''അത് ധോണിയായിരുന്നെങ്കില്‍...''; രോഹിതിന്റെ മികവിന് കൈയടി ലഭിക്കുന്നില്ലെന്ന്‌ ഗവാസ്കർ

''അത് ധോണിയായിരുന്നെങ്കില്‍...''; രോഹിതിന്റെ മികവിന് കൈയടി ലഭിക്കുന്നില്ലെന്ന്‌ ഗവാസ്കർ

രോഹിത് മുംബൈ ഇന്ത്യന്‍സിന് വേണ്ടി അഞ്ച് കിരീങ്ങള്‍ നേടിയിട്ടുണ്ട്, എന്നിട്ടും എല്ലാവരും അദ്ദേഹത്തിൻ്റെ നേതൃത്വത്തെ വിലകുറച്ചു കാണുകയാണെന്ന് ഗാവസ്‌കര്‍ കുറ്റപ്പെടുത്തി
Updated on
2 min read

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കിരീട നേട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ നീലപ്പട കപ്പുയര്‍ത്തിയത്. എന്നാല്‍ ടീമിനെ ഇത്രയും തവണ ചാമ്പ്യന്മാരാക്കിയിട്ടും നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വപാഠവത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറും ഇതേ അഭിപ്രായക്കാരനാണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ അണ്‍ ക്യാപ്പ്ഡ് പേസര്‍ ആകാശ് മധ്വാള്‍ മുംബൈയെ വമ്പന്‍ ജയത്തിലേക്ക് നയിച്ചതിന് പിന്നാലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കി മുന്നോട്ട് നയിക്കുന്ന ക്യാപ്റ്റന്‍ രോഹിതിന്‌ ധാരാളം പ്രശംസകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണിക്ക് ലഭിക്കുന്ന പ്രശംസയും പ്രാധാന്യവും രോഹിതിന്‌ ലഭിക്കുന്നില്ലെന്നാണ് ഗാവസ്‌കര്‍ പറയുന്നത്.

'' ആ മനുഷ്യന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അഞ്ച് കിരീങ്ങള്‍ നേടിയിട്ടുണ്ട്'', എന്നിട്ടും എല്ലാവരും രോഹിത്തിന്റെ നേതൃത്വത്തെ വിലകുറച്ചു കാണുന്നു. ഞാന്‍ ഒരു ഉദാഹരണം പറയാം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറില്‍ ഓവര്‍ ദ വിക്കറ്റായാണ് മധ്വാള്‍ പന്തെറിഞ്ഞത്. ഓവറിന്റെ നാലാം പന്തില്‍ താരം ലഖ്‌നൗ താരം ആയുഷ് ബദോനിയെ പുറത്താക്കുകയും ചെയ്തു. സാധാരണ ഒരു ബൗളര്‍ ഓവര്‍ ദ വിക്കറ്റ് അല്ലെങ്കില്‍ എറൗണ്ട് ദ വിക്കറ്റ് ഇതില്‍ രണ്ടില്‍ ഏതെങ്കിലും ഒരു സൈഡില്‍ താളം കണ്ടെത്തിയാല്‍ അത് തന്നെയാണ് പിന്തുടരുക, എന്നാല്‍ രോഹിത് നിര്‍ബന്ധപൂര്‍വം മധ്വാളിനെക്കൊണ്ട് അടുത്ത പന്ത് എറൗണ്ട് ദ വിക്കറ്റ് എറിയിക്കുകയായിരുന്നു. ലൈനില്‍ പിച്ച് ചെയ്തു പുറത്തേക്കു പോകുന്ന പന്തുകള്‍ വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരന്റെ ദൗര്‍ബല്യമാണെന്നു തിരിച്ചറിഞ്ഞായിരുന്നു ആ നീക്കം. അത് ഫലം കാണുകയും മത്സരത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. അപകടകാരിയായ പൂരന്‍ നേരിട്ട ആദ്യ പന്തില്‍ പുറത്ത്. രോഹിത് എന്ന ക്യാപ്റ്റന്റെ മികച്ച തന്ത്രമായിരുന്നു അത്''- ഗാവസ്‌കര്‍ പറഞ്ഞു.

മധ്വാള്‍ ധോണിയുടെ കീഴിലാണ് ഇങ്ങനെയൊരു പ്രകടനം പുറത്തെടുത്തതെങ്കില്‍ ആ നാല്പത്തൊന്നുകാരന്റെ ക്യാപ്റ്റന്‍സി കരുത്തിനെ കുറിച്ച് എല്ലാവരും വാതോരാതെ പുകഴ്ത്തിയേനെ

''മധ്വാള്‍ ധോണിയുടെ കീഴിലാണ് ഇങ്ങനെയൊരു പ്രകടനം പുറത്തെടുത്തതെങ്കില്‍ ആ നാല്പത്തൊന്നുകാരന്റെ ക്യാപ്റ്റന്‍സി കരുത്തിനെ കുറിച്ച് എല്ലാവരും വാതോരാതെ പുകഴ്ത്തിയേനെ, എന്നാല്‍ ഇതൊന്നും രോഹിത്തിലേക്ക് കടന്നുവരുന്നേയില്ല. തുഷാര്‍ ദേശ്പാണ്ഡെയിലെ പ്രതിഭയെ പുറത്തെടുത്തതിന് ക്രിക്കറ്റ് ലോകം ക്യാപ്റ്റന്‍ ധോണിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. അജിങ്ക്യ രഹാനെ, ശിവം ദൂബെ എന്നിവരുടെ തിരിച്ചുവരവിനും ധോണി പ്രശംസിക്കപ്പെട്ടു. എന്നാല്‍ രോഹിതിന്റെ മികവ് മാത്രം ആരും കാവണുന്നില്ല''- ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

''ഇത് ചെന്നൈയും ധോണിയും ആയിരുന്നെങ്കില്‍ എല്ലാ പ്രശംസയും ധോണിയിലേക്ക് പോയേനെ. നിക്കോളാസ് പുരാനെ പുറത്താക്കാന്‍ തന്ത്രം മെനഞ്ഞത് ധോണിയാണെന്നാകും എല്ലാവരും പറയുക. മിക്കവാറും ഇത് തന്നെയാണ് സംഭവിക്കുന്നത്, ചില സംഭവങ്ങളില്‍ കുറച്ച് പൊലിപ്പിച്ച് പറയുന്നതും സ്വാഭാവികമാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'' ക്യാപ്റ്റന്‍സിയെക്കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കുക, മുംബൈ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ നേഹല്‍ വധേരയെ ഇംപാക്ട് പ്ലെയറായി ഇറക്കിയിരുന്നു, സാധാരണ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്ന ടീമുകള്‍ ഇംപാക്ട് പ്ലെയേഴ്‌സിനെ ഇറക്കാറില്ല, എന്നാല്‍ ലഖ്‌നൗവിനെതിരായ നിര്‍ണായക മത്സരത്തില്‍ രോഹിത് നേഹലിനെ കളത്തിലിറക്കുകയായിരുന്നു. ആ ക്രെഡിറ്റ് രോഹിത്തിന് തന്നെ കൊടുക്കണം'' ഗവാസ്‌കര്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in