ടോസ് ജയിച്ച് രോഹിത് ; അയല്‍പ്പോരില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും

ടോസ് ജയിച്ച് രോഹിത് ; അയല്‍പ്പോരില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും

അവസാന മത്സരത്തില്‍ കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഡെങ്കിപ്പനി മാറി തിരിച്ചെത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ പുറത്തുപോയി
Updated on
1 min read

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ കാത്തിരുന്ന ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. അമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഇരുകൂട്ടരും മൂന്നാം ജയം തേടിയാണ് ഇന്ന് കൊമ്പുകോര്‍ക്കുന്നത്.

ആദ്യ രണ്ടു മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനെയും ശ്രീലങ്കയെയും തോല്‍പിച്ചാണ് പാകിസ്താന്റെ വരവെങ്കില്‍ കരുത്തരായ ഓസ്‌ട്രേലിയയെയും ഇന്ത്യന്‍ പിച്ച് സുപരിചിതരായ അഫ്ഗാനിസ്ഥാനെയും തോല്‍പിച്ചാണ് രോഹിത് ശര്‍മയും കൂട്ടരും ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഡെങ്കിപ്പനി മാറി തിരിച്ചെത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ പുറത്തുപോയി. പാകിസ്താന്‍ ടീമില്‍ മാറ്റമില്ല.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ഇതിനു മുമ്പ് ഏഴുതവണ കൊമ്പുകോര്‍ത്തപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാന ലോകകപ്പില്‍ 89 റണ്‍സിനായിരുന്നു ഇന്ത്യ പാക് പടയെ തുരത്തിയത്. ഇരുകൂട്ടരും ഏറ്റവും ഒടുവില്‍ രാജ്യന്തര തലത്തില്‍ ഏറ്റുമുട്ടിയത് ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലാണ്. അന്ന് 228 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് അഹമ്മദാബാദിലേത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരമാണ് ഇവിടെ നേരത്തെ നടന്നത്. അന്ന് ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സ് എന്ന മികച്ച വിജയലക്ഷ്യം വെറും 36.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നിരുന്നു. 86.2 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 565 റണ്‍സാണ് ആ മത്സരത്തില്‍ ആകെ പിറന്നത്. ഇന്നും സമാനരീതിയിലുള്ള പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in