യാഷ് ദയാല്‍ തിരിച്ചുവരാന്‍ സമയമെടുക്കും, ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല: ഹാര്‍ദ്ദിക് പാണ്ഡ്യ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ഗുജറാത്ത് ടൈറ്റന്‍ ബൗളര്‍ യാഷ് ദയാല്‍ തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കുമെന്ന് ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഉയര്‍ന്ന സ്‌കോറിങ് ത്രില്ലറില്‍ ഇടങ്കയ്യന്‍ പേസര്‍ അവസാന ഓവറില്‍ വരുത്തിയ പിഴവിലൂടെയാണ് ഗുജറാത്ത് പരാജയപ്പെട്ടത്. അതിന് ശേഷമുള്ള മത്സരങ്ങളില്‍ പകരക്കാരനായി പോലും യാഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
കഴിഞ്ഞ സീസണില്‍ ഗുജറാത്തിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ച കളിക്കാരനെ ഒറ്റ മത്സരം കൊണ്ട് വിലയിരുത്തി പുറത്തു നിര്‍ത്തിയതിനെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
യാഷ് ദയാല്‍ ടീമിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് കൃത്യമായി തനിക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് പാണ്ഡ്യ പറഞ്ഞത്. ''അന്നത്തെ മത്സരത്തിനുശേഷം അസുഖബാധിതനായ യാഷിന് ഫിറ്റ്‌നസ് കുറവാണ്. ഏഴോ എട്ടോ കിലോയോളം ഭാരം കുറഞ്ഞു. കൂടാതെ സമ്മര്‍ദ്ദം മൂലം അദ്ദേഹം ഇപ്പോള്‍ ഫീല്‍ഡ് ചെയ്യാന്‍ പര്യാപ്തനല്ല. അതിനാൽ അദ്ദേഹത്തെ കളിക്കളത്തില്‍ കാണാന്‍ കുറച്ച് സമയമെടുക്കും,'' പാണ്ഡ്യ വ്യക്തമാക്കി.
ഏപ്രില്‍ ഒൻപതിന് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കു മുന്നില്‍ 209 റണ്‍സ് വിജയലക്ഷ്യമാണ് ഗുജറാത്ത് വച്ചത്. വിജയം കൈയ്യെത്തും ദൂരത്ത് എത്തിയ സമയത്താണ് അവസാന ഓവര്‍ എറിഞ്ഞ യാഷ് ദയാല്‍ ഗുജറാത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചത്. അവസാന ഓവറില്‍ വേണ്ടിയിരുന്ന 29 റണ്‍സിനെ പ്രതിരോധിക്കാന്‍ യാഷിന് കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന അഞ്ച് പന്തുകളില്‍നിന്ന് അഞ്ച് സിക്‌സർ പറത്തി കെല്‍ക്കത്തയുടെ റിങ്കു സിങ് ഗുജറാത്തിനുമേല്‍ ആണിയടിച്ചു.
യാഷിന് പകരം ടീമിലെത്തിയ വെറ്ററന്‍ പേസര്‍ മോഹിത് ശര്‍മ ടൈറ്റന്‍സിനായി മികച്ച പ്രകടനം പുറത്തെടുത്തു
ആ മത്സരത്തിന് ശേഷം യാഷ് പ്ലേയിങ് ഇലവനിലോ പകരക്കാരുടെ പട്ടികയിലോ ഇടം നേടിയിട്ടില്ല. ഐപിഎല്‍ 2023 സീസണില്‍ മൂന്ന് മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ മോശം പ്രകടനം കണക്കിലെടുത്ത് ടീം യാഷിനെ തഴഞ്ഞെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ ടീം അദ്ദേഹത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് പാണ്ഡ്യ പറഞ്ഞു.
യാഷിന് പകരം ടീമിലെത്തിയ വെറ്ററന്‍ പേസര്‍ മോഹിത് ശര്‍മ ടൈറ്റന്‍സിനായി മികച്ച പ്രകടനം പുറത്തെടുത്തു. മോഹിത് നാല് മത്സരങ്ങളില്‍നിന്ന് ആറ് വിക്കറ്റ് വീഴ്ത്തി.