സെമി ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ; പിടിച്ചു നില്‍ക്കാന്‍ പാകിസ്താന്‍

സെമി ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ; പിടിച്ചു നില്‍ക്കാന്‍ പാകിസ്താന്‍

ബംഗ്ളാദേശ്-സിംബാബ്‌വെ പോരാട്ടവും ഇന്ന്
Updated on
1 min read

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന്‌ പെര്‍ത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിലെ ജയം ഇരു ടീമുകളുടെയും സെമി സാധ്യത ശക്തിപ്പെടുത്തും.

വിരാട് കോഹ്ലിയുടെ ഫോമിലാണ് ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്നത്. തുടര്‍ച്ചയായി അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ കോഹ്ലിയെ ഈ ലോകകപ്പില്‍ പുറത്താക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല. നെതര്‍ലന്‍ഡിനെതിരെ അര്‍ദ്ധസെഞ്ചുറി നേടി നായകന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഫോം വീണ്ടെടുത്തതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ ബൗളര്‍മാരുടെ പ്രകടനവും ഇന്ത്യയ്ക്ക് കരുത്തേകും.

മറുവശത്ത്‌ ആധികാരികമായി ബംഗ്ലാദേശിനെ തകർത്താണ് ദക്ഷിണാഫ്രിക്കയുടെ വരവ്. സെഞ്ച്വറി നേടിയ റിലീ റോസോവിന്റെയും അർധസെഞ്ചുറി നേടിയ ക്വിന്റൺ ഡി കോക്കിന്റെയും ഫോം ഇന്ത്യയ്ക്ക് ഭീഷണിയാണ്. ബൗളിങ്ങിൽ ആൻറിച്ച് നോർട്ട്ജെയെ ഇന്ത്യൻ ബാറ്റർമാർ കൈകാര്യം ചെയ്യുന്നതും മത്സരത്തിൽ നിർണായകമാകും.

സിംബാബ്വെ
സിംബാബ്വെ

പാകിസ്താനെതിരായ തകര്‍പ്പന്‍ ജയത്തിന് ശേഷം സിംബാബ്‌വെ ഗബ്ബയില്‍ ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കും. രണ്ടാം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് സിംബാബ്‌വെയുടെ സ്ഥാനം. സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്‌. അതേസമയം, വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് കനത്ത പരാജയം രുചിച്ച ബംഗ്ലാദേശിന് സിംബാബ്‌വെയ്‌ക്കെതിരായ മത്സരം എളുപ്പമാവില്ല.

ഈ ലോകകപ്പിലെ ആദ്യ ജയം തേടിയാണ് പാകിസ്താന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാന്‍ ഒരുങ്ങുന്നത്‌. ലോകകപ്പില്‍ പുറത്താകലിന്റെ വക്കിലാണ് ഇരു ടീമുകളും. രണ്ട് കളികളിലും അവസാന പന്തിലാണ് പാകിസ്താന്‍ തോല്‍വി സമ്മതിച്ചത്. പാകിസ്താന്‍റെ ബൗളിങ് മികച്ചതാണെങ്കിലും ബാറ്റിങ്ങിൽ നായകൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും മികവിലേക്കുയരാത്തത് അവർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.30 യ്ക്ക് പെര്‍ത്തിലാണ് മത്സരം.

logo
The Fourth
www.thefourthnews.in