ഗോലിയാത്തായി ഡേവിഡ്; രാജസ്ഥാനെ പിന്തുടര്‍ന്നു വീഴ്ത്തി മുംബൈ

ഗോലിയാത്തായി ഡേവിഡ്; രാജസ്ഥാനെ പിന്തുടര്‍ന്നു വീഴ്ത്തി മുംബൈ

രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം മൂന്നു പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ മറികടക്കുകയായിരുന്നു.
Updated on
2 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 1000-ാമത് മത്സരത്തില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന് ജയം. ഇന്നു സ്വന്തം തട്ടകമായ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു മുംബൈയുടെ അവിശ്വസനീയ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം മൂന്നു പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ മറികടക്കുകയായിരുന്നു.

തോല്‍വിയിലേക്കു നീങ്ങിയ ടീമിനെ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ടിം ഡേവിഡാണ് ജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. അവസാന ഓവറില്‍ ജയിക്കാന്‍ അവര്‍ക്ക് 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ ഓവറിന്റെ ആദ്യ മൂന്നു പന്തും സിക്‌സറിനു പറത്തിയ ഡേവിഡ് അവിശ്വനീയ ജയം പിടിച്ചെടുക്കുകയായിരുന്നു.

കളി അവസാനിക്കുമ്പോള്‍ 14 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 45 റണ്‍സുമായി ഡേവിഡും 21 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 29 റണ്‍സുമായി തിലക് വര്‍മയുമായിരുന്നു ക്രീസില്‍.

പിറന്നാള്‍ ദിനത്തില്‍ തിളങ്ങാനാകാതെ നായകന്‍ രോഹിത് ശര്‍മ(3) തുടക്കത്തിലേ പുറത്തായ ശേഷം ആദ്യം ഇഷാന്‍ കിഷനും കാമറൂണ്‍ ഗ്രീനും ചേര്‍ന്നാണ് മുംബൈയുടെ പട നയിച്ചത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച അടിത്തറയൊരുക്കി.

സ്‌കോര്‍ 76-ല്‍ നില്‍ക്കെ ഇഷാന്‍(28) പുറത്തായ ശേഷം ഗ്രീനിനു കൂട്ടായി സൂര്യകുമാര്‍ യാദവ് വന്നതോടെയാണ് മുംബൈ ട്രാക്കിലേക്ക് എത്തിയത്. മൂന്നാം വിക്കറ്റില്‍ 12 പന്തില്‍ 25 റണ്‍സിന്റെ കൂട്ടുകെട്ട് സൂര്യകുമാറുമായി ചേര്‍ന്ന് ഉയര്‍ത്തിയ ശേഷം ഗ്രീനും കീഴടങ്ങി. പുറത്താകുമ്പോള്‍ 26 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 44 റണ്‍സായിരുന്നു ഗ്രീന്‍ നേടിയിരുന്നത്.

പിന്നീട് തിലക് വര്‍മയെ കൂട്ടുനിര്‍ത്തി സൂര്യ ആക്രമണം ഏറ്റെടുത്തു. രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ടീം സ്‌കോര്‍ 150 കടത്തി. എന്നാല്‍ ഇതിനു പിന്നാലെ 29 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 55 റണ്‍സ് നേടിയ സൂര്യ പുറത്തായതോടെ മുംബൈ മറ്റൊരു പരാജയത്തെ അഭിമുഖീകരിച്ചു.

പക്ഷേ തിലകിന് കൂട്ടായി ഡേവിഡ് എത്തിയതോടെ കളിമാറി. ആദ്യം തിലകിന് സ്‌ട്രൈക്ക് കൈമാറാന്‍ ശ്രമിച്ച ഡേവിഡ് അവസാന മൂന്ന് ഓവറില്‍ ആക്രമണം സ്വയം ഏറ്റെടുക്കുകയായിരുന്നു. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രാജസ്ഥാന് വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് തിളങ്ങിയത്.

നേരത്തെ തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച യശ്വസി ജയ്‌സ്വാളായിരുന്നു രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. തന്റെ കന്നി ഐ.പി.എല്‍. സെഞ്ചുറി കൂടിയാണ് ജയ്‌സ്വാള്‍ ഇന്നു നേടിയത്.

62 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 124 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ടീം ടോട്ടലിന്റെ 58 ശതമാനവും പിറന്നത് ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നായിരുന്നു. ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ മുംബൈ ബൗളര്‍മാര്‍ വഴങ്ങിയ 25 എക്‌സ്ട്രാ റണ്ണുകളാണ് രാജസ്ഥാന്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ മികച്ച സ്‌കോര്‍.

ഓപ്പണര്‍ ജോസ് ബട്‌ലര്‍(18), നായകന്‍ സഞ്ജു സാംസണ്‍(14), മധ്യനിര താരങ്ങളായ ദേവ്ദത്ത് പടിക്കല്‍(2), ജേസണ്‍ ഹോള്‍ഡര്‍(11), ഷിംറോണ്‍ ഹെറ്റ്മയര്‍(8), ധ്രൂവ് ജൂറല്‍(2) എന്നിവര്‍ പരാജയപ്പെട്ടപ്പോഴോണ് ജയ്‌സ്വാള്‍ ടീമിന്റെ രക്ഷകനായത്. ജയ്‌സ്വാളിന്റെ 124 മാറ്റിനിര്‍ത്തിയാല്‍ മറ്റ് രാജസ്ഥാന്‍ താരങ്ങള്‍ നേടിയത് 63 റണ്‍സാണ്. മുംബൈയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷദ് ഖാനാണ് അല്‍പമെങ്കിലും മികച്ചു നിന്നത്. രണ്ടു വിക്കറ്റുകളുമായി പീയുഷ് ചൗളയും ഓരോ വിക്കറ്റുകളുമായി ജൊഫ്ര ആര്‍ച്ചര്‍, റിലി മെറിഡിത്ത് എന്നിവരും പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in