ജേസണ്‍ റോയ്
ജേസണ്‍ റോയ്

കൊല്‍ക്കത്തയ്ക്ക് ആശ്വാസം; ശ്രേയസ് അയ്യര്‍ക്കും ഷാക്കിബിനും പകരക്കാരനായി ജേസണ്‍ വരും

സണ്‍റൈസേഴ്‌സ്‌നായി 2021 സീസണിലാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ പ്രത്യക്ഷപ്പെട്ടത്
Updated on
1 min read

ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയെ ടീമിലെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നായകന്‍ ശ്രേയസ് അയ്യരുടെയും ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെയും അഭാവത്തിലാണ് ഒപ്പുവച്ച് ജേസണ്‍ റോയ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി പാഡണിയുന്നത്. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനായി 2.8 കോടി രൂപയ്ക്കാണ് ജേസണ്‍ ടീമിലെത്തിയത്. 1.5 കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ജേസണ്‍ 2023 മിനി ലേലത്തില്‍ വിറ്റുപോയിരുന്നില്ല.

കൊല്‍ക്കത്തയുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ശ്രേയസ് അയ്യര്‍ നടുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഈ സീസണിന്റെ പകുതിയില്‍ എങ്കിലും താരം കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും പരുക്ക് അനുവദിച്ചില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഓള്‍റൗണ്ടര്‍ ഷാക്കിബ് ഹസന്‍ ഈ സീസണില്‍ നിന്ന് വിട്ടു നിന്നത്. ഇരുവരുടെയും അസാന്നിധ്യം ടീമിനെ കാര്യമായി ബാധിച്ചിരുന്നു. പഞ്ചാബ് കിങ്‌സിനോട് തോറ്റാണ് കൊല്‍ക്കത്ത ഐപിഎല്‍ 2023 ന് തുടക്കമിട്ടത്.

വ്യാഴാഴ്ച്ച ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് രണ്ടാം മത്സരം

ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ നാല് ടീമുകള്‍ക്ക് വേണ്ടി ജേസണ്‍ ഐപിഎല്‍ കളിച്ചിട്ടുണ്ട്. സണ്‍റൈസേഴ്‌സ്‌നായി 2021 സീസണിലാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ആ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 150 റണ്‍സ് നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയെങ്കിലും ക്രിക്കറ്റില്‍ നിന്നും ഇടവേള എടുക്കുന്നതിന്റെ ഭാഗമായി മാറിനില്‍ക്കുകയായിരുന്നു.

മഴമൂലം മൊഹാലിയില്‍ പഞ്ചാബിനോട് ഏഴ് റണ്‍സിന് തോറ്റ കൊല്‍ക്കത്ത ആദ്യജയം തേടിയാണ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. വ്യാഴാഴ്ച്ച ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് രണ്ടാം മത്സരം.

logo
The Fourth
www.thefourthnews.in