ആരാധക പിന്തുണയേറ്റാന്‍ 'പൂഴിക്കടകന്‍'; നൈറ്റ് റൈഡേഴ്‌സിനെതിരേ ലഖ്‌നൗ 'ബഗാന്‍ ജഴ്‌സി' അണിയും

ആരാധക പിന്തുണയേറ്റാന്‍ 'പൂഴിക്കടകന്‍'; നൈറ്റ് റൈഡേഴ്‌സിനെതിരേ ലഖ്‌നൗ 'ബഗാന്‍ ജഴ്‌സി' അണിയും

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും മോഹന്‍ ബഗാന്റെ ഉടമകളായ ഗോയങ്കെ ഗ്രൂപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൊമ്പുകോര്‍ക്കുന്നത് ശനിയാഴ്ചയാണ്. ഇരുടീമുകള്‍ക്കും നിര്‍ണായകമായതിനാല്‍ ആവേശപ്പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണെന്നതിനാല്‍ ഹോം ടീമായ നൈറ്റ്‌റൈഡേഴ്‌സിന് ആരാധക പിന്തുണ ഏറെയുണ്ടാകുമെന്ന് ഉറപ്പാണ്.

ഇതിനെ മറികടക്കാന്‍ അപ്രതീക്ഷിത തന്ത്രം പയറ്റാനൊരുങ്ങുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഗ്യാലറിയില്‍ തങ്ങള്‍ക്കു പിന്തുണ ലഭിക്കാന്‍ വേണ്ടി അവര്‍ ആ മത്സരത്തില്‍ അവരിറങ്ങുക കൊല്‍ക്കത്തക്കാരുടെ വികാരമായ ഫുട്‌ബോള്‍ ടീം മോഹന്‍ ബഗാന്റെ ജഴ്‌സി നിറത്തിലുള്ള ജഴ്‌സിയണിഞ്ഞാകും.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും മോഹന്‍ ബഗാന്റെ ഉടമകളായ ഗോയങ്കെ ഗ്രൂപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലഖ്‌നൗ നായകന്‍ ക്രുണാല്‍ പാണ്ഡ്യയും സൂപ്പര്‍ താരം നിക്കോളാസ് പൂരനും ടീം ഉടമ ഷഷാവത്ത് ഗോയങ്കെയും ചേര്‍ന്നു മത്സരത്തിനുള്ള ജഴ്‌സി പുറത്തിറക്കുകയും ചെയ്തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍. എ.ടി.കെ. മോഹന്‍ ബഗാന്‍ എന്ന പേരില്‍ കിരീടം ചൂടിയ ടീമിന്റെ പേര് ജൂണ്‍ ഒന്നു മുതല്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് എന്നായിരിക്കുമെന്ന് ഗോയെങ്ക ഗ്രൂപ്പ് തലവന്‍ സഞ്ജീവ് ഗോയങ്കെ പ്രഖ്യാപിച്ചത് ഇന്നലെയായിരുന്നു.

കൊല്‍ക്കത്തയില്‍ ബഗാന്റെ ജഴ്‌സി നിറത്തിലുള്ള ജഴ്‌സി അണിഞ്ഞ ഇറങ്ങുന്നതിലൂടെ ബഗാന്‍ ആരാധകര്‍ മാത്രമല്ല കൊല്‍ക്കത്ത നിവാസികള്‍ എല്ലാം തന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു പിന്തുണ നല്‍കുമെന്നും നിര്‍ണായക മത്സരത്തില്‍ അത് ടീമിന് കരുത്താകുമെന്നും ജഴ്‌സി പ്രകാശന ചടങ്ങില്‍ ഷഷാവത്ത് ഗോയങ്കെ പറഞ്ഞു.

ഐ.പി.എല്‍. പോയിന്റ് പട്ടികയില്‍ നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലഖ്‌നൗ. നൈറ്റ് റൈഡേഴ്‌സിനെതിരായ ജയം അവരെ 17 പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നില്‍ എത്തിക്കും. അതേസമയം 13 മത്സസരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത. ലഖ്‌നൗവിനെതിരേ ജയിച്ചാലും അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ മറ്റു ടീമുകളുടെ ഫലത്തെക്കൂടി ആശ്രയിക്കണമെന്ന സ്ഥിതിയാണ്.

logo
The Fourth
www.thefourthnews.in