ഹിറ്റ്മാന് പിറന്നാള്‍, ഐ.പി.എല്ലിന് 'ആയിരാം' രാവ്; എതിരാളികളായി റോയല്‍സ്

ഹിറ്റ്മാന് പിറന്നാള്‍, ഐ.പി.എല്ലിന് 'ആയിരാം' രാവ്; എതിരാളികളായി റോയല്‍സ്

മുംബൈ നിരയില്‍ സ്റ്റാര്‍ പേസര്‍ ജൊഫ്ര ആര്‍ച്ചറും യുവതാരം അര്‍ഷദ് ഖാനും തിരിച്ചെത്തിയപ്പോള്‍ രാജസ്ഥാന്‍ നിരയില്‍ പരുക്കില്‍ നിന്നു മുക്തനായി സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് തിരിച്ചെത്തി.
Updated on
1 min read

നായകന്‍ രോഹിത് ശര്‍മയുടെ പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 1000-ാമത് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‌ രാജസ്ഥാന്‍ റോയല്‍സിന്റെ വെല്ലുവിളി. സ്വന്തം തട്ടകമായ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പക്ഷേ ടോസ് ഭാഗ്യം മുംബൈയ്‌ക്കൊപ്പം നിന്നില്ല. നാണയഭാഗ്യം ലഭിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്. രണ്ടു തോല്‍വികള്‍ക്കു ശേഷം ഹോം തട്ടകത്തില്‍ തിരിച്ചെത്തുന്ന മുംബൈ നിരയില്‍ സ്റ്റാര്‍ പേസര്‍ ജൊഫ്ര ആര്‍ച്ചറും യുവതാരം അര്‍ഷദ് ഖാനും തിരിച്ചെത്തിയപ്പോള്‍ ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ പുറത്തുപോയി.

രാജസ്ഥാന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. പരുക്കില്‍ നിന്നു മുക്തനായി സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് തിരിച്ചെത്തിയപ്പോള്‍ ആദം സാംപയ്ക്ക് അവസരം നഷ്ടമായി.

ഏഴു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവുമായി ആറു പോയിന്റ് മാത്രമുള്ള മുംബൈയ്ക്ക് ഈ മത്സരം നിര്‍ണായകമാണ്. ഇന്നു ജയിച്ച് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. അതേസമയം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് രാജസ്ഥാന്റെ ലക്ഷ്യം.

നിലവില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി രണ്ടാമതാണ് അവര്‍. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് 12 പോയിന്റാണുള്ളത്. ഇന്ന് മുംബൈയെ കീഴടക്കിയാല്‍ രാജസ്ഥാനും 12 പോയിന്റാകും. റണ്‍നിരക്കിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഗുജറാത്തിനെ മറികടന്ന് ഒന്നാമതെത്താനും കഴിയും.

logo
The Fourth
www.thefourthnews.in