ഐപിഎല്ലില്‍ അപ്രതീക്ഷിത നേട്ടംകൊയ്ത് ഇന്ത്യൻ താരങ്ങൾ; മലയാളി സാന്നിധ്യം കുറഞ്ഞു

ഐപിഎല്ലില്‍ അപ്രതീക്ഷിത നേട്ടംകൊയ്ത് ഇന്ത്യൻ താരങ്ങൾ; മലയാളി സാന്നിധ്യം കുറഞ്ഞു

എന്നാൽ മലയാളി താരങ്ങളിൽ മൂന്ന് പേർക്ക് മാത്രമാണ് ടീമുകളിൽ ചേക്കേറാൻ സാധിച്ചത്
Updated on
2 min read

ഐപിഎലിന്റെ പതിനാറാം സീസണിന് മുന്നോടിയായി നടന്ന മിനി ലേലം അവസാനിച്ചപ്പോൾ ഇന്ത്യൻ താരങ്ങളിൽ മുന്നിൽ മായങ്ക് അഗർവാൾ. മുകേഷ് കുമാർ, വിവ്രാന്ത് ശർമ്മ, ശിവം മാവി എന്നിവരാണ് അപ്രതീക്ഷിത ലാഭം കൊയ്തത്.

ദക്ഷിണാഫ്രിക്കെതിരായ എകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടി ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച മുകേഷ് കുമാർ ഇന്നും താരമായി. ഇരുപത് ലക്ഷം അടിസ്ഥാന വിലയുമായി ലേലത്തിനെത്തിയ താരത്തിനായി പഞ്ചാബും ഡൽഹിയുമാണ് മത്സരിച്ചത്. ആഭ്യന്തര ലീഗിലെ പ്രകടനം തുണച്ച താരത്തിനെ 5.5 കോടിക്ക് ഡൽഹി ക്യാപിറ്റൽസാണ് സ്വന്തമാക്കിയത്.

വിജയ് ഹസാരെയിൽ ജമ്മു കാശ്മീരിനെ ചരിത്രത്തിൽ ആദ്യമായി നോക്കൗട്ടില്‍ എത്തിച്ച പ്രകടനമാണ് വിവ്രാന്ത് ശർമയെ ഐപി ല്ലിന്റെ വെള്ളിവെളിച്ചത്തിലേക്കെത്തിച്ചത്. 56.42 ശരാശരിയിൽ 395 റൺസ് നേടിയ വിവ്രാന്ത് ജമ്മു കശ്മീരിന്റെ ടൂർണമെന്റിലെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനായിരുന്നു. 124 പന്തിൽ 154 റൺസ് നേടിയ ഇടംകൈ ബാറ്റർ ഉത്തരാഖണ്ഡിനെതിരായ മത്സരത്തിലെ വിജയശില്പിയായിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 2.6 കോടിക്കാണ്‌ സൺ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.

2018 അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ പ്രധാന ഫാസ്റ്റ് ബൗളറായ ശിവം മാവിയുടെ സേവനത്തിനും വാശിയേറിയ ലേലം നടന്നു. കൊൽക്കത്ത വിട്ട താരത്തിനെ മടക്കി കൊണ്ട് വരാൻ കൊൽക്കത്ത ശ്രമിച്ചപ്പോൾ ചെന്നൈ മാവിയെ മഞ്ഞക്കുപ്പായം അണിയിക്കാൻ ശ്രമിച്ചു. എന്നാൽ ഗുജറാത്തും രാജസ്ഥാനും എത്തിയതോടെ മത്സരം അവർ തമ്മിലായി ഒടുവിൽ ആറ് കോടി നൽകി ഗുജറാത്ത് മാവിയുടെ സേവനം ഉറപ്പിച്ചു. 2018 മുതൽ കൊൽക്കത്തൻ താരമായിരുന്നു ശിവം മാവി.

എന്നാൽ മലയാളി താരങ്ങളിൽ മൂന്ന് പേർക്ക് മാത്രമാണ് ടീമുകളിൽ ചേക്കേറാൻ സാധിച്ചത്. പത്ത്‌ താരങ്ങളാണ് അടുത്ത സീസണിലേക്കുള്ള മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്. വിഷ്ണു വിനോദ് മുംബൈ ഇന്ത്യൻസ്, കെ എം ആസിഫ് അബ്ദുൽ ബാസിത് രാജസ്ഥാൻ റോയൽസ് എന്നിവരാണ് ടീമിൽ ഇടം നേടിയത്. അതേസമയം ഐപിഎൽ പരിചയമുള്ള സച്ചിൻ ബേബി, ബേസിൽ തമ്പി, എന്നിവരെയും ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ധീൻ എന്നിവരെയും ടീമുകൾ പരിഗണിച്ചില്ല.

പഞ്ചാബ് വിട്ട ഇന്ത്യൻ ബാറ്റർ മായങ്ക് അഗർവാളാണ് ദേശീയ താരങ്ങളിൽ കൂടുതൽ തുക നേടിയത്. 8.25 കോടി രൂപയ്ക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദാണ് മായങ്കിനെ സ്വന്തമാക്കിയത്. കർണാടക താരം മനീഷ് പാണ്ഡെയെ 2.4 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയപ്പോൾ. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടി പേരെടുത്ത നാരായൺ ജഗദീശനെ 90 ലക്ഷത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചു. മായങ്ക് ദാഗർ 1.80 കോടി സൺ റൈസേഴ്‌സ് ഹൈദരാബാദ്, കെ എസ് ഭരത് 1.20 കോടി ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് നേട്ടം കൊയ്ത മറ്റ് താരങ്ങൾ.

logo
The Fourth
www.thefourthnews.in