അർജുൻ തെണ്ടുൽക്കർക്ക് ഐപിഎൽ അരങ്ങേറ്റം; വനിതാ ടീം ജേഴ്സിയിൽ കളത്തിലിറങ്ങി മുംബൈ
മുംബൈ ഇന്ത്യൻസ് ടീം

അർജുൻ തെണ്ടുൽക്കർക്ക് ഐപിഎൽ അരങ്ങേറ്റം; വനിതാ ടീം ജേഴ്സിയിൽ കളത്തിലിറങ്ങി മുംബൈ

രോഹിത് ശർമയ്ക്ക് പകരം സൂര്യകുമാർ യാദവാണ് ഇന്ന് ടീമിനെ നയിക്കുക
Updated on
1 min read

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർക്ക് ഇന്ന് ഐപിഎൽ അരങ്ങേറ്റം. വാങ്കഡെയിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ പ്ലേയിങ് ഇലവലിൽ അർജുനുമുണ്ട്. ഉദരസംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് പ്ലേയിങ് ഇലവലിൽ ഇല്ലാത്ത രോഹിത് ശര്‍മയ്ക്ക പകരമാണ് അർജുൻ എത്തുന്നത്. വനിതാ ടീമിന്റെ ജേഴ്‌സിയുമാണ് മുംബൈ ഇന്ത്യൻസ് താരങ്ങൾ കളത്തിലിറങ്ങുന്നത് എന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്.

രോഹിത് ശർമയ്ക്ക് പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. ഇംപാക്ട് പ്ലെയറായി രോഹിത് ടീമിലുണ്ട്. വനിതാ പ്രീമിയര്‍ ലീഗില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് ടീമണിഞ്ഞ അതേ ഡിസൈനിലുള്ള ജേഴ്‌സിയാണ് ടോസിനെത്തിയ സൂര്യകുമാർ ധരിച്ചത്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ്ങ് തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ സീസൺ മുതൽ ടീമിലുള്ള അര്‍ജുന്റെ ഐപിഎല്‍ അരങ്ങേറ്റ മത്സരമാണ് ഇത്. ആദ്യ ഓവറിൽ പന്തെറിഞ്ഞതും അർജുനാണ്.

മുംബൈ ഇന്ത്യൻസ് ഉടമ നിതാ അംബാനിയുടെ നേതൃത്വത്തിലുള്ള റിയലന്‍സ് ഫൗണ്ടേഷന്റെ സംരംഭമായ ഇഎസ്എ (എല്ലാവര്‍ക്കും വിദ്യാഭ്യാസവും കായികവും) ദിനത്തോടനുബന്ധിച്ചാണ് ജേഴ്സിയിലെ പരീക്ഷണം. മുംബൈ താരം തിലക് വര്‍മ വനിതാ ക്രിക്കറ്റ് ജേഴ്‌സിയുമായി നില്‍ക്കുന്ന ട്വീറ്റിലൂടെയാണ് ടീം ഇക്കാര്യം അറിയിച്ചത്. കായിക മേഖലയില്‍ സ്ത്രീകള്‍ക്കും തുല്യപ്രാധാന്യം എന്ന സന്ദേശത്തോടെയാണ് റിയലന്‍സ് ഫൗണ്ടേഷന്‍ ഈ ദിവസം ഇങ്ങനെ ഒരു അവസരം ഒരുക്കിയത്. ''ഈ വര്‍ഷത്തെ ഇഎസ്എ ദിനം ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു'' എന്നാണ് നിതാ അംബാനി അറിയിച്ചത്. വനിതാ പ്രീമിയർ ലീഗിന്‍റെ ആദ്യ പതിപ്പില്‍ മുംബൈ ഇന്ത്യൻസ് ആയിരുന്നു കിരീടം ചൂടിയത്.

ഇഎസ്എ ദിനത്തിന്റെ ഭാഗമായി ഇന്ന് വാങ്കഡെസ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടം കാണാനായി 36 എന്‍ജിഒകളില്‍ നിന്നായി 19,000 പെണ്‍കുട്ടികളാണ് സ്റ്റേഡിയത്തിലെത്തിയത്. ഇവരെ കൂടാതെ വിഭിന്നശേഷിയുള്ള 200 പെണ്‍കുട്ടികളും മുംബൈയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. കായികരംഗത്ത് വലിയ പ്രചോദനമാകുന്ന ഈ തീരുമാനത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ട് ഒട്ടേറെപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in