കോഹ്ലി- ഗംഭീർ വാക്‌പ്പോര് മൈതാനം വിട്ട് സോഷ്യൽ മീഡിയയിൽ; കോഹ്ലി പങ്കുവച്ച വീഡിയോ വൈറലാകുന്നു
വിരാട് കോഹ്ലി- ഗൗതം ഗംഭീർ വാക്‌പ്പോര് മൈതാനം വിട്ട് സോഷ്യൽ മീഡിയയിൽ തുടരുന്നതിനിടെ കോഹ്ലി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലാകുന്നു. താൻ പോസിറ്റീവ് കാര്യങ്ങൾ ചെയ്യാനാണ് ജീവിക്കുന്നതെന്നും ഭൂതകാലത്തില്‍ തുടരുന്നില്ലെന്നുമാണ് കോഹ്ലി പങ്കുവച്ച വീഡിയോയിൽ പറയുന്നത്. ഇതിന് തൊട്ടുപിന്നാലെ വീഡിയോ ആരാധകർ ഏറ്റെടുത്തു. ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഉപദേശകനായ ഗൗതം ഗംഭീറുമായും ലക്‌നൗ താരം നവീനുമായുള്ള വാക്ക് തർക്കത്തിന് അന്ത്യം കുറിക്കാനുള്ള കോഹ്‌ലിയുടെ നീക്കമാണിതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
അമേരിക്കന്‍ നടനും കൊമേഡിയനുമായ കെവിന്‍ ഹാര്‍ട്ടിന്‍റെ വീഡിയോയാണ് കോഹ്ലി ഇന്‍സ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചത്. "വെറുപ്പ്, ദേഷ്യം, നിഷേധാത്മകത... എനിക്ക് അതിനൊന്നിനും സമയമില്ല. കാരണം ഞാൻ ഒരുപാട് പോസിറ്റീവായ കാര്യങ്ങൾ ചെയ്യാനാണ് ജീവിക്കുന്നത്. എനിക്ക് ഭൂതകാലത്തിൽ നിൽക്കാൻ കഴിയില്ല''. എന്നാണ് വീഡിയോയില്‍ കെവിന്‍ ഹാര്‍ട്ട് പറയുന്നത്. ഗംഭീറുമായുള്ള വാക്‌പ്പോരിനെ സംബന്ധിച്ച് യാതൊരു പരാമർശവും കോഹ്‌ലി നൽകിയിരുന്നില്ല. എന്നാൽ ഗംഭീറുമായുള്ള തർക്കത്തിൽ മുന്നോട്ട് പോകാനുള്ള കോഹ്‌ലിയുടെ ശ്രമമായിട്ടാണ് ക്രിക്കറ്റ് ലോകം വീഡിയോയെ വിലയിരുത്തുന്നത്.
വാക് പോരിന് തുടക്കം
ലഖ്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തില്‍ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരമാണ് തർക്കത്തിന് തുടക്കം. തുടർന്ന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ലക്നൗ മെന്റർ ഗൗതം ഗംഭീറിനും ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖിനുമെതിരെ കടുത്ത നടപടിയാണ് ബിസിസിഐ സ്വീകരിച്ചത്.കോഹ്‌ലിയും ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും നവീന്‍ 50 ശതമാനവും പിഴയടയ്ക്കണം.ബാംഗ്ലൂരിനെതിരെ ചെറിയ റണ്‍ ചേസിനിറങ്ങിയ ലഖ്‌നൗവിന് അപ്രതീക്ഷിതമായ തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇതിലേക്ക് മറ്റ് താരങ്ങളും കൂടി ഉള്‍പ്പെട്ടതോടെ പ്രശ്‌നങ്ങളുടെ ഗതിമാറി.
കളിയുടെ അവസാനഘട്ടം അതായത്, 17ആം ഓവറില്‍ ക്രീസിലുണ്ടായിരുന്ന ലഖ്‌നൗ താരങ്ങളായ അമിത് മിശ്ര, നവീന്‍ എന്നിവരുമായി കോഹ്‌ലി ഉരസിയിരുന്നു. ഇതും മുൻ കളികളിലെ പ്രശ്നങ്ങളുമാണ് മൈതാനത്ത് നടന്ന നാടകീയരംഗങ്ങൾക്ക് വഴി ഒരുക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ ലഖ്‌നൗ പരാജയപ്പെടുത്തിയപ്പോള്‍ ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗൗതം കാണിച്ച സമാന ആംഗ്യം ലക്നൗവിനെ തോൽപ്പിച്ച ശേഷം കോഹ്‌ലിയും കാണിക്കുകയായിരുന്നു.
മത്സര ശേഷം കടുത്ത മുഖഭാവത്തോടെയായിരുന്നു കോഹ്‌ലിയും ഗംഭീറും ഹസ്തദാനം ചെയ്തത്. അതിനുശേഷം മൈതാനത്ത് ലഖ്‌നൗ ഓപ്പണര്‍ കെയ്ല്‍ മേയേഴ്‌സ്, കോഹ്ലിയുമായി സംസാരിക്കുന്നതിനിടയില്‍ ഗംഭീര്‍ അതില്‍ ഇടപെടുകയും മേയേഴ്‌സിനെ അവിടെനിന്ന് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയും ചെയ്തു. ഇവിടെയാണ് കൈവിട്ടുപ്പോകുന്നരീതിയിലേക്ക് വാക്കേറ്റം വളർന്നത്. കോഹ്‌ലിയും ഗംഭീറും മുഖാമുഖം വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അടക്കമുള്ളവരാണ് ഇരുവരെയും വേര്‍പെടുത്തി അന്തരീക്ഷം ശാന്തമാക്കിയത്. തുടർന്ന് പോര് മൈതാനം വിടുകയും സോഷ്യൽമീഡിയയിൽ കനക്കുകയുമായിരുന്നു.
സോഷ്യൽ മീഡിയയിൽ അങ്കംവെട്ടി താരങ്ങൾ
ഐപിഎൽ ചരിത്രത്തിൽ തന്നെ വലിയ നാണക്കേടുണ്ടാക്കിയ വിവാദം സോഷ്യൽ മീഡിയയിൽ എത്തിച്ചത് ലക്നൗ തരാം നവീൻ ഉൾ ഹഖാണ്. ഗൗതം ഗംഭീറിനു ഒപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച നവീൻ കോഹ്ലിയെ ഉന്നംവച്ച് അടിക്കുറിപ്പ് നൽകുകയായിരുന്നു. 'നിങ്ങളോട് എങ്ങനെ മറ്റുള്ളവർ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ ആളുകളോട് പെരുമാറുക. നിങ്ങളോട് എങ്ങനെ ആളുകൾ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ ആ രീതിയിൽ ആളുകളോട് സംസാരിക്കുക.' എന്നാണ് നവീൻ നൽകിയ അടിക്കുറിപ്പ്.
പിന്നാലെ നവീന്റെ ചിത്രത്തിന് കമന്റുമായി ഗംഭീറും രംഗത്തെത്തി “നിങ്ങൾ ആരാണോ..അതുപോലായിരിക്കുക.ഒരിക്കലും മാറരുത്'.ഇത് നിലവിലുള്ള വിവാദം കൊഴുപ്പിക്കുകയായിരുന്നു. ഗംഭീറിന് '100 ശതമാനം സാർ' എന്നാണ് നവീൻ മറുപടി നൽകിയത്. ഇത്തരത്തിൽ വിരാട് കോഹ്ലി- ഗൗതം ഗംഭീർ വാക്‌പ്പോര് സോഷ്യൽ മീഡിയയിൽ മുറുകുന്നതിനിടെയാണ് കോഹ്‌ലിയുടെ സ്റ്റോറിയും ഇൻസ്റ്റയിൽ പ്രത്യക്ഷമാകുന്നത്.