സ്വന്തം മണ്ണില്‍ ബൗളര്‍മാര്‍ തുണച്ചു; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ഡല്‍ഹി
ബൗളര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ ഐപിഎൽ 2023 ലെ ആദ്യ ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയെ ഡല്‍ഹി ബൗളേഴ്‌സ് 127 റണ്ണില്‍ എറിഞ്ഞിട്ടു. നായകന്‍ ഡേവിഡ് വാര്‍ണറിന്റെ അര്‍ധസെഞ്ചുറിയോടെയാണ് ഡല്‍ഹി നാല് പന്ത് ബാക്കിനില്‍ക്കെ സ്വന്തം തട്ടകത്തില്‍ ജയം കണ്ടത്.
മഴമൂലം വൈകിത്തുടങ്ങിയ കളിയില്‍ കൊല്‍ക്കത്തയ്ക്ക് തുടക്കം മുതല്‍ അടിപതറി. ഡല്‍ഹിയുടെ ബൗളിങ് നിരയില്‍ പേസര്‍മാരും സ്പിന്നര്‍മാരും തകര്‍ത്തെറിഞ്ഞതോടെ കൊല്‍ക്കത്ത ബാറ്റിങ് നിരയ്ക്ക്, ഡല്‍ഹിയുടെ കളിമുറ്റത്ത് പിടിച്ച് നില്‍ക്കാനായില്ല. ഓപ്പണറായി ഇറങ്ങിയ ജേസണ്‍ റോയ് മാത്രമാണ് കൊല്‍ക്കത്തയ്ക്കായി പൊരുതിയത്. 39 പന്തില്‍ ഒരു സിക്സും അഞ്ച് ബൗണ്ടറികളുമായി 43 റണ്‍സാണ് റോയ് നേടിയത്. മധ്യനിരയില്‍ ആര്‍ക്കും ജേസണിന് പിന്തുണ നല്‍കാന്‍ കഴിയാതെ പോയതോടെ കൊല്‍ക്കത്ത ചെറിയ സ്‌കോറിലേക്ക് ഒതുങ്ങുകയായിരുന്നു.
അവസാന ഓവറുകളിലെ ആന്ദ്രേ റസലിന്‍രെ ചെറുത്തു നില്‍പ്പാണ് കൊല്‍ക്കത്തയെ മൂന്നക്കം കടത്തിയത്. റസല്‍ പുറത്താകാതെ നാല് സിക്സും ഒരു ബൗണ്ടറിയുമായി 31 പന്തില്‍ 38 റണ്‍സെടുത്തു. 11 പന്തില്‍ 12 റണ്‍സെടുത്ത മന്‍ദീപ് സിങ്ങാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്ന മറ്റൊരാള്‍. നായകന്‍ നിതീഷ് റാണയും, ഓപ്പണര്‍ ലിറ്റണ്‍ ദാസും, റിങ്കു സിങ്ങും സുനില്‍ നരേയനും ഇംപാക്ട് പ്ലെയര്‍ അങ്കുല്‍ റോയിയും ഉമേഷ് യാദവും തീര്‍ത്തും നിരാശപ്പെടുത്തി. ഇഷാന്ത് ശര്‍മ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആൻറ്റിച്ച് നോര്‍ക്യെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുകേഷ്‌കുമാര്‍ ഒരു വിക്കറ്റും നേടി.
ജയം എളുപ്പമെന്ന് കരുതിയപ്പോള്‍ കൊല്‍ക്കത്ത ബൗളര്‍മാർ പിടിമുറുക്കിയതോടെ അവസാന ഓവറിലേക്കെത്തുകയായിരുന്നു
128 റണ്‍സ് അനായാസ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് നായകന്‍ വാര്‍ണര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 11 ബൗണ്ടറികള്‍ പായിച്ച് വാര്‍ണര്‍ 41 പന്തില്‍ 57 റണ്‍സ് നേടി ഡല്‍ഹിയുടെ ഇന്നിങ്‌സിന് അടിത്തറയിട്ടു. 11 പന്തില്‍ 13 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായെ വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി. ജയം എളുപ്പമെന്ന് കരുതിയപ്പോള്‍ കൊല്‍ക്കത്ത ബൗളര്‍മാർ പിടിമുറുക്കിയതോടെ അവസാന ഓവറിലേക്കെത്തുകയായിരുന്നു. മിച്ചല്‍ മാര്‍ഷ്(2) ഫില്‍ സാള്‍ട്ട് (5) എന്നിവര്‍ പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി.
13.1 ഓവറില്‍ ടീം സ്‌കോര്‍ 93 ലേക്ക് ഉയര്‍ത്തിയാണ് വാര്‍ണര്‍ കൂടാരം കയറിയത്. 23 പന്തില്‍ 21 റണ്‍സെടുത്ത മനീഷ് പാണ്ഡെ അങ്കുല്‍ റോയിയുടെ പന്തില്‍ റിങ്കു സിങ്ങിന് ക്യാച്ച് കൊടുത്ത് പുറത്താകുകയായിരുന്നു. പിന്നാലെ അമാന്‍ ഹക്കീം ഖാനെയും റണ്‍സൊന്നും കൊടുക്കാതെ പുറത്താക്കി നിതീഷ് റാണ കളിമുറുക്കി. പന്തുകള്‍ ബാക്കിനില്‍ക്കെ പതുക്കെപ്പോയ അക്‌സര്‍ പട്ടേലിന്റെയും ലളിത് യാദവിന്റെയും കൂട്ടുകെട്ടിലാണ് ഡല്‍ഹി ജയം തൊട്ടത്. വരുണ്‍ ചക്രവര്‍ത്തി, അങ്കുല്‍ റോയ്, നിതീഷ് റാണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി