കളി കാര്യമായി; മൈതാനത്ത് കൊമ്പുകോർത്ത കോഹ്ലിക്കും ഗംഭീറിനും ബിസിസിഐയുടെ കടുത്ത ശിക്ഷ
തിങ്കളാഴ്ച ലഖ്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തില്‍ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തില്‍ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. ബാംഗ്ലൂര്‍ താരം വിരാട് കോഹ്‌ലി, ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖ്, ഉപദേഷ്ടാവ് ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെതിരെയാണ് ബിസിസിഐ കനത്ത പിഴ ചുമത്തിയത്. കോഹ്‌ലിയും ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും നവീന്‍ മാച്ച് 50 ശതമാനവുമാണ് പിഴയടയ്ക്കണം.
കുറഞ്ഞ സ്‌കോറിങ് ത്രില്ലര്‍ മാച്ചില്‍ ബാംഗ്ലൂര്‍ ജയിച്ചശേഷം കോഹ്‌ലിയും ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിലേക്ക് മറ്റ് താരങ്ങളും കൂടി ഉള്‍പ്പെട്ടതോടെ പ്രശ്‌നം വഷളാവുകയായിരുന്നു. ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുച്ഛേദം 2.21 പ്രകാരം കോഹ്‌ലിക്കും ഗംഭീറിനുമെതിരെ ലെവല്‍ 2 കുറ്റമാണ് ചുമത്തിയത്. കുറ്റം സമ്മതിച്ച ഇരുവരും മാച്ച് ഫീയുടെ 100 ശതമാനം പിഴ അടയ്ക്കണം. ലഖ്‌നൗ ബൗളര്‍ നവീന് ഐപിഎല്‍ പെരുമാറ്റച്ചട്ട പ്രകാരമുള്ള ലെവല്‍ 1 കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.
ബാംഗ്ലൂരിനെതിരെ ചെറിയ റണ്‍ ചേസിനിറങ്ങിയ ലഖ്‌നൗവിന് അപ്രതീക്ഷിതമായ തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്. അവസാന പകുതിയില്‍ മത്സരം ചൂടുപിടിക്കാന്‍ തുടങ്ങി. 17ാം ഓവറില്‍ ക്രീസിലുണ്ടായിരുന്ന ലഖ്‌നൗ താരങ്ങളായ അമിത് മിശ്ര, നവീന്‍ എന്നിവരുമായി കോഹ്‌ലി ഉരസിയിരുന്നു. മത്സരം അവസാനിച്ചശേഷം നാടകീയരംഗങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്.
കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ ലഖ്‌നൗ പരാജയപ്പെടുത്തിയപ്പോള്‍ ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു. ഇന്നലെ അവരെ 18 റണ്‍സിന് തോല്‍പ്പിച്ചതിന് ശേഷം ലഖ്‌നൗവിന്റെ തട്ടകത്തില്‍ കോഹ്ലിയും സമാനമായ ആംഗ്യം കാണിച്ചു.
മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുന്നതിന് മുന്‍പ് ഇരു ടീമുകളും ഹസ്തദാനത്തിനായി എത്തിയപ്പോള്‍ നവീനുമായി കോഹ്ലി സംസാരിച്ചിരുന്നു. ഇതിനിടെ കോഹ്‌ലിയും ഗംഭീറും ഹസ്തദാനം ചെയ്തിരുന്നു. അനിഷ്ടത്തോടെയാണ് ഇരുവരും കൈകൊടുക്കത്ത് പിരിഞ്ഞത്. അതിനുശേഷം മൈതാനത്ത് ലഖ്‌നൗ ഓപ്പണര്‍ കെയ്ല്‍ മേയേഴ്‌സ്, കോഹ്ലിയുമായി സംസാരിക്കുന്നതിനിടയില്‍ ഗംഭീര്‍ അതില്‍ ഇടപെടുകയും മേയേഴ്‌സിനെ അവിടെനിന്ന് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയും ചെയ്തു. ഇവിടെയാണ് വാക്കേറ്റത്തിന്റെ തുടക്കം.
കോഹ്‌ലിയും ഗംഭീറും മുഖാമുഖം വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അടക്കമുള്ളവരാണ് ഇരുവരെയും വേര്‍പെടുത്തി അന്തരീക്ഷം ശാന്തമാക്കിയത്.
കോഹ്‌ലിയും ഗംഭീറും തമ്മില്‍ ഉരസുന്നത് ഇത് ആദ്യമായല്ല. ഐപിഎല്ലിന്റെ ഈ സീസണില്‍ ഇരുവരും തമ്മില്‍ ആദ്യ കളി മുതല്‍ തന്നെ പരോക്ഷമായി ഏറ്റുമുട്ടത്തുടങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തവണ മൈതാനത്ത് കാര്യങ്ങള്‍ കൈവിട്ടുപോയതോടെ നിരവധി പേരാണ് ഇരുവര്‍ക്കുമെതിരെ വിമര്‍ശനമുയർത്തിയിരിക്കുന്നത്.