ഷമിക്കു ബദല്‍ ഇഷാന്ത്; ചാമ്പ്യന്മാരെ വീഴ്ത്തി ക്യാപിറ്റല്‍സ്

ഷമിക്കു ബദല്‍ ഇഷാന്ത്; ചാമ്പ്യന്മാരെ വീഴ്ത്തി ക്യാപിറ്റല്‍സ്

നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് ഡല്‍ഹിയുടെ ഹീറോ.
Updated on
2 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരെ വീഴ്ത്തി അവസാന സ്ഥാനക്കാര്‍. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് അതേ നാണയത്തില്‍ തിരിച്ചടിയ നല്‍കിയ ഡല്‍ഹി എതിരാളികളുടെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സില്‍ ഒതുക്കുകയായിരുന്നു.

നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് ഡല്‍ഹിയുടെ ഹീറോ. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ഗുജറാത്തിനു വേണ്ടിയിരുന്നത്. എന്നാല്‍ വെറും ആറു റണ്‍സ് മാത്രം നല്‍കി അപകടകാരിയായ രാഹുല്‍ തെവാട്ടിയയുടെ വിക്കറ്റും നേടി ഇഷാന്ത് ഡല്‍ഹിക്ക് ജയം സമ്മാനിച്ചു.

ഗുജറാത്ത് നിരയില്‍ അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 53 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 59 റണ്‍സ് നേടിയ പാണ്ഡ്യ പുറത്താകാതെ നിന്നു. നായകനു പുറമേ 33 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടിയ അഭിനവ് മനോഹറും ഏഴു പന്തില്‍ 20 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയും മാത്രമാണ് രണ്ടക്കം കടന്നത്.

ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹ(0), ശുഭ്മാന്‍ ഗില്‍(6), മധ്യനിര താരങ്ങളായ വിജയ് ശങ്കര്‍(6), ഡേവിഡ് മില്ലര്‍(0) എന്നിവര്‍ പരാജയപ്പെട്ടത് ഗുജറാത്തിന് തിരിച്ചടിയായി. ഡല്‍ഹിക്കു വേണ്ടി ഇഷാന്തിനു പുറമേ രണ്ടു വിക്കറ്റ് വീഴ്ത്തില ഖലീല്‍ അഹമ്മദും മികച്ച പ്രകടനം പുറത്തെടുത്തു. ആന്റ്‌റിച്ച് നോര്‍ക്യെ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി.

നേരത്തെ നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷമിക്കു മുന്നില്‍ ബാറ്റിങ് മറന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. രണ്ടു വിക്കറ്റുകളുമായി മോഹിത് ശര്‍മയും ഒരു വിക്കറ്റുമായി റാഷിദ് ഖാനും ഷമിക്കു മികച്ച പിന്തുണ നല്‍കി.

ഡല്‍ഹി നിരയില്‍ അര്‍ധസെഞ്ചുറി നേടിയ വാലറ്റക്കാരന്‍ അമന്‍ ഹക്കിം ഖാനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 44 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സറുകളും മൂന്നു ബൗണ്ടറികളും സഹിതം 51 റണ്‍സ് നേടിയ അമന്റെ ഇന്നിങ്‌സാണ് ഡല്‍ഹിയെ 100 കടത്തിയത്. അമനു പുറമേ 27 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, 23 റണ്‍സ് നേടിയ റിപാല്‍ പട്ടേല്‍, 10 റണ്‍സ് നേടിയ പ്രിയം ഗാര്‍ഗ് എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. ഡല്‍ഹി മുന്‍നിരയെ തകര്‍ത്ത ഷമിയാണ് ടൈറ്റന്‍സിന്റെ കരുത്തായത്.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടി(0)നെ പുറത്താക്കിയാണ് ഷമി മത്സരം ആരംഭിച്ചത്. പിന്നീട് ഗാര്‍ഗ്, റിലി റൂസോ(8), മനീഷ് പാണ്ഡെ(1) എന്നിവരെ പുറത്താക്കി ഷമി ഡല്‍ഹിയെ അഞ്ചിന് 23 എന്ന നിലയിലേക്ക് തള്ളിയിട്ടു. ഇതിനിടെ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍(2) റണ്ണൗട്ടായിരുന്നു. പിന്നീട് അക്‌സറിനെയും റിപാലിനെയും കൂട്ടുപിടിച്ച് അമനാണ് ടീമിനെ അല്‍പമെങ്കിലും മാന്യമായ സ്‌കോറില്‍ എത്തിച്ചത്. ആറാം വിക്കറ്റില്‍ അക്‌സറിനൊപ്പം 50 റണ്‍സും ഏഴാം വിക്കറ്റില്‍ റിപാലിനൊപ്പം 53 റണ്‍സും കൂട്ടിചേര്‍ക്കാന്‍ അമനായി.

logo
The Fourth
www.thefourthnews.in