ആ രാത്രി ധോണി കരയുന്നത് ഞങ്ങള്‍ കണ്ടു; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍

ആ രാത്രി ധോണി കരയുന്നത് ഞങ്ങള്‍ കണ്ടു; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍

എല്ലാവരും 'ക്യാപ്റ്റന്‍ കൂള്‍' എന്ന് വിളിക്കുന്ന മഹേന്ദ്ര സിങ്‌ ധോണി പരസ്യമായി പൊട്ടിക്കരഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്ന് മുന്‍ സഹതാരമായ ഹര്‍ഭജന്‍ സിങ് പറയുന്നത്
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫില്‍ എത്തിക്കഴിഞ്ഞു. ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കുമെന്ന് നിരവധി പേര്‍ വിശ്വസിക്കുന്നതിനാല്‍ സിഎസ്‌കെ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷങ്ങളാണ് കടന്നുപോകുന്നത്. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എംഎസ് ധോണിയുടെ ബന്ധത്തെക്കുറിച്ച് മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 2018 സീസണില്‍ തുടക്കത്തിലെ ഒരു ടീം ഡിന്നറിനിടയില്‍ ധോണി വികാരാധീനനായി പൊട്ടിക്കരഞ്ഞു എന്നായിരുന്നു ഹര്‍ഭജന്‍ സിങ് വെളിപ്പെടുത്തിയത്.

വികാരങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന ഒരാളായാണ് ധോണിയെ പലരും വിലയിരുത്തിയിരിക്കുന്നത്. കളിക്കളങ്ങളില്‍ എത്ര സംഘര്‍ഷഭരിതമായ സാഹചര്യമുണ്ടായാലും ധോണിയുടെ ശാന്തത നഷ്ടപ്പെടുന്നത് വളരെ വിരളമായ സാഹചര്യങ്ങളിലായിരിക്കും. പക്ഷേ എല്ലാവരും ക്യാപ്റ്റന്‍ കൂള്‍ എന്ന് വിളിക്കുന്ന ധോണി കരഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ മുന്‍ സഹതാരമായ ഹര്‍ഭജന്‍ സിങ് പറയുന്നത്.

മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്പിന്നര്‍ ഇമ്രാന്‍ താഹിറും ഇക്കാര്യം സാധൂകരിച്ച് രംഗത്തെത്തി

സ്റ്റാര്‍ സ്‌പോട്‌സിന് നല്‍കിയ ഒരഭിമുഖത്തിലാണ് ഹര്‍ഭജന്റെ വെളിപ്പെടുത്തല്‍. വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് രണ്ട് സീസണിലെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് 2018 ല്‍ വീണ്ടും മത്സരിക്കാം എന്ന് അറിയിച്ച ശേഷം സംഘടിപ്പിച്ച ടീം ഡിന്നറിനിടെയാണ്‌ അദ്ദേഹം കരഞ്ഞത്. മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്പിന്നര്‍ ഇമ്രാന്‍ താഹിറും ഇക്കാര്യം സാധൂകരിച്ച് രംഗത്തെത്തി.

''പുരുഷന്മാര്‍ കരയരുത് എന്നൊരു ചൊല്ലുണ്ട്. പക്ഷേ ആ രാത്രിയില്‍ അദ്ദേഹം കരയുന്നത് ഞാന്‍ നേരിട്ട് കണ്ടു. ഇതൊന്നും ആര്‍ക്കും ഇതുവരെ അറിയില്ല. 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞങ്ങള്‍ തിരിച്ചെത്തിയത്. അപ്രാവശ്യം തന്നെ കിരീടവും നേടി. ഞങ്ങളുടെ ടീമിന് എല്ലാവരും ''വൃദ്ധന്മാര്‍'' എന്ന ടാഗാണ് നല്‍കിയത്. അദ്ദേഹത്തിന്റെ ടീമിലായതിലും ആ വിജയത്തിലും വളരെയധികം അഭിമാനമുണ്ട്. ഇമ്രാന്‍ താഹിര്‍ പറഞ്ഞു.

ടീമിലെ എല്ലാ അംഗങ്ങളെയും ഒരുപോലെ സ്‌നേഹിക്കാനും ധോണിക്ക് മാത്രമേ കഴിയുകയുള്ളു.

''ധോണിക്ക് തന്റെ ടീമുമായി എത്രത്തോളം ബന്ധമുണ്ട് എന്നതിന്റെ തെളിവാണിത്. ടീമിനെ സ്വന്തം കുടുംബമായാണ് അദ്ദേഹം കണ്ടിരുന്നത്. ടീമിലെ എല്ലാ അംഗങ്ങളെയും ഒരുപോലെ സ്‌നേഹിക്കാനും അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളു''- താഹിര്‍ കൂട്ടിച്ചേര്‍ത്തു.

2015, 2017 വര്‍ഷങ്ങളില്‍ ഐപിഎല്ലില്‍ നിന്ന് സിഎസ്‌കെയെ വിലക്കിയിരുന്നു. ഐപിഎല്ലിലെ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച് സുപ്രീംകോടതി ലോധ കമ്മിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ ഐപിഎല്‍ മത്സരങ്ങളില്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടതായി സമിതി കണ്ടെത്തിയിരുന്നു. ടീം സെലക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ മെയ്യപ്പന്‍ വാതുവെപ്പുകാര്‍ക്ക് കൈമാറിയതായും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു വിലക്ക്.

logo
The Fourth
www.thefourthnews.in