരാട്ടം അഹമ്മദാബാദില്‍ തന്നെ

ഒക്‌ടോബര്‍ അഞ്ചിന നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഒക്‌ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Updated on
1 min read

ഈ വര്‍ഷം ഒക്‌ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം അഹമമ്മദാബാദില്‍ തന്നെ നടക്കുമെന്നു സൂചന. ബിസിസിഐ പുറത്തുവിട്ട പ്രാഥമിക ഷെഡ്യൂളിലാണ് മുന്‍നിശ്ചയിച്ച തീയതിയായ ഒക്‌ടോബര്‍ 15-ന് അഹമ്മദാബാദില്‍ തന്നെ ഇന്ത്യ-പാക് പോരാട്ടം നടക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ഒക്‌ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പിന്നീട് 11-ന് ഡല്‍ഹിയില്‍ അഫ്ഗാനിസ്താനെ നേരിട്ട ശേഷമാണ് ഇന്ത്യ അഹമ്മദാബാദിലേക്ക് പറക്കുക. ഒക്‌ടോബര്‍ 12ന് പുനെയില്‍ ബംഗ്ലാദേശിനെതിരേയും 22-ന് ധരംശാലയില്‍ ന്യൂസിലന്‍ഡിനെതിരേയും 29-ന് ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരേയും നവംബര്‍ രണ്ടിന് മുംബൈയില്‍ ക്വാളിഫയര്‍ കളിച്ചെത്തുന്ന ടീമിനെതിരേയും നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും 11-ന് ബംഗളുരുവില്‍ ക്വാളിഫയര്‍ കളിച്ചെത്തിയ ടീമിനെതിരേയുമാണ് ഇന്ത്യയുടെ മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍.

ഇന്ത്യക്കെതിരേ അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തിനു പുറമേ പാകിസ്താന്‍ ഇന്ത്യന്‍ മണ്ണില്‍ ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മാത്രമാണ് ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കേണ്ടി വരിക.

പ്രാഥമിക ഷെഡ്യൂള്‍ പ്രകാരം ഒക്‌ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. അഹമ്മദാബാദിലാണ് ഈ മത്സരവും അരങ്ങേറുന്നത്. ക്വാര്‍ട്ടര്‍ഫൈനല്‍ വരെയുള്ള മത്സരങ്ങളുടെ വേദികള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നവംബര്‍ 15-നും 16-നുമായി നടക്കുന്ന സെമിഫൈനലുകളുടെ വേദി പിന്നീട് തീരുമാനിക്കും. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍.

logo
The Fourth
www.thefourthnews.in