ഒളിംപിക്‌സില്‍ ഇനി ക്രിക്കറ്റും; മത്സരയിനമാകുന്നത് 128 വര്‍ഷത്തിനു ശേഷം; അഞ്ച് പുതിയ കായികയിനങ്ങള്‍ 2028  ഒളിംപിക്‌സില്‍

ഒളിംപിക്‌സില്‍ ഇനി ക്രിക്കറ്റും; മത്സരയിനമാകുന്നത് 128 വര്‍ഷത്തിനു ശേഷം; അഞ്ച് പുതിയ കായികയിനങ്ങള്‍ 2028 ഒളിംപിക്‌സില്‍

1900ത്തിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഇടംപിടിക്കുന്നത്
Updated on
1 min read

ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സരയിനമാക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി രാജ്യാന്തര ഒളിംപിക് സമിതി. 2028 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സിലാണ് 20-20 ഫോര്‍മാറ്റിലുള്ള ക്രിക്കറ്റ് അടക്കം അഞ്ചു കായികയിനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ മുംബൈയില്‍ ചേര്‍ന്ന ഒളിംപിക് സമിതി തീരുമാനിച്ചത്. 1900ത്തിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഇടംപിടിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ആറു ടീമുകള്‍ വീതം ആകും ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ മത്സരിക്കുക.

ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) എക്സിക്യൂട്ടീവ് ബോര്‍ഡ് കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിരുന്നു. ക്രിക്കറ്റിനു പുറമേ ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, ലാക്രോസ്, സ്‌ക്വാഷ് എന്നിവയും 2028 ഒളിംപിക്‌സില്‍ മത്സരയിനമാകും.

2028ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ക്രിക്കറ്റും മറ്റ് നാല് കായിക ഇനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത് അമേരിക്കന്‍ കായിക സംസ്‌കാരത്തിന് പുത്തനുണര്‍വ് നല്‍കുമെന്നും പുതിയ കായികതാരങ്ങളുമായും ആരാധക സമൂഹങ്ങളുമായും ഇടപഴകുന്നതിന് ഒളിമ്പിക് സമൂഹത്തിന് കഴിയുമെന്നും ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു. ക്രിക്കറ്റിന്റെ, പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി തള്ളിക്കളയാനാകില്ലെന്നും ബാച്ച് വ്യക്തമാക്കി.

ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തന്നതോടെ ഗെയിംസിന്റെ സംപ്രേക്ഷണാവകാശത്തിന്റെ മൂല്യം 100 മില്യണിലധികം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in