ചരിത്രം കുറിച്ച് ധോണി; രാജസ്ഥാനെതിരേ ചെന്നൈ ആദ്യം ഫീല്‍ഡ് ചെയ്യും

ചരിത്രം കുറിച്ച് ധോണി; രാജസ്ഥാനെതിരേ ചെന്നൈ ആദ്യം ഫീല്‍ഡ് ചെയ്യും

ധോണിയല്ലാതെ മറ്റൊരു താരവും 150 മത്സരങ്ങളില്‍ പോലും ഒരു ടീമിനെ നയിച്ചിട്ടില്ല. 146 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ ധോണിക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ടോസ് ഇടാന്‍ എത്തിയ നായകന്‍ മഹേന്ദ്ര സിങ് ധോണി കുറിച്ചത് ഒരു ഐ.പി.എല്‍. ക്യാപ്റ്റനും എത്തിപ്പിടിക്കാനാകാത്ത നാഴികക്കല്ല്. ഐ.പി.എല്‍. ചരിത്രത്തില്‍ ഒരു ടീമിനെ 200 മത്സരങ്ങളില്‍ നയിക്കുന്ന ആദ്യ നായകന്‍ എന്ന റെക്കോഡാണ് ധോണി ഇന്നു സ്വന്തമാക്കിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി ധോണിയുടെ 200-ാം മത്സരമാണ് ഇന്നത്തേത്. ധോണിയല്ലാതെ മറ്റൊരു താരവും 150 മത്സരങ്ങളില്‍ പോലും ഒരു ടീമിനെ നയിച്ചിട്ടില്ല. 146 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ ധോണിക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകനായ താരമെന്ന റെക്കോഡ് നേരത്തെ തന്നെ ധോണിയുടെ പേരിലാണ്. 213 മത്സരങ്ങളിലാണ് താരം ക്യാപ്റ്റന്റെ തൊപ്പി അണിഞ്ഞത്. 199 മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ച താരം രണ്ടു സീസണുകളിലായി 14 മത്സരങ്ങളില്‍ പുനെ സൂപ്പര്‍ ജയന്റ്‌സിന്റെയും ക്യാപ്റ്റന്‍ തൊപ്പി അണിഞ്ഞു. ഇന്നത്തെ മത്സരത്തോടു കൂടി ഈ റെക്കോഡ് 214 ആയി ഉയര്‍ന്നു. ഇതുവരെ നയിച്ച 213 മത്സരങ്ങളില്‍ നിന്ന് 125 ജയങ്ങളും 87 തോല്‍വികളുമാണ് ധോണിയുടെ പേരിലുള്ളത്. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടു. 58.96 ആണ് ധോണിയുടെ വിജയശതമാനം.

നാഴികക്കല്ല് മറികടന്ന മത്സരത്തില്‍ നാണയഭാഗ്യവും ധോണിക്കൊപ്പം നിന്നു. രാജസ്ഥാനെതിരേ ടോസ് നേടിയ ധോണി ബൗളിങ് തെരഞ്ഞെടുത്തു. 200 മത്സരങ്ങളില്‍ ടീമിനെ നയിക്കാനായെന്നത് നല്ല അനുഭവം പകരുന്നുവെന്നാണ് ടോസ് നേടിക്കൊണ്ടു സംസാരിക്കവെ ധോണി പറഞ്ഞത്.

കഴിഞ്ഞ മത്സരത്തിലെ ഇലവനില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറും ഡ്വെയ്ന്‍ പ്രിട്ടോറിയസിനും പകരം മൊയീന്‍ അലിയും മഹീഷ് തീക്ഷ്ണയും ആദ്യ ഇലവനില്‍ തിരിച്ചെത്തി. രാജസ്ഥാന്‍ നിരയിലും ഒരു മാറ്റമുണ്ട്. പരുക്കിനെത്തുടര്‍ന്ന് പേസര്‍ ട്രെന്റ് ബോള്‍ട്ട് ഇന്ന് കളിക്കില്ല. ബോള്‍ട്ടിനു പകരം ഇന്ത്യന്‍ യുവതാരം കുല്‍ദീപ് സെന്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

logo
The Fourth
www.thefourthnews.in