ചൂല് താഴെവച്ച് ബാറ്റെടുത്ത റിങ്കു സിങ്!

ചൂല് താഴെവച്ച് ബാറ്റെടുത്ത റിങ്കു സിങ്!

വീട്ടുവേലക്കാരനായി അവസാനിക്കേണ്ടിയിരുന്ന തന്റെ ജീവിതം ക്രിക്കറ്റിന്റെ ഗ്ലാമര്‍ ലോകത്തേക്ക് വളര്‍ത്തിയെടുക്കാന്‍ റിങ്കു സിങ് എന്ന യുവതാരം സഹിച്ച കഷ്ടപ്പാടുകള്‍ ചെറുതല്ല
Updated on
3 min read

യുപിലെ അലിഗഡ് സ്‌റ്റേഡിയത്തിനു സമീപമുള്ള പാചകവാതക വിതരണ കമ്പനിയുടെ രണ്ടു മുറി ക്വാര്‍ട്ടേഴ്‌സാണ് ഇന്ന് ഇന്ത്യയിലെ സംസാര വിഷയം. ആ കുഞ്ഞു വീട്ടില്‍നിന്നുള്ള റിങ്കു സിങ്ങാണ് ഇന്നലെ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന്റെ അവസാന ഓവറില്‍ തുടരെ അഞ്ചു സിക്‌സറുകള്‍ പായിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വിജയത്തിലേക്ക് നയിച്ച് ലോകത്തിന്റെ തന്നെ സംസാരവിഷയമായത്.

ടൈറ്റന്‍സ് നായകന്‍ റാഷിദ് ഖാന്‍ നേടിയ ഹാട്രിക്കോടെ 17-ാം ഓവറില്‍ തന്നെ ഏറെക്കുറേ പരാജയം ഉറപ്പിച്ച നൈറ്റ്‌റൈഡേഴ്‌സിനെ 21 പന്തുകളില്‍നിന്ന് 48 റണ്‍സ് നേടി റിങ്കു ഒറ്റയ്ക്ക് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ടീം ഒന്നടങ്കം പ്രതീക്ഷ കൈവിട്ടിടത്തായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍ കൊല്‍ക്കത്തയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ റിങ്കു അവതരിച്ചത്.

ഐ.പി.എല്ലിന്റെ 16 വര്‍ഷത്തെ ചരിത്രത്തില്‍ അവിസ്മരണീയ തിരിച്ചുവരവുകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ലോക ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ നേടി ടീമിനെ വിജയത്തിലെത്തിക്കുന്ന ആദ്യ താരവുമായി റിങ്കു സിങ്.

ഇന്നത്തെ ഈ സൂപ്പര്‍താര പദവിയിലേക്കുള്ള റിങ്കുവിന്റെ വളര്‍ച്ച പക്ഷേ, ഇതുപോലെ 'സെന്‍സേഷണല്‍' അല്ല. കനല്‍പ്പാത താണ്ടിയാണ് അവന്‍ ക്രിക്കറ്റിന്റെ ഗ്ലാമര്‍ ലോകത്തേക്ക് എത്തിയത്.

പാചകവാതക സിലിണ്ടറുകള്‍ സൈക്കിളില്‍ വീടുകളിലെത്തിച്ചു നൽകുന്ന അച്ഛന്‍ ഖാന്‍ ചന്ദ്രയും അലിഗഡ് ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന മൂത്ത ജ്യേഷ്ഠനും സമീപമുള്ള കോച്ചിങ് സെന്ററില്‍ തൂപ്പ് ജോലി നോക്കുന്ന രണ്ടാമത്തെ ജ്യേഷ്ഠനും സമ്പാദിക്കുന്നതില്‍നിന്നു മിച്ചംപിടിച്ചാണ് റിങ്കു ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്.

ഇന്ന് 80 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായി മാറാന്‍ റിങ്കുവിനെ പ്രാപ്തനാക്കിയത് വിവാഹം പോലും മാറ്റിവച്ചു കുടുംബത്തിനായി അധ്വാനിക്കുന്ന മൂത്ത ജ്യേഷ്ഠന്റെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യമാണ്.

ഖാന്‍ ചന്ദ്രയുടെ അഞ്ചു മക്കളില്‍ മൂന്നാമനായ റിങ്കു പഠനത്തില്‍ അത്ര മികച്ചവനൊന്നുമായിരുന്നില്ല. ഒമ്പതാം ക്ലാസില്‍ തോറ്റതോടെ പഠനം നിര്‍ത്തിയ റിങ്കുവിന് ആകെ അറിയാവുന്നത് ക്രിക്കറ്റ് മാത്രമാണ്. അതിലൂടെയാണ് മൂന്നു വര്‍ഷം മുമ്പ് അഞ്ചു ലക്ഷത്തിന്റെ കടക്കെണിയിലായി നട്ടംതിരിഞ്ഞ കുടുംബത്തെ അവര്‍ കരകയറ്റിയത്.

യു.പി. അണ്ടര്‍ 19 ടീമില്‍ തനിക്കു ലഭിക്കുന്ന ദിനബത്ത കൂട്ടിവച്ചാണ് അന്ന് റിങ്കു കടംവീട്ടിയത്. യു.പി. ടീമിലെ പ്രകടനം അവനെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെത്തിച്ചു. പക്ഷേ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ അവന് കഴിഞ്ഞില്ല.

കുടുംബത്തിലെ ദാരിദ്ര്യം കാരണം റിങ്കുവിനെ ക്രിക്കറ്റ് കളിക്കാന്‍ വിടാന്‍ അച്ഛന് താല്‍പ്പര്യമുണ്ടായിരുന്നില്ല. വീടിനായി ജോലി ചെയ്യുന്ന മൂത്ത രണ്ടു മക്കളുടെ ചുമലിലെ ഭാരം കുറയ്ക്കാന്‍ എന്തെങ്കിലും ജോലി കണ്ടെത്താനായിരുന്നു അദ്ദേഹം റിങ്കുവിനെ ഉപദേശിച്ചിരുന്നത്. എന്നാല്‍ അച്ഛന്റെ വാക്കുകള്‍ കേള്‍ക്കാതെ ബാറ്റുമായി ഗ്രൗണ്ടിലേക്കിറങ്ങിയിരുന്ന റിങ്കു ഇന്ന് അവരുടെ അഭിമാനമായി മാറുകയാണ്.

ഡല്‍ഹിയില്‍ നടന്ന ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദ സീരീസ് ആയി ഒരു മോട്ടോര്‍ സൈക്കിള്‍ സമ്മാനം നേടിയതോടെയാണ് റിങ്കുവിലെ ക്രിക്കറ്ററെ ആ കുടുംബം അംഗീകരിച്ചത്. നാട്ടിലെത്തിച്ച ആ മോട്ടോര്‍ സൈക്കിള്‍ ഉടന്‍തന്നെ അച്ഛന്റെ സൈക്കിളിനെ 'പുറത്താക്കി' പാചകവാതക സിലിണ്ടര്‍ വിതരണം 'ഏറ്റെടുത്തു'.

അതിനൊക്കെ മുമ്പേ ഒരിക്കല്‍ ക്രിക്കറ്റ് മതിയാക്കാനും റിങ്കു ആലോചിച്ചിരുന്നു. അച്ഛന്റെ നിരന്തരമുള്ള ശകാരം കാരണം ഒരിക്കല്‍ ജ്യേഷ്ഠനോട് തനിക്ക് എന്തെങ്കിലും ജോലി കണ്ടെത്തിത്തരാനാണ് റിങ്കു ആവശ്യപ്പെട്ടത്. ജ്യേഷ്ഠന്റെ പരിചയത്തില്‍ ലഭിച്ച ജോലി ഒരു വീട്ടുവേലക്കാരന്റേതായിരുന്നു. ക്രിക്കറ്റ് ബാറ്റേന്തേണ്ട കൈയില്‍ ചൂലെടുത്തപ്പോള്‍ അവന്റെ ഹൃദയം പൊടിഞ്ഞു കാണണം.

പക്ഷേ കുടുംബത്തിന്റെ പ്രാരാബ്ധം കാരണം അവന് ജോലി ചെയ്‌തേ മതിയാകുമായിരുന്നുള്ളു. ഒരാഴ്ചയിലേറെ തൂപ്പും തുടപ്പുമായി സമീപത്തെ ഒരു ധനികന്റെ വീട്ടില്‍ ജോലി ചെയ്ത റിങ്കുവിന് പക്ഷേ ക്രിക്കറ്റിനോടുള്ള അഭിനിവേശം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരാഴ്ചയ്ക്കു ശേഷം സ്വന്തം വീട്ടിലേക്കും അച്ഛന്റെ ശകാരങ്ങളിലേക്കും മടങ്ങിയെത്തിയ റിങ്കു തീരുമാനിച്ചുറപ്പിച്ചിരുന്നു, ഇനി താന്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു മാത്രമേയുള്ളൂ!

ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ താരം ഏറെ വൈകാതെ യു.പി. സീനിയര്‍ ടീമിലെത്തി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പക്ഷേ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയി. 2021-ലെ ഐ.പി.എല്‍ താരലേലത്തില്‍ പഞ്ചാബ് കിങ്‌സ് അടിസ്ഥാന വിലയ്ക്ക് താരത്തെ സ്വന്തമാക്കിയെങ്കിലും കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല.

റിങ്കുവിന്റെ ഭാഗ്യം തെളിയുന്നത് 2022 സീസണിലെ ലേലത്തിനു മുമ്പായി മുംബൈ ഇന്ത്യന്‍സ് സെലക്ഷന്‍ ട്രയല്‍സിനു വിളിക്കുന്നതോടെയാണ്. ട്രയല്‍സില്‍ 31 പന്തില്‍ 91 റണ്‍സ് നേടിയ താരത്തെ അന്നേ മുംബൈ നോട്ടമിട്ടിരുന്നു. തുടര്‍ന്ന് നടന്ന ലേലത്തില്‍ താരത്തിനായി ആദ്യ മുന്നിട്ടിറങ്ങിയത് മുംബൈ ആയിരുന്നു.

എന്നാല്‍ റിങ്കുവിനെ കൃത്യമായി സ്‌കൗട്ട് ചെയ്തിരുന്ന കൊല്‍ക്കത്തയും രംഗത്തിറങ്ങിയതോടെ മുംബൈയുടെ തന്ത്രങ്ങള്‍ ഫലം കണ്ടില്ല. പഴ്‌സിന്റെ കനം നോക്കി മുംബൈ 75 ലക്ഷത്തില്‍ ലേലം വിളി നിര്‍ത്തിയപ്പോള്‍ 80 ലക്ഷം നല്‍കി താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു.

തനിക്കുവേണ്ടി മുംബൈയും കൊല്‍ക്കത്തയും നടത്തുന്ന വാശിയേറിയ ലേലം വിളി വീട്ടിലെ 21 ഇഞ്ച് ടെലിവിഷനില്‍ കണ്ട് അമ്പരന്നിരിക്കുകയായിരുന്നു റിങ്കു അപ്പോള്‍. ''അടിസ്ഥാന വിലയായ 20 ലക്ഷമെങ്കിലും കിട്ടി ഏതെങ്കിലും ടീമില്‍ കയറണമെന്നായിരുന്നു ആഗ്രഹം. 80 ലക്ഷമെന്നു കേട്ടപ്പോള്‍ ജ്യേഷ്ഠന്റെയും ഇളയ സഹോദരിയുടെയും വിവാഹത്തിന് എന്തു നല്‍കണമെന്നാണ് ആലോചിച്ചത്. ഒപ്പം സൗകര്യമുള്ള ഒരു വീട് വാങ്ങണമെന്നും''- കൊല്‍ക്കത്ത ടീമിലെത്തിയെന്നറിഞ്ഞപ്പോള്‍ റിങ്കുവിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്.

തന്റെ ഭാഗ്യം സെലക്ഷന്‍ ട്രയല്‍സിനെ പ്രകടനമായിരുന്നുവെന്നാണ് ഇന്നും റിങ്കു വിശ്വസിക്കുന്നത്. ''ആ പ്രകടനമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ആഭ്യന്തര സീസണില്‍ മികച്ച പ്രകടനമായിരുന്നു എന്റേത്. പക്ഷേ ഇത്ര വലിയ തുകയ്ക്ക് ഏതെങ്കിലും ഒരു ടീം എന്നെ സ്വന്തമാക്കുമെന്ന് കരുതിയിരുന്നില്ല. എന്റെ കുടുംബത്തിലോ ബന്ധുജനങ്ങള്‍ക്കിടയിലോ ആരും തന്നെ ഇത്രയും വലിയ തുക ഒന്നിച്ചു കണ്ടിട്ടില്ല'' -എന്നായിരുന്നു റിങ്കുവിന്റെ പ്രതികരണം.

ഇന്നലെ റിങ്കു കാഴ്ചവച്ച പ്രകടനം ഒരു വര്‍ഷം മുമ്പേ തന്നെ സംഭവിക്കേണ്ടതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2022 മേയ് 18-ന്. അന്ന് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ കൊല്‍ക്കത്തയ്ക്കായി ഇത്തരമൊരു പ്രകടനം റിങ്കു കാഴ്ചവച്ചിരുന്നു. പക്ഷേ അന്നത് പൂര്‍ത്തീകരിക്കാന്‍ താരത്തിനായില്ല.

ലഖ്‌നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത തകര്‍ച്ചയോടെയാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് നിതീഷ് റാണ(42), നായകന്‍ ശ്രേയസ് അയ്യര്‍(50), സാം ബില്ലിങ്‌സ്(36) എന്നിവരുടെ കരുത്തില്‍ കരകയറിയ കൊല്‍ക്കത്ത പക്ഷേ വീണ്ടും തകര്‍ന്നു. ഇവര്‍മൂന്നുപേരെയും ഒപ്പം അപകടകാരിയായ ആന്ദ്രെ റസലിനെയും മടക്കിയ ലഖ്‌നൗ 16.4 ഓവറില്‍ ആറിന് 150 എന്ന നിലയിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ റിങ്കു-സുനില്‍ നരെയ്ന്‍ സഖ്യം കൂറ്റനടികളുമായി മത്സരം വീണ്ടും മാറ്റിമറിച്ചു. ക്ഷണവേഗത്തില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇവര്‍ ടീമിനെ ജയത്തിനരികെ എത്തിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സായിരുന്നു കൊല്‍ക്കത്തയ്ക്കു വേണ്ടിയിരുന്നത്. മാര്‍ക്കസ് സ്‌റ്റോയിനിസ് എറിഞ്ഞ ആദ്യ പന്തില്‍ ഫോറും അടുത്ത രണ്ടു പന്തുകളില്‍ സിക്‌സറും നാലാം പന്തില്‍ രണ്ടു റണ്‍സും നേടിയ റിങ്കു ടീമിനെ 208-ല്‍ എത്തിച്ചു.

ജയിക്കാന്‍ ഇനി രണ്ടു പന്തില്‍ വേണ്ടത് മൂന്നു റണ്‍സ്. എന്നാല്‍ സ്‌റ്റോയ്‌നിസിന്റെ അഞ്ചാം പന്തില്‍ റിങ്കുവിനു പിഴച്ചു. ബൗണ്ടറി എന്നുറപ്പിച്ച മികച്ച ഷോട്ട് പക്ഷേ എവിന്‍ ലൂയിസിന്റെ ഒരസാധാരണ ക്യാച്ചിലൊതുങ്ങി. അവസാന പന്തില്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ ഉമേഷ് യാദവിനെ പുറത്താക്കി സ്‌റ്റോയ്‌നിസ് ലഖ്‌നൗവിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. അന്ന് 15 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സറും സഹിതം 40 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിട്ടും വിജയം നേടാന്‍ കഴിയാതെ പോയ റിങ്കു മത്സരശേഷം പൊട്ടിക്കരയുന്ന കാഴ്ച ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണാനിടയില്ല. അന്നത്തെ ആ കണ്ണീരിനെ ഇന്നലെ വിജയസ്മിതമാക്കി മാറ്റാന്‍ കഴിഞ്ഞ ആഹ്‌ളാദത്തിലാണ് റിങ്കു ഇപ്പോള്‍.

വീട്ടുവേലക്കാരനായി അവസാനിക്കേണ്ടിയിരുന്ന തന്റെ ജീവിതം ക്രിക്കറ്റിന്റെ ഗ്ലാമര്‍ ലോകത്തേക്ക് വളര്‍ത്തിയെടുക്കാന്‍ റിങ്കു സിങ് എന്ന യുവതാരം സഹിച്ച കഷ്ടപ്പാടുകള്‍ ചെറുതല്ല. പക്ഷേ ഇപ്പോഴും താന്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചിട്ടില്ലെന്നാണ് റിങ്കു വിശ്വസിക്കുന്നത്. അവന്റെ സ്വപ്‌നത്തില്‍ എന്നും ടീം ഇന്ത്യയുടെ നീല ജഴ്‌സിയായിരുന്നു. ആ ജഴ്‌സിയില്‍ റിങ്കുവിനെ ഉടന്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

logo
The Fourth
www.thefourthnews.in