'ഫൈനലില്‍' ഇന്ത്യക്ക് ബാറ്റിങ്; കിരീടം ലക്ഷ്യമിട്ട് ഇരുടീമുകളും
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാം ഏകദിനം നടന്ന അതേ പിച്ചിലാണ് ഇന്നും മത്സരം അരങ്ങേറുന്നത്.
ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അഞ്ചു മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ വിന്‍ഡീസും മൂന്നും നാലും മത്സരങ്ങളില്‍ ഇന്ത്യയും വിജയം നേടിയിരുന്നു. ഇതോടെ 2-2 എന്ന നിലയില്‍ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്.
നാലാം മത്സരത്തില്‍ കളിച്ച ഇലവനില്‍ നിന്നു മാറ്റമില്ലാതെയാണ് ഇരുകൂട്ടരും ഇറങ്ങുന്നത്. ലോഡര്‍ഹില്ലില്‍ നടന്ന നാലാം ടി20 യില്‍ ഒന്‍പത് വിക്കറ്റുകള്‍ക്കാണ് സന്ദര്‍ശകര്‍ ആതിഥേയരെ പരാജയപ്പെടുത്തിയത്. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും(77) യശ്വസി ജെയ്സ്വാളും(84*) വിജയത്തിലേക്ക് നയിച്ചു.
ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 165 റണ്‍സിന്റെ കൂട്ടുകെട്ട് കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് അനുകൂലമാക്കി മാറ്റി. മത്സരം സമനിലയിലേക്ക് തിരിഞ്ഞു. ബൗളര്‍മാരില്‍ അര്‍ഷ്ദീപ് സിങും കുല്‍ദീപ് യാദവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അര്‍ഷ്ദീപ് 38 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോള്‍ കുല്‍ദീപ് 29 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.