ഫീല്‍ഡിങ്ങിനിടെ രാഹുലിനു പരുക്ക്; ആശങ്ക ടീം ഇന്ത്യക്ക്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെ ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുലിനു ഗുരുതര പരുക്ക്. മത്സരത്തിന്റെ രണ്ടാം ഓവറിന്റെ അവസാന പന്തിലാണ് രാഹുല്‍ പരുക്കേറ്റ് മടങ്ങിയത്.
ലഖ്‌നൗ പേസര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എറിഞ്ഞ ഓവറിന്റെ അവസാന പന്ത് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലീസി ബൗണ്ടറിയിലേക്ക് പായിച്ചത് സേവ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് രാഹുലിനു പരുക്കേറ്റത്. പന്തിനു പിന്നാലെയുള്ള ഓട്ടത്തിനിടെ വലത് കാല്‍ത്തുടയിലെ മസിലിനു പരുക്കേല്‍ക്കുകയായിരുന്നു.
കടുത്ത വേദനയോടെ ഗ്രൗണ്ടില്‍ വീണ താരത്തിന് ആദ്യം പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മത്സരത്തില്‍ തുടരാനാകില്ലെന്നു ബോധ്യമായതോടെ കളത്തില്‍ നിന്നു പിന്മാറി. ടീം ഫിസിയോയും മറ്റും ചേര്‍ന്ന് താങ്ങിയാണ് രാഹുലിനെ കളത്തില്‍ നിന്നു പുറത്തേക്ക് കൊണ്ടുപോയത്.
നായകന്റെ പരുക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഖ്‌നൗ മാനേജ്‌മെന്റ് പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഐ.പി.എല്‍. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുലിന് തുടയിലെ പേശികള്‍ക്കു ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും ഏതാനും ആഴ്ചകള്‍ വിശ്രമം വേണ്ടിവരുമെന്നുമാണ് സൂചന.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. രാഹുലിന്റെ പരുക്ക് ടീം ഇന്ത്യയെ ആണ് വലയ്ക്കുന്നത്. ഐ.പി.എല്ലിനു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച താരമാണ് രാഹുല്‍. പരുക്കിനേത്തുടര്‍ന്നു വിട്ടുനില്‍ക്കേണ്ടി വന്നാല്‍ രാഹുലിന് പകരക്കാരനെ ടീം ഇന്ത്യക്ക് കണ്ടെത്തേണ്ടി വരും.