പിച്ചിലെ പണക്കിലുക്കം; വരവു ചെലവ് എങ്ങനെ? ഒരന്വേഷണം

പിച്ചിലെ പണക്കിലുക്കം; വരവു ചെലവ് എങ്ങനെ? ഒരന്വേഷണം

ഇന്ത്യന്‍ ടീം കേരളം വിട്ട് ഹൈദരബാദിലേക്കും ശ്രീലങ്കന്‍ ടീം ഇന്ത്യ വിട്ട് സ്വന്തം നാട്ടിലേക്കും വിമാനം കയറിയിട്ടും ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഉയര്‍ന്ന വിവാദക്കൊടുങ്കാറ്റ് അടങ്ങിയിട്ടില്ല.
Updated on
5 min read

സൂപ്പര്‍താരങ്ങള്‍ കളത്തിലിറങ്ങിയിട്ടും, റെക്കോര്‍ഡുകള്‍ പിറന്നിട്ടും തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തെ വാര്‍ത്തകളില്‍ നിറച്ചത് വിവാദങ്ങളായിരുന്നു. ഇന്ത്യന്‍ ടീം കേരളം വിട്ട് ഹൈദരബാദിലേക്കും, ശ്രീലങ്കന്‍ ടീം ഇന്ത്യ വിട്ട് സ്വന്തം നാട്ടിലേക്കും വിമാനം കയറിയിട്ടും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉയര്‍ന്ന വിവാദക്കൊടുങ്കാറ്റ് അടങ്ങിയിട്ടില്ല. ബുധനാഴ്ച ഹൈദരാബാദ് ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞപ്പോള്‍ ഇന്ത്യയൊട്ടാകെ ചര്‍ച്ചയായത് ഗ്രീന്‍ഫീല്‍ഡിലെ ഒഴിഞ്ഞ ഗ്യാലറിയാണ്.

കായിക മന്ത്രി വി അബ്ദു റഹിമാന്‍ പൊട്ടിച്ച വിവാദ വെടിയാണ് കാര്യവട്ടത്തെ കളി കാര്യമാക്കിയത്. ഒരു രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരത്തിനു ആതിഥ്യം വഹിക്കുന്നതിലൂടെ ലഭിക്കുന്ന തുക കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഒറ്റയ്ക്കു വിഴുങ്ങുകയാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഇതിനു പിന്നാലെ കളി കാണാനുള്ള ടിക്കറ്റിന്റെ വിനോദ നികുതി സര്‍ക്കാര്‍ കൂട്ടിയതിനോട് 'പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ട' എന്ന വിവാദ പരാമര്‍ശവും വിവാദമായി.

അതോടെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം മത്സരം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഉയരുകയും ആരാധകര്‍ കാര്യവട്ടത്തുനിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തു. ഒഴിഞ്ഞ ഗ്യാലറിക്കു മുന്നില്‍ നടന്ന മത്സരത്തെക്കുറിച്ച് ഇന്ത്യന്‍ മുന്‍ താരം യുവ്‌രാജ് സിങ് അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തതോടെ സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയായി. സര്‍ക്കാരിന്റെ സഖ്യകക്ഷികളില്‍ നിന്നടക്കം വിമര്‍ശനം നേരിട്ടതോടെ പ്രസ്താവനയില്‍ വിശദീകരണവുമായി രംഗത്തെത്തിയ മന്ത്രി കേരളാ ക്രിക്കറ്റ് അസോസിയേഷനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമിച്ചത്.

സ്റ്റേഡിയം സൗജന്യമായി അനുവദിച്ചിട്ടും കളി സുഗമമായി നടക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ എല്ലാം ഏകോപിപ്പിച്ചു നല്‍കിയിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാതെ കടുംപിടുത്തം പിടിച്ച കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നിലപാടാണ് മത്സരത്തിന് കാണികള്‍ എത്താതിരിക്കാന്‍ കാരണമെന്നായിരുന്നു കായിക മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി കളിനടത്തുന്നവര്‍ വരുമാനത്തിന്റെ ചെറിയ ഒരു ഭാഗംപോലും സംസ്ഥാനത്തെ കായിക വികസനത്തിന് ഉപയോഗിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍ മന്ത്രി ഉന്നയിച്ച ആക്ഷേപങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ട്? കണക്കുകളും രേഖകളും പറയുന്നത് വ്യത്യസ്തമായ കഥകളാണ്. ഇവിടെ പ്രതിയാര് ഇരയാര്- ദ ഫോര്‍ത്ത് ന്യൂസ് അന്വേഷിക്കുന്നു.

വിനോദനികുതിയിലെ വിനോദം

നിയമപ്രകാരം കാര്യവട്ടത്ത് എന്നല്ല സംസ്ഥാനത്ത് എവിടെയും ഇത്തരത്തില്‍ ഒരു മത്സരം നടത്തുമ്പോള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദനികുതി ഇനത്തില്‍ 24 മുതല്‍ 48 ശതമാനം വരെ നികുതി നല്‍കേണ്ടതാണ്. ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ നടത്തിപ്പിന് തിരുവനനതപുരം കോര്‍പറേഷന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനോടു ആവശ്യപ്പെട്ടതും അത്രതന്നെ തുകയാണ്.

കെസിഎ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ നികുതിയില്‍ ഇളവ് വരുത്തി 12 ശതമാനമാക്കി കുറച്ചുവെന്നതും ശരിയായ കാര്യമാണ്. അതില്‍ക്കൂടുതല്‍ കുറയ്ക്കാന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇക്കാര്യം കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാര്‍ ഫോര്‍ത്ത് ന്യൂസിനോടു സാക്ഷ്യപ്പെടുത്തി.

എന്നാല്‍ ഇതിലെ വസ്തുതയെന്തെന്നാല്‍ ഇത്ര നികുതി പിരിച്ചിട്ടു പോലും അത് മാലിന്യനിര്‍മാര്‍ജ്ജനത്തിനു പോലും തികയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കെസിഎയില്‍ നിന്നു കൂടുതല്‍ പണം പിരിക്കുകയാണ് സര്‍ക്കാരും കോര്‍പറേഷനും ചെയ്യുന്നത് എന്നതാണ്.

പ്രത്യേക ഏജന്‍സിക്ക് കരാര്‍ നല്‍കി മത്സരത്തലേന്നും മത്സരത്തിനു ശേഷവുമായി കെ.സി.എ. തന്നെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പടെയുള്ളവയുടെ നിര്‍മാര്‍ജ്ജനത്തിന് കോര്‍പറേഷന്‍ വീണ്ടും ലക്ഷങ്ങളാണ് കെസിഎയില്‍ നിന്നു ഈടാക്കുന്നത്. ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിന് മാലിന്യ ശേഖരണവും നിര്‍മാര്‍ജ്ജനവുമടക്കമുള്ള കാര്യം കെസിഎ. തന്നെ നിര്‍വഹിച്ചതിനാല്‍ പ്രത്യേക പണപ്പിരിവ് ഉണ്ടായില്ല. എന്നാല്‍ അതിനു മൂന്നു മാസം മുമ്പ് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനു ശേഷം മാലിന്യ നിര്‍മാര്‍ജ്ജനത്തിനു മാത്രമായി ആറു ലക്ഷം രൂപയാണ് കെസിഎയില്‍ നിന്ന് കോര്‍പറേഷന്‍ ഈടാക്കിയതെന്നു കെസിഎ. സെക്രട്ടറി പറഞ്ഞു.

ബള്‍ബിനു പോലും പതിനായിരങ്ങള്‍

വിവാദങ്ങളെത്തുടര്‍ന്ന് മന്ത്രി നല്‍കിയ വിശദീകരണത്തിലെ ഏറ്റവും കാതലായ ആരോപണം മറ്റൊന്നായിരുന്നു. ''സ്‌റ്റേഡിയം സൗജന്യമായി നല്‍കിയിട്ടും, അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ കെ.സി.എ. തയാറായില്ല'' എന്നത്.

തിരുവനന്തപുരത്ത് രാജ്യാന്തര ക്രിക്കറ്റിനു വേദിയാകുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം സത്യത്തില്‍ കെസിഎയുടേതോ സംസ്ഥാന സര്‍ക്കാരിന്റെയോ ഉടമസ്ഥതയിലുള്ളതല്ല. ഡിബിഒടി. രീതിയില്‍ ഐഎല്‍ ആന്‍ഡ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷനാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഈ മള്‍ട്ടിപര്‍പ്പസ് സ്‌റ്റേഡിയം നിര്‍മിച്ചത്. രാജ്യത്ത് ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട ആദ്യ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയമാണിതെന്ന പ്രത്യേകതയുമുണ്ട്.

ഡിബിഒടി നിര്‍മാണ രീതി പ്രകാരം നിര്‍മാണച്ചിലവ് ഈടാക്കാന്‍ ഐഎല്‍. ആന്‍ഡ് എഫ്എസിന് 15 വര്‍ഷത്തെ കാലാവധിയാണ് അനുവദിച്ചിരുന്നത്. ഈ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 94 ലക്ഷം രൂപ വീതം കമ്പനിക്കു നല്‍കണം. ആ കാലയളവില്‍ സ്‌റ്റേഡിയത്തിന്റെയും സ്‌റ്റേഡിയം കോംപ്ലക്‌സിന്റെയും മുഴുവന്‍ മെയിന്റനന്‍സും കമ്പനിയാണ് നിര്‍വഹിക്കേണ്ടതെന്ന കരാറും നിലവിലുണ്ടായിരുന്നു.

ഈ കമ്പനിയില്‍ നിന്നാണ് കെസിഎ. സ്‌റ്റേഡിയം ലീസിനെടുക്കുന്നത്. ലീസ് കരാറില്‍ സ്‌റ്റേഡിയത്തിലെ പിച്ചിന്റെ മെയിന്റനസ് മാത്രമായിരുന്നു കെസിഎയുടെ ഉത്തരവാദിത്തത്തിലുണ്ടായിരുന്നത്. പിച്ചും ഗ്രൗണ്ടും മാത്രം നോക്കി നടത്തുക എന്ന ചുമതലമാത്രം. അത് കെസിഎ. കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു പോന്നു. വര്‍ഷത്തില്‍ 180 ദിവസത്തെ ക്രിക്കറ്റിനു വേണ്ടി പ്രതിദിനം 4000 രൂപയ്ക്കാണ് കെസിഎ കരാര്‍ ഒപ്പിട്ടത്.

പിന്നീട് ഐഎല്‍ ആന്‍ഡ് എഫ്എസ് കമ്പനി നഷ്ടത്തിലാകുകയും സ്‌റ്റേഡിയം കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) എ്ന്ന കമ്പനിയുടെ കീഴിലായതോടെയുമാണ് കാര്യങ്ങള്‍ താളം തെറ്റിയത്. സ്‌റ്റേഡിയം കൃത്യമായി പരിപാലിക്കാന്‍ കെഎസ്എഫ്എല്‍. പരാജയപ്പെട്ടതോടെ ഇവിടെ മത്സരങ്ങള്‍ നടത്താന്‍ കെസിഎ. സ്വന്തം കൈയില്‍ നിന്നു പണം മുടക്കേണ്ട അവസ്ഥയായി.

കോവിഡിനു ശേഷം. കേരളത്തിലേക്ക് ആദ്യമായി ക്രിക്കറ്റ് വന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ആ മത്സരത്തിന് സ്‌റ്റേഡിയം ഒരുക്കാന്‍ ബജറ്റിനു പുറത്തുനിന്ന് 12 ലക്ഷത്തോളം രൂപ കെ.സി.എയ്ക്ക് കണ്ടെത്തേണ്ടി വന്നു. സ്‌റ്റേഡിയം കൃത്യമായി പരിപാലിക്കപ്പെടാതെ കിടന്നതാണ് കാരണം.

ഉദാഹരണത്തിന് സ്‌റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് തന്നെയെടുക്കാം. രണ്ടു വര്‍ഷത്തോളം പരിപാലനമില്ലാതിരുന്ന സ്‌റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റിന്റെ ബള്‍ബുകള്‍ എല്ലാം തന്നെ മാറ്റി സ്ഥാപിക്കേണ്ടി വന്നു. ഒരു ബള്‍ബിന് 24,000 രൂപയോളമാണ് വില. എട്ട് ഫ്‌ളഡ് ലൈറ്റുകളിലായി 480 ഓളം ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നു.

മഴയുംവെയിലുമേറ്റ് കൃത്യമായ പരിപാലനമില്ലാതെ കിടന്ന ലൈറ്റുകള്‍ മത്സരത്തിനിടെ അണയുമെന്ന ഭീതിയില്‍ അത്രതന്നെ ബള്‍ബുകള്‍ കരുതലായി വാങ്ങി സൂക്ഷിക്കേണ്ടിയും വന്നു. ചിലവ് ഏകദേശം ഒരു കോടി 10.5 ലക്ഷം.

ഇതിനു പുറമേയാണ് പവലിയന്റെയും ഡ്രെസിങ് റൂമിന്റെയും തേര്‍ഡ അമ്പയര്‍ അടക്കമുള്ളവരുടെ മുറികളുടെയും ഗ്ലാസ് വാതിലുകളും മറ്റും ശരിയാക്കിയെടുക്കാന്‍ ചിലവിട്ട 5.5 ലക്ഷം. പിച്ചൊരുക്കലിന്റെയും മറ്റും ചിലവുകള്‍ വേറെ. കരാര്‍ പ്രകാരം പിച്ചിന്റെ മാത്രം ചുമതലയുള്ള കെ.സി.എ. ഒരു ട്വന്റി 20 ക്രിക്കറ്റ് മത്സര നടത്തിപ്പിനു വേണ്ടി മാത്രം സ്വന്തം കീശയില്‍ നിന്നു ചിലവാക്കിയ പണമാണിത്.

പണംപിരിച്ചു നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങള്‍

മന്ത്രിയുടെ മറ്റൊരാരോപണം സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങള്‍ളും സൗജന്യമായി ഒരുക്കി നല്‍കിയിട്ടും കെ.സി.എ. നിര്‍ബന്ധ ബുദ്ധി കാണിക്കുന്നുവെന്നതാണ്. സംസ്ഥാനത്ത് കായിക മത്സരങ്ങളില്‍ ക്രിക്കറ്റിന് മാത്രമാണ് നിലവില്‍ വിനോദ നികുതി ഈടാക്കുന്നത്. സിനിമയ്ക്ക് 100 രൂപയില്‍ താഴെയുള്ള ടിക്കറ്റിന് 5%, അതിനു മുകളില്‍ 8.5% എന്നിങ്ങനെയാണ് വിനോദ നികുതി.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിന് വിനോദനികുതി അഞ്ചു ശതമാനമായിരുന്നു. ഈടാക്കിയത്. 22.32 ലക്ഷം രൂപ. ഇക്കുറി അത് 12 ശതമാനമായിരുന്നു. എന്നാല്‍ ഇത്ര കണ്ട് നികുതി പിരിച്ചിട്ടും മാലിന്യ നിര്‍മാര്‍ജ്ജനത്തിനു പോലും കെ.സി.എയുടെ പക്കല്‍ നിന്ന് പണം പിരിക്കുകയാണ് സര്‍ക്കാരും കോര്‍പറേഷനും ചെയ്യുന്നത്. സ്റ്റേഡിയത്തിലെ ശുചീകരണവും മാലിന്യ ശേഖരണവുമെല്ലാം പ്രത്യേക ഏജന്‍സിയെ നിയോഗിച്ച് നടത്തുന്ന കെ.സി.എയാണ്. അങ്ങനെ ശേഖരിക്കുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടി മാത്രമാണ് കോര്‍പറേഷന്‍ പണംപിരിക്കുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനു മാത്രം ഇതിനായി ആറു ലക്ഷം രൂപയാണ് കോര്‍പറേഷന്‍ കെസിഎയില്‍ നിന്ന് ഈടാക്കിയത്. ഇക്കഴിഞ്ഞ ഇന്ത്യ-ശ്രീലങ്ക മത്സരത്തിന് നിര്‍മാര്‍ജ്ജനം കൂടി കെ.സി.എ. സ്വയം ചെയ്തതോടെ പണമടയ്‌ക്കേണ്ടി വന്നില്ല.

ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ ക്രമസമാധാന പാലനം, ഗതാഗത സൗകര്യം, മാലിന്യ നിര്‍മാര്‍ജനം, വൈദ്യുതി- ജല വിതരണം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കാനും വന്‍ തുകയാണു സര്‍ക്കാര്‍ ഈടാക്കുന്നത്. പോലീസ്, ഫയര്‍ ഫോഴ്‌സ് സേവനങ്ങള്‍ക്ക് സേനാംഗങ്ങളുടെയും യൂണിറ്റിന്റെയും എണ്ണത്തിന് അനുസരിച്ച് സര്‍ക്കാര്‍ കെ.സി.എയില്‍ നിന്നു പണം ഈടാക്കുന്നുണ്ട്. ഇക്കഴഇഞ്ഞ രണ്ടു മത്സരങ്ങള്‍ക്കും ഈ കാര്യങ്ങള്‍ക്കുള്ള ബില്‍ ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

പണം നല്‍കി ഇവരെ സേവനത്തിനു കൊണ്ടുവന്നാലും ഡ്യൂട്ടിക്ക് എത്തുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും കെ.സി.എ. ഒരുക്കണം. സ്റ്റേഡിയത്തിലേക്കു വേണ്ട വെള്ളം ജല അതോറിറ്റിക്ക് പണം നല്‍കി വാങ്ങണം. മത്സരദിനവും അതിനു മുമ്പുള്ള പരിശീലന ദിനങ്ങളിലും ജനറേറ്റര്‍ ഉപയോഗിച്ചാണ് സ്റ്റേഡിയം മുഴുവന്‍ വൈദ്യുതി ലഭ്യമാക്കുന്നത്. കെ.എസ്.ഇ.ബിയെ ആശ്രയിക്കുന്നില്ല, സൗജന്യ വൈദ്യുതി ലഭിക്കുന്നില്ല എന്നര്‍ഥം. ഇവിടെ കെ.സി.എയ്ക്ക് എന്തു സൗജന്യമാണ് ലഭിക്കുന്നത്?

ടിക്കറ്റ് നിരക്കിലെ കളികള്‍

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് കെ.സി.എ. സ്വന്തം കീശ വീര്‍പ്പിക്കുകയാണ് എന്നാണ് മന്ത്രി ഉന്നയിച്ച മറ്റൊരു ആരോപണം. ഇക്കഴിഞ്ഞ മത്സരത്തിന് ഗാലറിയിലെ മുകള്‍ തട്ടില്‍ 1000 രൂപയും താഴെത്തട്ടില്‍ 2000 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്.

എന്നാല്‍ ഈ വരുമാനം മുഴുവന്‍ കെ.സി.എയ്ക്കു ലഭിക്കുന്നതല്ല. സ്‌റ്റേഡിയം ലീസിനെടുത്ത കരാര്‍ പ്രകാരം ഗേറ്റ് കളക്ഷന്റെ 15 ശതമാനം കെ.സി.എ. സ്‌റ്റേഡിയം ഉടമകളായ കെ.എസ്.എല്ലിന് നല്‍കുകയാണ് ചെയ്യുന്നത്. കൂടാതെ ടീമുകളുടെ പരിശീലന ദിവസങ്ങളില്‍ 1.5 ലക്ഷം രൂപ ഫീസുമുണ്ട്. അതിനും പുറമേ 300 കോംപ്ലിമെന്ററി ടിക്കറ്റുകളും നല്‍കണം.

ടിക്കറ്റ് വില്‍പനയിലൂടെയും സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളിലൂടെയും വരുമാനം മാത്രമാണ് ഒരു മത്സരം നടത്തുമ്പോള്‍ കെ.സി.എയ്ക്ക് ലഭിക്കുന്നത്. മത്സരങ്ങളുടെ ടിവി സംപ്രേഷണ വരുമാനമാണ് ബിസിസിഐയ്ക്കുള്ളത്. ഇതില്‍ നിന്നാണ് ഈ തുക കെ.സി.എ. അടയ്ക്കുന്നത്. ഇതിനും പുറമേയാണ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയം ഒരുക്കുന്നതിന്റെ ചിലവും കെ.സി.എ. വഹിക്കുന്നത്. ചുരുക്കത്തില്‍ അസോസിയേഷന് നഷ്ടക്കച്ചവടമാണ്.

ലാഭനഷ്ടക്കണക്ക്

ആളുകയറാതെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനമത്സരത്തിന്റെ ലാഭനഷ്ടക്കണക്ക് പരിശോധിച്ചാല്‍ കൈപൊള്ളിയിരിക്കുന്നത് കെ.സി.എയ്ക്കാണ്. 38,000 പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തില്‍ വിവാദങ്ങളെത്തുടര്‍ന്ന് ഇക്കുറി 7201 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാനായത്. ഇതിനു പുറമേ സ്‌റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ച പരസ്യങ്ങളില്‍ നിന്നുമെല്ലാം കൂടി ഏകദേശം 94 ലക്ഷം രൂപ മാത്രമാണ് വരുമാനമായി കെ.സി.എയ്ക്ക് ഇന്ത്യ-ശ്രീലങ്ക മത്സരത്തിനായി ലഭിച്ചത്. നികുതിയും മറ്റ് അവശ്യ കാര്യങ്ങള്‍ക്കുമെല്ലാമായി ചിലവയാത് മൂന്നു കോടി 65 ലക്ഷത്തിലേറെ രൂപയും.

കെസിഎ. എന്തു ചെയ്തു? മന്ത്രിയുടെ ചോദ്യത്തിന് ഉത്തരം നാളെ...

logo
The Fourth
www.thefourthnews.in