പഞ്ചാബിന് വീണ്ടും ബാറ്റിങ് തകര്‍ച്ച; ടൈറ്റന്‍സ് 154 റണ്‍സ് ലക്ഷ്യം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ് പ്രതിസന്ധികള്‍ തുടരുന്നു. ഇന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സ്വന്തം മണ്ണില്‍ നടന്ന മത്സരത്തിലും ബാറ്റിങ് തകര്‍ച്ച നേരിട്ട പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ ഒതുങ്ങി.
മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പഞ്ചാബിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ നഷ്ടമായ അവര്‍ക്ക് പിന്നീട് കരകയറാനായില്ല.
പവര്‍പ്ലേയ്ക്കുള്ളില്‍ നായകന്‍ ശിഖര്‍ ധവാനെ(8)ക്കൂടി നഷ്ടമായ അവര്‍ക്കായി മധ്യനിരയില്‍ മാത്യു ഷോര്‍ട്ടാണ് ടോപ് സ്‌കോററായത്. എന്നാല്‍ 24 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 36 റണ്‍സ് നേടിയ ഷോര്‍ട്ട് പുറത്തായതോടെ അവരുടെ തകര്‍ച്ച പിന്നെയും ആരംഭിച്ചു.
ഷോര്‍ട്ട് വീഴുമ്പോള്‍ 6.4 ഓവറില്‍ മൂന്നിന് 55 എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് ഭനുക രജപക്‌സെ(26 പന്തില്‍ 20), ജിതേഷ് ശര്‍മ(23 പന്തില്‍ 25), സാം കറന്‍(22 പന്തില്‍ 22) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞത് അവര്‍ക്കു തിരിച്ചടിയായി.
ഒടുവില്‍ 150 കടക്കുമോയെന്നു സംശയിച്ച പഞ്ചാബിനെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷാരുഖ് ഖാനാണ് മാന്യമായ നിലയില്‍ എത്തിച്ചത്. ഒമ്പതു പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 22 റണ്‍സാണ് ഷാരൂഖ് നേടിയത്.
ഗുജറാത്ത് നിരയില്‍ നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയാണ് പഞ്ചാബിനെ തകര്‍ത്തത്. മുഹമ്മദ് ഷമി, ജോഷ് ലിറ്റില്‍, അല്‍സാരി ജോസഫ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.