ഉജ്ജ്വലം ഓസിസ്; ഇന്ത്യയ്ക്കെതിരായ അവസാന ട്വന്റി20യില്‍ ഏഴ് വിക്കറ്റ് ജയം, പരമ്പര
ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തി 148 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് ഓസിസ് വനിതകള്‍ മറികടന്നത്. ഓസ്ട്രേലിയക്കായി ഓപ്പണർമാരായ എലീസ ഹീലിയും (55) ബെത്ത് മൂണിയും (52) അർധ സെഞ്ചുറികള്‍ നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1ന് ഓസ്ട്രേലിയ സ്വന്തമാക്കി.
148 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്കായി പവർപ്ലെയുടെ അനൂകൂല്യം ക്യാപ്റ്റന്‍ എലീസ ഹീലി പൂർണമായും ഉപയോഗിച്ചു. ഹീലിയുടെ ബാറ്റ് അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ആദ്യ ആറ് ഓവറില്‍ ഓസ്ട്രേലിയയുടെ സ്കോർ 54 റണ്‍സിലെത്തി. 38 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 55 റണ്‍സെടുത്താണ് ഹീലി പുറത്തായത്.
പിന്നീടെത്തിയ തെഹലിയ മഗ്രാത്തിനേയും (20) എലീസെ പെറിയേയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയെങ്കിലും ഓസ്ട്രേലിയ വിജയലക്ഷ്യത്തോട് അടുത്തിരുന്നു. ബെത്ത് മൂണി (52), ഫീബി ലിച്ച്ഫീല്‍ഡ് (17) എന്നിവർ പുറത്താകാതെ നിന്നു. 45 പന്തിലായിരുന്നു മൂണിയുടെ അർധ സെഞ്ചുറി നേട്ടം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ സ്മൃതി മന്ദനയും ഷെഫാലി വെർമയും ചേർന്ന് മികച്ച തുടക്കമായിരുന്നു നല്‍കിയത്. മന്ദനയും (29) ഷെഫാലിയും (26) തിളങ്ങിയെങ്കിലും ജെമീമ റോഡ്രിഗസും (2) ഹർമന്‍പ്രീത് കൗറും (3) പരാജയപ്പെട്ടത് റണ്ണൊഴുക്ക് ഇടിയുന്നതിന് കാരണമായി.
28 പന്തില്‍ 34 റണ്‍സെടുത്ത റിച്ച ഘോഷിന്റെ ഇന്നിങ്സായിരുന്നു ഇന്ത്യന്‍ ഇന്നിങ്സ് 130 കടത്താന്‍ സഹായിച്ചത്. ദീപ്തി ശർമ (14), അമന്‍ജോത് കൗർ (17), പൂജ വസ്ത്രാക്കർ (രണ്ട് പന്തില്‍ 7) എന്നിവരുടെ സംഭാവനകള്‍ സ്കോർ 147ലെത്തിച്ചു.
ഓസിസിനായി അന്നബെല്‍ സതർലാന്‍ഡും ജോർജിയ വെയർഹാമും രണ്ട് വിക്കറ്റ് വീതം നേടി. ആഷ്‌ലി ഗാർഡനറും മേഗന്‍ ഷൂട്ടും ഓരൊ വിക്കറ്റ് വീതവും സ്വന്തമാക്കി.