250-ാം മത്സരം, 300-ാം ഇര; ഒരൊറ്റ പേര്, മഹേന്ദ്ര സിങ് ധോണി!

250-ാം മത്സരം, 300-ാം ഇര; ഒരൊറ്റ പേര്, മഹേന്ദ്ര സിങ് ധോണി!

കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ച് കളത്തിലിറങ്ങിയ ധോണിക്ക് ഇത് 250-ാം മത്സരമായിരുന്നു.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി. ഐ.പി.എല്ലില്‍ 250 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് ധോണി ഇന്നു സ്വന്തമാക്കിയത്. ഐപിഎല്‍ 2023-ന്റെ കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ച് കളത്തിലിറങ്ങിയ ധോണിക്ക് ഇത് 250-ാം മത്സരമായിരുന്നു.

ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡ് നേരത്തെ തന്നെ ധോണിയുടെ പേരിലാണ്. ഇക്കാര്യത്തില്‍ ആദ്യ പത്തില്‍ എല്ലാം ഇന്ത്യന്‍ താരങ്ങളാണ്. 243 മത്സരങ്ങള്‍ കളിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ ധോണിക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്.

ദിനേഷ് കാര്‍ത്തിക്(242), വിരാട് കോഹ്ലി(237), രവീന്ദ്ര ജഡേജ(22), ശിഖര്‍ ധവാന്‍(217), സുരേഷ് റെയ്‌ന(205), റോബിന്‍ ഉത്തപ്പ(205), അമ്പാട്ടി റായിഡു(204), രവിചന്ദ്രന്‍ അശ്വിന്‍(197), എന്നിവരാണ് ഈ പട്ടികയില്‍ ആദ്യ പത്തിലുള്ളത്. 189 മത്സരങ്ങള്‍ കളിച്ച കീറോണ്‍ പൊള്ളാര്‍ഡാണ് പതിനൊന്നാമന്‍. ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരം കളിച്ച വിദേശ താരമെന്ന റെക്കോഡും പൊള്ളാര്‍ഡിന്റെ പേരിലാണ്.

250-ാം മത്സരം കളിച്ച ധോണി മറ്റൊരു നേട്ടവും ഇന്നു സ്വന്തമാക്കി. ട്വന്റി20 ക്രിക്കറ്റില്‍ 300 പുറത്താക്കലുകള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടവും ധോണി ഇന്നു സ്വന്തമാക്കി. രവീന്ദ്ര ജഡേജ എറിഞ്ഞ ഗുജറാത്ത് ഇന്നിങ്‌സിന്റെ ഏഴാം ഓവറിന്റെ അവസാന പന്തില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ സ്റ്റംപ് ചെയ്തു പുറത്താക്കിയാണ് ധോണി 300 ഇരകളെന്ന നേട്ടം സ്വന്തമാക്കിയത്.

logo
The Fourth
www.thefourthnews.in