അര്‍ധസെഞ്ചുറിയുമായി ഗ്രീന്‍; 'പച്ച പിടിച്ച്' മുംബൈ

അര്‍ധസെഞ്ചുറിയുമായി ഗ്രീന്‍; 'പച്ച പിടിച്ച്' മുംബൈ

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന മധ്യനിര താരം കാമറൂണ്‍ ഗ്രീനിന്റെ മികച്ച ഫിനിഷിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച യുവതാരം തിലക് വര്‍മയുടെ പ്രകടനവുമാണ് മുംബൈയ്ക്കു തുണയായത്.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. ഹൈദരാബാദിലെ ഉപ്പാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന മധ്യനിര താരം കാമറൂണ്‍ ഗ്രീനിന്റെ മികച്ച ഫിനിഷിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച യുവതാരം തിലക് വര്‍മയുടെ പ്രകടനവുമാണ് മുംബൈയ്ക്കു തുണയായത്. ഗ്രീന്‍ 40 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 64 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 17 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 37 റണ്‍സ് നേടിയ തിലകാണ് മുംബൈയ്ക്ക് മികച്ച സ്‌കോറിലേക്കുള്ള അടിത്തറ പാകിയത്.

31 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 38 റണ്‍സ് നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷന്‍, 18 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 28 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. അതേസമയം സൂര്യകുമാര്‍ യാദവ്(7) വീണ്ടും നിരാശപ്പെടുത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് പതിഞ്ഞ തുടക്കമായിരുന്നു ആദ്യം. എന്നാല്‍ രണ്ടോവറുകള്‍ക്കു ശേഷം ഗിയര്‍ മാറ്റി രോഹിത് ശര്‍മ തകര്‍ത്തടിച്ചു തുടങ്ങിയെങ്കിലും നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ല. 4.4 ഓവറില്‍ ടീം സ്‌കോര്‍ 41 -ല്‍ നില്‍ക്കെ നടരാജന്റെ പന്തില്‍ രോഹിത് വീണു.

പിന്നീട് ഒത്തുചേര്‍ന്ന ഇഷാന്‍ കിഷനും ഗ്രീനും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്‌കോറിങ് നിരക്ക് മന്ദഗതിയിലായിരുന്നു. 11.1 ഓവറില്‍ ടീം സ്‌കോര്‍ 87-ല്‍ നില്‍ക്കെ ഇഷാന്‍ വീണു. അതേ ഓവറില്‍ തന്നെ സൂര്യകുമാറും വീണതോടെ മൂന്നിന് 95 എന്ന നിലയിലായി മുംബൈ.

നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന തിലക്-ഗ്രീന്‍ സഖ്യമാണ് മുംബൈയെ തിരികെ എത്തിച്ചത്. 28 പന്തുകളില്‍ നിന്ന് 56 റണ്‍സ് അടിച്ചുകൂട്ടിയ അവര്‍ മുംബൈയെ ട്രാക്കിലെത്തിബ്ബു. 17-ാം ഓവറില്‍ മൂന്നാം പന്തില്‍ തിലക് വീണെങ്കിലും പിന്നീട് എത്തിയ ടിം ഡേവിഡിനെ(16) കൂട്ടുനിര്‍ത്തി ഗ്രീന്‍ ടീമിനെ 190 കടത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in