ടൈറ്റന്‍സിനെതിരേ ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും

ടൈറ്റന്‍സിനെതിരേ ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും

നിലവില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ആറു ജയത്തോടെ 12 പോയിന്റുമായാണ് ടൈറ്റന്‍സ് ഒന്നാമത് തുടരുന്നത്. എട്ടു കളികളില്‍ നിന്നു നാലു പോയിന്റു മാത്രമുള്ള ഡല്‍ഹിക്ക് ജയിച്ചാലും സ്ഥാനചലനം ഉണ്ടാകില്ല.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിങ്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു കിടക്കുന്ന ഡല്‍ഹിക്ക് നില മെച്ചപ്പെടുത്താനുള്ള അവസരമാണ് ഇന്നത്തെ മത്സരം. മറുവശത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ടൈറ്റന്‍സിന് സ്ഥാനം അരക്കിട്ട് ഉറപ്പിക്കാന്‍ ഇന്നത്തെ ജയത്തിലൂടെ കഴിയും.

നിലവില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ആറു ജയത്തോടെ 12 പോയിന്റുമായാണ് ടൈറ്റന്‍സ് ഒന്നാമത് തുടരുന്നത്. ഒരു മത്സരം കൂടുതല്‍ കളിച്ച രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരാണ് 10 പോയിന്റുമായി യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

ഇന്നു ജയിച്ചു രണ്ടു പോയിന്റ് നേടിയാല്‍ 14 പോയിന്റുമായി ഇവരേക്കാള്‍ ഏറെ മുന്നിലെത്താന്‍ ടൈറ്റന്‍സിനാകും. മറുവശത്ത് എട്ടു കളികളില്‍ നിന്നു നാലു പോയിന്റു മാത്രമുള്ള ഡല്‍ഹിക്ക് ജയിച്ചാലും സ്ഥാനചലനം ഉണ്ടാകില്ല. എന്നാല്‍ പോയിന്റ് ടേബിളില്‍ കൊല്‍ക്കത്തയ്ക്കും സണ്‍റൈസേഴ്‌സിനുമൊപ്പമെത്താന്‍ കഴിയും. അവര്‍ക്കു രണ്ടുകൂട്ടര്‍ക്കും ആറു പോയിന്റ് വീതമാണുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഡല്‍ഹി ഇന്നിറങ്ങുന്നത്. അസുഖബാധിതനായ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് ഇന്നു കളിക്കാന്‍ സാധിക്കാത്തത് ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാണ്. മാര്‍ഷിനു പകരം റിലി റൂസോ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. മറുവശത്ത് മാറ്റങ്ങളൊന്നുമില്ലാതെയാണ് ടൈറ്റന്‍സ് ഇറങ്ങുന്നത്.

logo
The Fourth
www.thefourthnews.in