പരുക്ക്; ജസ്പ്രീത് ബുംറ ഇക്കുറി ഐപിഎല്ലിനില്ല

പരുക്ക്; ജസ്പ്രീത് ബുംറ ഇക്കുറി ഐപിഎല്ലിനില്ല

നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുംറയ്ക്ക് 2023 ഐപിഎല്‍ സീസണിന് പുറമേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാകും.
Updated on
1 min read

പരുക്കിനെത്തുടര്‍ന്ന് ക്രിക്കറ്റ് കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ 2023 ഐപിഎല്ലില്‍ കളിക്കില്ല. പുറത്തേറ്റ പരുക്കില്‍ നിന്ന് മുക്തനാകാന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നതിനാലാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനായി കളിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താരം തീരുമാനിച്ചത്.

നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുംറയ്ക്ക് 2023 ഐപിഎല്‍ സീസണിന് പുറമേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാകും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് ബുംറയുടെ അസാന്നിദ്ധ്യം അത്ര കാര്യമായി ബാധിക്കില്ലെങ്കിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഇത് കനത്ത തിരിച്ചടിയാണ്.

ബുംറയ്ക്ക് പകരം അതേ നിലവാരത്തിലുള്ള ഒരു പേസറെ കണ്ടെത്തുകയെന്നത് മുംബൈയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇക്കുറി ബുംറയും ഇംഗ്ലീഷ് താരം ജൊഫ്ര ആര്‍ച്ചറും ചേര്‍ന്ന് മുംബൈ പേസ് ബൗളിങ്ങിനെ നയിക്കുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

2022 സെപ്റ്റംബറില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി 20 മത്സരത്തിലാണ് ബുംറ അവസാനമായി കളിച്ചത്. അതിന് ശേഷം തുടര്‍ച്ചയായ അഞ്ച് മാസത്തോളമായി താരം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഈ വര്‍ഷം ഒക്‌ടോബറില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ബുംറയുടെ ഫിറ്റ്‌നെസിന് കാര്യമായ പരിഗണനയാണ് ബിസിസിഐ നല്‍കുന്നത്.

ഇപ്പോള്‍ നടന്നുവരുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളില്‍ കളിച്ച് താരം തിരിച്ചുവരമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരുക്കിന് വിദഗ്ധ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ച ദേശീയ ക്രിക്കറ്റ് അക്കാദമി ബുംറയുടെ തിരിച്ചുവരവിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബുംറ തീരുമാനമെടുത്തത്.

logo
The Fourth
www.thefourthnews.in