മാനംതെളിഞ്ഞു; ടോസ് ജയിച്ചു ധോണി, ടൈറ്റന്‍സിനെ ബാറ്റിങ്ങിനയച്ചു
മഴയെത്തുടര്‍ന്ന് ഒരു ദിനം വൈകി നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ന്റെ കലാശപ്പോരാട്ടത്തില്‍ ടോസ് ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി. അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ധോണി ഗുജറാത്ത് ടൈറ്റന്‍സിനെ ബാറ്റിങ്ങിനയച്ചു.
കലാശക്കളിക്ക് ഇരു ടീമുകളും മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈയില്‍ വച്ച് ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിനു തോല്‍പിച്ചാണ് സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ എത്തിയത്. അതേസമയം രണ്ടാം ക്വാളിഫയറില്‍ അഹമ്മദാബാദില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തായിരുന്നു ഗുജറാത്തിന്റെ ഫൈനല്‍ പ്രവേശനം.
ഐപിഎല്‍ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ഗുജറാത്തും ചെന്നൈയും നേര്‍ക്കുനേര്‍ വരുന്നത്. ഹെഡ് ടു ഹെഡ് റെക്കോഡില്‍ ചെന്നൈയ്ക്കു മേല്‍ ആധിപത്യം ഗുജറാത്തിനാണ്. നാലു തവണ ഏറ്റുമുട്ടിയതില്‍ മൂന്നിലും ജയം അവര്‍ക്കായിരുന്നു. ചെന്നൈയാകട്ടെ ഈ സീസണിലെ ആദ്യ ക്വാളിഫയറിലാണ് ഗുജറാത്തിന്റെ ആദ്യമായി തോല്‍പിക്കുന്നത്.
ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരമാണ് കനത്ത മഴയെത്തുടര്‍ന്ന് റിസര്‍വ് ദിനമായ ഇന്നത്തേക്കു മാറ്റിയത്. ഇന്ന് മഴമാറി മാനം തെളിഞ്ഞെങ്കിലും മഴഭീഷണി ഒഴിഞ്ഞിട്ടില്ല. രാത്രി അഹമ്മദാബാദില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
ഇന്നും മത്സരം മഴമൂലം വൈകിയാൽ പരമാവധി കാത്തിരുന്ന് ഒരു സൂപ്പർ ഓവർ എങ്കിലും നടത്താൻ ശ്രമിക്കും. അതിനും കഴിഞ്ഞില്ലെങ്കിൽ മാത്രമേ മറ്റ് രീതിയിൽ ചാമ്പ്യന്മാരെ കണ്ടെത്താൻ ശ്രമിക്കൂ. ഓവർ നഷ്ടമാകാതെ മത്സരം നടത്താൻ രാത്രി 9:40 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ മഴ ശമിച്ചില്ലെങ്കിൽ പിന്നീട് അഞ്ച് ഓവർ മത്സരമെങ്കിലും നടത്താനാകും ശ്രമിക്കുന്നത്. രാത്രി 11:56 വരെയാണ് ഇതിനുള്ള കട്ട് ഓഫ് ടൈം. ഇതിനുള്ളിലും മഴ ശമിച്ചില്ലെങ്കിൽ പിന്നീട് സൂപ്പർ ഓവറിൽ വിജയികളെ നിശ്ചയിക്കാനാകും ശ്രമിക്കുക.
12 മുതൽ 2 മണി വരെയാണ് ഇതിനായി കാത്തിരിക്കുക. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സീവേജ് സംവിധാനത്തിന്റെ മികവ് വച്ച് മഴ മാറി ഒരു മണിക്കൂർ സമയം വേണം ഗ്രൗണ്ട് മത്സരത്തിനായി ഒരുക്കിയെടുക്കാൻ. മത്സരം സൂപ്പർ ഓവറിൽ തീർക്കാൻ ആണെങ്കിൽ പോലും ഇത് കാരണം രാത്രി ഒരു മണിയോട് കൂടിയെങ്കിലും മഴ മാറി നിൽക്കണം. എന്നാൽ മാത്രമേ രണ്ടു മണിക്ക് മുൻപ് സൂപ്പർ ഓവർ ആരംഭിക്കാനാകു.
ഈ സമയത്തിനുള്ളിൽ മഴ മാറിയില്ലെങ്കിൽ അത് ഗുണം ചെയ്യുക നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ ആകും. മത്സരം സൂപ്പർ ഓവറായി പോലും നടത്താൻ കഴിയാത്ത പക്ഷം ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ടീമിന് കിരീടം സമ്മാനിക്കാനാണ് ബിസിസിഐ തീരുമാനം. സീസണിൽ 14 മത്സരങ്ങളിൽ നിന്ന് പത്ത് ജയത്തോടെ 20 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ഗുജറാത്താണ്. ഇത് അവർക്ക് ഗുണം ചെയ്യും.