എറിഞ്ഞുപിടിച്ചു; ലോ സ്‌കോര്‍ ത്രില്ലറിനൊടുവില്‍ 'റോയല്‍' ചലഞ്ചേഴ്‌സ്
ബാറ്റര്‍മാര്‍ക്കു പകരം ബൗളര്‍മാര്‍ ത്രില്ലറൊരുക്കിയ മത്സരത്തില്‍ കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. കാണ്‍പൂരില്‍ ഇന്നു മഴയുടെ ഇടപെടലുണ്ടായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലുര്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 127 എന്ന ലക്ഷ്യം തേടിയിറങ്ങിയ ലഖ്‌നൗവിന് 108 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 18 റണ്‍സിന്റെ ത്രില്ലിങ് ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലുര്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 127 എന്ന ലക്ഷ്യം തേടിയിറങ്ങിയ ലഖ്‌നൗവിന് 108 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
പരുക്കേറ്റ നായകന്‍ കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ ലഖ്‌നൗ ബാറ്റിങ് നിര അമ്പേ തകരുകയായിരുന്നു. 13 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 23 റണ്‍സ് നേടിയ കൃഷ്ണപ്പ ഗൗതത്തിനു മാത്രമാണ് ലഖ്‌നൗ നിരയില്‍ പിടിച്ചു നില്‍ക്കാനായത്.
അമിത് മിശ്ര(19), ക്രുണാല്‍ പാണ്ഡ്യ(14), മാര്‍ക്കസ് സ്‌റ്റോയ്‌നിസ്(13), നവീന്‍ ഉള്‍ഹഖ്(13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ആര്‍.സി.ബി. താരങ്ങള്‍. ഓപ്പണര്‍ കൈല്‍ മേയഴ്‌സ്(0), മധ്യനിര താരങ്ങളായ ആയുഷ് ബദോനി(4), ദീപക് ഹൂഡ(1), നിക്കോളാസ് പൂരന്‍(9) എന്നിവര്‍ നിരാശപ്പെടുത്തിയത് അവര്‍ക്കു തിരിച്ചടിയായി. പരുക്ക് വകവയ്ക്കാതെ അവസാന ബാറ്ററായി രാഹുല്‍ ക്രീസില്‍ എത്തിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
നാലോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മയും മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസില്‍വുഡുമാണ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഓരോ വിക്കറ്റുകളുമായി മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, വനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മികച്ച പിന്തുണ നല്‍കി.
നേരത്തെ മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ച മീഡിയം പേസര്‍ നവീന്‍ ഉള്‍ ഹഖും സ്പിന്നര്‍മാരായ രവി ബിഷ്ണോയ്, അമിത് മിശ്ര എന്നിവരും ചേര്‍ന്നാണ് ബാംഗ്ലൂരിനെ എറിഞ്ഞു വീഴ്ത്തിയത്. നാലോവറില്‍ വെറും 30 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ നവീനാണ് കൂട്ടത്തില്‍ കേമന്‍.
നാലോവറില്‍ 21 റണ്‍സ് വഴങ്ങി ബിഷ്ണോയ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങിയായിരുന്നു മിശ്ര രണ്ടു വിക്കറ്റ് കൊയ്തത്. ഒരു വിക്കറ്റുമായി കൃഷ്ണപ്പ ഗൗതവും മികച്ച സംഭാവന നല്‍കി.
ബാംഗ്ലൂര്‍ നിരയില്‍ ഓപ്പണര്‍മാരായ നായകന്‍ ഫാഫ് ഡുപ്ലീസിസിനും മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 40 പന്തുകളില്‍ നിന്ന് ഒരോ ഫോറും സിക്സറും സഹിതം 44 റണ്‍സ് നേടിയ ഫാഫ് ടോപ് സ്‌കോററായി. 30 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 31 റണ്‍സായിരുന്നു കോഹ്ലിയുടെ സംഭാവന.
ഇവര്‍ക്കു പുറമേ 16 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കിനു മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടക്കാനായത്. മധ്യനിര താരങ്ങളായ അനുജ് റാവത്ത്(9), ഗ്ലെന്‍ മാക്സ്വെല്‍(4), സുയാഷ് പ്രഭുദേശായി(6), മഹിപാല്‍ ലോംറോര്‍(3), വനിന്ദു ഹസരങ്ക(8) എന്നിവര്‍ പരാജയപ്പെട്ടത് അവര്‍ക്കു തിരിച്ചടിയായി.