'ചിലര്‍ നിയമത്തിന് അതീതര്‍'; ധോണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ അമ്പയര്‍
ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ക്രിക്കറ്റിനെ അപമാനിച്ചതായി മുന്‍ ഓസ്‌ട്രേലിയന്‍ അമ്പയര്‍ ഡാരില്‍ ഹാര്‍പര്‍. ഗുജറാത്തിനെതിരായ മത്സരത്തില്‍ അമ്പയറുമായി തര്‍ക്കിച്ചു മനപ്പൂര്‍വം സമയം കളഞ്ഞ ചെന്നൈ താരങ്ങള്‍ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ് ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ചില ആളുകള്‍ ക്രിക്കറ്റ് നിയമങ്ങളേക്കാള്‍ വലുതാണെന്നും, ജയിക്കാന്‍ വേണ്ടി അങ്ങനെയുള്ളവര്‍ നിയമം തെറ്റിച്ച് ഏതറ്റം വരെയും പോകുമെന്നും ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി പരോക്ഷമായി ഉന്നി അദ്ദേഹം കുറ്റപ്പെടുത്തി.
പേസര്‍ മതീഷ പതിരണയെക്കൊണ്ടു ബോള്‍ ചെയ്യിക്കാന്‍ ധോണി മനപ്പര്‍വം മത്സരം വൈകിപ്പിച്ചതാണ് വിവാദമായത്. ഗുജറാത്ത് ഇന്നിങ്‌സിലെ 16-ാം ഓവറിനു മുമ്പായിരുന്നു സംഭവം. ഓവറിന് മുന്‍പ് ഒന്‍പത് മിനിറ്റോളം മതീഷ പതിരണ കളത്തിനു പുറത്തായിരുന്നു. പിന്നീട് തിരിച്ചെത്തിയ പതിരണയെ ഉടന്‍ തന്നെ ധോണി ബൗളിങ്ങിന് നിയോഗിക്കുകയായിരുന്നു. എന്നാല്‍ പന്തെറിയാന്‍ തയ്യാറെടുത്ത പതിരണയെ അമ്പയര്‍മാര്‍ തടഞ്ഞു. പുറത്തിരുന്ന പതിരണയ്ക്ക് ബോള്‍ ചെയ്യണമെങ്കില്‍ പുറത്തിരുന്ന അത്രയും നേരം കളത്തിലുണ്ടാകണമെന്ന് വ്യക്തമാക്കിയാണ് അമ്പയര്‍മാര്‍ എതിര്‍ത്തത്. ഇതോടെ അമ്പയര്‍മാരുമായി തര്‍ക്കിച്ച ധോണി അത്രയും സമയം തര്‍ക്കിച്ച് കളയുകയായിരുന്നു.അതോടെ പതിരണയ്ക്ക് പന്തെറിയാനും നാല് ഓവര്‍ പൂര്‍ത്തിയാക്കാനും സാധിച്ചു.
പതിരണയ്ക്ക് മുഴുവന്‍ ഓവറും എറിയാനായി ധോണി മനപ്പൂര്‍വ്വം സമയം പാഴാക്കിയെന്നും അദ്ദേഹം ആരോപിച്ചു
ക്രിക്കറ്റ് നിയമങ്ങളോടുള്ള പ്രത്യക്ഷമായ അനാദരവാണിതെന്നു ചൂണ്ടിക്കാട്ടിയ ഹാര്‍പര്‍ ധോണിയെ രൂക്ഷമായി കുറ്റപ്പെടുത്തി. ''16ാം ഓവറില്‍ തന്റെ ഇഷ്ട ബൗളര്‍ക്കായി ധോണി മനപ്പൂര്‍വ്വം സമയം പാഴാക്കുകയായിരുന്നു എന്നാണ് മൈതാനത്തെ ആ കാഴ്ച കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ക്രിക്കറ്റിന്റെ നിയമങ്ങളോടുള്ള ബഹുമാനമില്ലായ്മായാണ് പ്രശ്‌നം. അമ്പയര്‍മാരുടെ നിര്‍ദേശങ്ങള്‍ പാടെ അവഗണിക്കപ്പെട്ടു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ചില ആളുകള്‍ ക്രിക്കറ്റ് നിയമങ്ങളേക്കാള്‍ വലുതാണ്, എന്നാല്‍ ഇവിടെ നിയമം തന്നെയാണ് വലുത്. ജയിക്കാന്‍ വേണ്ടി ചിലര്‍ ഏതറ്റം വരെയും പോകുമെന്നും അത് നിരാശയുണ്ടാക്കുന്നു എന്നും'' അദ്ദേഹം കുറ്റപ്പെടുത്തി.