പരുക്ക് ഗുരുതരം; രാഹുല്‍ ഐ.പി.എല്ലില്‍ നിന്ന് പുറത്ത്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സംശയത്തില്‍

പരുക്ക് ഗുരുതരം; രാഹുല്‍ ഐ.പി.എല്ലില്‍ നിന്ന് പുറത്ത്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സംശയത്തില്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു മുമ്പേ താരം പരുക്കില്‍ നിന്നു മുക്തനാകുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു.
Updated on
1 min read

ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നായകന്‍ കെ എല്‍ രാഹുല്‍ 2023 ലെ ഐപിഎല്ലില്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. റോയല്‍ ചലഞ്ചേഴ്‌സിനെതിരായ അവസാന മത്സരത്തിനിടെ കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് തീരുമാനം. രാഹുലിനെ സ്‌കാനിങ്ങിനായി മുംബൈയിലെത്തിക്കും. മുംബൈയില്‍ ബി.സി.സി.ഐ. ഏര്‍പ്പെടുത്തിയ പ്രത്യേക മെഡിക്കല്‍ സംഘമാണ് രാഹുലിന്റെ സ്‌കാനിങ് ഉള്‍പ്പടെയുള്ള ചികിത്സാ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുക. സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാകും ബിസിസിഐയുടെ മെഡിക്കല്‍ ടീം കൂടുതല്‍ നടപടിയിലേക്ക് കടക്കുക. രാഹുലിന്റെ അസാന്നിധ്യത്തില്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിനെ നയിക്കുന്നത്.

ജൂണ്‍ 7മുതല്‍ 11വരെ ലണ്ടനില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പന്യന്‍ഷിപ്പില്‍ കളിക്കാന്‍ രാഹുലിനെ സജ്ജനാക്കുമെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന

അതേസമയം, ജൂണ്‍ 7മുതല്‍ 11വരെ ലണ്ടനില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പന്യന്‍ഷിപ്പില്‍ കളിക്കാന്‍ രാഹുലിനെ സജ്ജനാക്കുമെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന.എന്നാല്‍ ഫൈനലിനു മുമ്പേ താരം പരുക്കില്‍ നിന്നു മുക്തനാകുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കെ എല്‍ രാഹുലിന്റെ കാലിന് പരിക്കേറ്റത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറിലായിരുന്നു രാഹുലിന് പരിക്കേറ്റത്. ബൗണ്ടറിയിലേക്ക് പോയ പന്തിന് പിന്നാലെ ഓടിയ രാഹുലിന്റെ വലത് ഹാംസ്ട്രിംഗിന് പരിക്കേല്‍ക്കുകയായിരുന്നു.

ഇതിന് ശേഷം മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പതിനൊന്നാം നമ്പറില്‍ രാഹുല്‍ ബാറ്റിങിന് ഇറങ്ങി. എന്നാല്‍ നിരാശയായിരുന്നു ഫലം. പരുക്ക് വകവെക്കാതെ ക്രീസില്‍ ഇറങ്ങിയ രാഹുലിന് ടീമിനെ ജയിപ്പിക്കാനായില്ല. കാലിന് ഗുരുതരമായി പരുക്കേറ്റ താരം മുടന്തിയാണ് ബാറ്റ് ചെയ്തത്. ആ കാഴ്ച ആരാധകര്‍ക്ക് ഒരേസമയം നിരാശയും, ആവേശവും പകര്‍ന്നു. പിന്നീട്, വേദന കൊണ്ട് പുളഞ്ഞ രാഹുലിനെ പുറത്തേക്ക് കൊണ്ടു പോകാന്‍ വൈദ്യസംഘം ആദ്യം സ്‌ട്രെച്ചര്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് സ്‌ട്രെച്ചറിന്റെ സഹായമില്ലാതെ തന്നെ താരം പുറത്തേക്ക് നടക്കുകയായിരുന്നു.

രാഹുലിനോടൊപ്പം തോളിന് പരിക്കേറ്റ പേസര്‍ ജയ്ദേവ് ഉനദ്കകട്ടിന്റെ ആരോഗ്യ സ്ഥിതിയും പ്രത്യേക മെഡിക്കല്‍ സംഘം പരിണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ച നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഉനദ്കട്ടിന് പരിക്കേറ്റത്. ഇതോടെ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ മത്സരത്തില്‍ കെ എല്‍ രാഹുലിനൊപ്പം ജയ്ദേവ് ഉനദ്കടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച താരമാണ്.

logo
The Fourth
www.thefourthnews.in