രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ടോസ് ഇന്ത്യക്ക്, ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചു

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ടോസ് ഇന്ത്യക്ക്, ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചു

നനഞ്ഞ ഔട്ട്ഫീല്‍ഡും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം ഒരു മണിക്കൂറോളം വൈകിയാണ് ടോസിനായി ഇരുക്യാപ്റ്റന്മാരും ഇറങ്ങിയത്.
Updated on
1 min read

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചു. നനഞ്ഞ ഔട്ട്ഫീല്‍ഡും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം ഒരു മണിക്കൂറോളം വൈകിയാണ് ടോസിനായി ഇരുക്യാപ്റ്റന്മാരും ഇറങ്ങിയത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിച്ച അതേ ഇലവനുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ആദ്യ ടെസ്റ്റിലെ ഇലവനില്‍ നിന്നു ബംഗ്ലാദേശ് രണ്ടു മാറ്റങ്ങള്‍ വരുത്തി. പേസര്‍മാരായ നാഹിദ് റാണയെയും ടസ്‌കിന്‍ അഹമ്മദിനെയും ഒഴിവാക്കിയ അവര്‍ പകരം പേസര്‍ ഖാലിദ് അഹമ്മദിനെയും സ്പിന്നര്‍ തയ്ജുള്‍ ഇസ്ലാമിനെയും ഉള്‍പ്പെടുത്തി.

കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. മത്സരത്തിന് മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. കാണ്‍പൂരിലും പരിസരത്തും ഇന്നലെ ശക്തമായ മഴയായിരുന്നു. ഇതേത്തുടര്‍ന്ന് കാണ്‍പൂര്‍ സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ ഔട്ട്ഫീല്‍ഡ് ചെളിയില്‍ കുഴഞ്ഞിരുന്നു. ഇതുകാരണമാണ് ഇന്ന് മത്സരം ആരംഭിക്കാന്‍ ഒരു മണിക്കൂറോളം വൈകിയത്.

രണ്ടു മത്സര പരമ്പരയിലെ ചെന്നൈയില്‍ നടന്ന ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ചെന്നൈയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ബംഗ്ലാദേശിനെ നിഷ്പ്രഭരാക്കിയ ഇന്ത്യ 280 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ബാറ്റിങ്ങില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയും ബൗളിങ്ങില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവിചന്ദ്രന്‍ അശ്വിന്റെ മിന്നുന്ന പ്രകടനമാണ് ചെന്നൈയില്‍ ഇന്ത്യക്ക് തുണയായത്.

logo
The Fourth
www.thefourthnews.in