ലോകചാമ്പ്യന്‍മാർക്ക് സിംബാബ്‌വെ വക ഷോക്ക് ട്രീറ്റ്‌മെന്റ്; ആദ്യ ടി20യില്‍ ടീം ഇന്ത്യക്ക് 13 റണ്‍സ് പരാജയം
ടി20 ലോകകപ്പ് നേടിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് സിംബാബ്‌വെ വക ഷോക്ക് ട്രീറ്റ്‌മെന്റ്. താരതമ്യേന ജൂനിയര്‍ താരങ്ങളുമായി എത്തിയ ഇന്ത്യന്‍ ടീമിനെ ആദ്യ ടി20യില്‍ തന്നെ സിംബാബ്‌വെ ഞെട്ടിച്ചു. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ 13 റണ്‍സിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ നിരയില്‍ ഓപ്പണറും ക്യാപ്റ്റനുമായ ശുഭ്മാന്‍ ഗില്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. വാഷിങ്ടണ്‍ സുന്ദര്‍ അവസാനം വരെ പോരാടിയെങ്കിലും പിന്തുണയ്ക്കാന്‍ മാറ്റാരെയും ലഭിക്കാതെ വന്നതോടെയാണ് ഇന്ത്യ പരാജയം രുചിച്ചത്.
സിംബാബ്‌വെ ബൗളര്‍മാരെല്ലാം കൃത്യതയോടെ പന്തെറിഞ്ഞയുകയും വിക്കറ്റുകള്‍ നേടുകയും ചെയ്തതോടെയാണ് 116 എന്ന വിജയലക്ഷ്യത്തിലേക്ക് എത്താന്‍ ഇന്ത്യക്ക് സാധിക്കാതിരുന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അഭിഷേക് ശര്‍മ, ഗെയ്ക്‌വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറല്‍ എന്നീ മുന്‍നിര ബാറ്റര്‍മാരൊന്നും രണ്ടക്കം കടന്നില്ല. സിക്കന്ദര്‍ റാസയും ചെന്‍ഡെയ് ചത്താരയും സിംബാബ്‌വെക്കായി മൂന്നു വിക്കറ്റുകൾ വീതം നേടി.
നേരത്തേ, ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 115 റണ്‍സെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവി ബിഷ്‌ണോയ് ആണ് സിംബാബ്‌വെയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്.
29 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ക്ലൈവ് മദാന്‍ദെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മിയെഴ്‌സ് എന്നിവര്‍ 23 റണ്‍സ് വീതവും ഓപ്പണര്‍ വെസ്ലി മധേവേരെ 21 റണ്‍സും നേടി. ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ് എന്നിവര്‍ ട്വന്റി20യില്‍ അരങ്ങേറ്റം കുറിച്ചവരാണ്.