കൂട്ട തോല്‍വികള്‍ക്ക് പിന്നാലെ മോഷണവും; ഡല്‍ഹി താരങ്ങളുടെ 16 ബാറ്റടക്കം ലക്ഷക്കണക്കിന് രൂപയുടെ കിറ്റുകള്‍ മോഷ്ടിച്ചു

കൂട്ട തോല്‍വികള്‍ക്ക് പിന്നാലെ മോഷണവും; ഡല്‍ഹി താരങ്ങളുടെ 16 ബാറ്റടക്കം ലക്ഷക്കണക്കിന് രൂപയുടെ കിറ്റുകള്‍ മോഷ്ടിച്ചു

ഷൂസുകള്‍, പാഡുകള്‍, കയ്യുറകള്‍ എന്നിവ കൂടാതെ 16 ബാറ്റുകളും നഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്
Updated on
1 min read

്ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളില്‍ വലയുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ മോഷണവും. താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും ഷൂസും തൈ പാഡും ഗ്ലൗസുമെല്ലാം മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മത്സരത്തിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷമാണ് മോഷണവിവരം അറിയുന്നത്. നായകന്‍ ഡേവിഡ് വാര്‍ണര്‍, ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ഫില്‍ സാള്‍ട്ട്, യാഷ് ദുള്‍ എന്നിവരുടെ കിറ്റുകളിലെ പതിനാറ് ബാറ്റുകൾ, പാഡുകൾ, ഷൂസുകൾ, തൈ പാഡുകൾ, കയ്യുറകൾ എന്നിവയാണ് മോഷണം പോയത്.

ഞായറാഴ്ച, ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിന് ശേഷം തിരിച്ച് ഡല്‍ഹിയിലെത്തിയതായിരുന്നു ടീം. പിന്നീട് കിറ്റുകള്‍ അവരുടെ ഹോട്ടല്‍ മുറികളിലെത്തിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടിച്ച ബാറ്റുകളിൽ മൂന്ന് ബാറ്റുകൾ ക്യാപ്റ്റൻ ഡേവിഡ് വാർണറുടേതാണ്. അഞ്ച് ബാറ്റുകള്‍ യുവതാരം യാഷ് ദൂളിന്റേതും മൂന്നെണ്ണം വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന്റേതുമാണ്. മറ്റ് ചില കളിക്കാർക്ക് ഷൂസും ഗ്ലൗസും മറ്റ് ക്രിക്കറ്റ് ഉപകരണങ്ങളും നഷ്ടപ്പെട്ടു. വിദേശ താരങ്ങളുടെ ബാറ്റുകൾക്ക് ഒരുലക്ഷം രൂപയോളം വിലവരും.

ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും കളിക്കാരുടെ കിറ്റുകളില്‍ നിന്ന് കുറഞ്ഞത് ഒരു സാധനമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി ടീം അറിയിച്ചു

മോഷണ വിവരം താരങ്ങൾ അറിയിച്ചതിനെ തുടർന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ വച്ചാകാം മോഷണം നടന്നതെന്നാണ് സൂചന. ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും കളിക്കാരുടെ കിറ്റുകളില്‍ നിന്ന് കുറഞ്ഞത് ഒരു സാധനമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി ടീം അറിയിച്ചു. കളിക്കാരുടെ കിറ്റ് ബാഗുകളെല്ലാം സുരക്ഷിതമായി എത്തിക്കേണ്ട ചുമതല ഒരു സ്വകാര്യ കമ്പനിക്കാണ്. 

മോഷണം പോയവയില്‍ കൂടുതലും വിദേശ താരങ്ങളുടെ വിലപിടിപ്പുള്ള ഉപകരണങ്ങളാണ്. വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരൊണ് ഡല്‍ഹിയുടെ അടുത്ത ഹോം മത്സരം. ബാറ്റ് നഷ്ടപ്പെട്ട വിവരം താരങ്ങള്‍ ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ഫ്രാഞ്ചൈസി അധികൃതര്‍ ബാറ്റ് കമ്പനിക്കാരെ അറിയിച്ചതിനാല്‍ പരിശീലനത്തിന് മുന്‍പ് ബാറ്റുകള്‍ എത്തിക്കാന്‍ സാധിച്ചു.

logo
The Fourth
www.thefourthnews.in