ഐ.പി.എല്‍ കളിക്കുന്ന ആദ്യ ഇരട്ടകള്‍; ചരിത്രം കുറിച്ച് ഡുവാനും മാര്‍ക്കോയും

ഐ.പി.എല്‍ കളിക്കുന്ന ആദ്യ ഇരട്ടകള്‍; ചരിത്രം കുറിച്ച് ഡുവാനും മാര്‍ക്കോയും

2021 ല്‍ മാര്‍ക്കോ യാന്‍സന്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. രണ്ടു വര്‍ഷത്തിനിപ്പുറം ഡുവാനും നീല ജഴ്‌സിയണിഞ്ഞ് അരങ്ങേറി
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ഇന്ന് പ്രത്യേകതകളുടെ ദിവസമാണ്. നീലപുതച്ച വാങ്ക്‌ഡെയില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്റെ രണ്ട് താരങ്ങളാണ് അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ആദ്യമായി കളത്തിലിറങ്ങിയത് വാര്‍ത്തയായപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ഡുവാന്‍ യാന്‍സന്റെ അരങ്ങേറ്റം കൗതുകമായി. ഇന്ന് ഡുവാന്‍ നീല തൊപ്പി അണിഞ്ഞപ്പോള്‍ ഐ.പി.എല്‍. ചരിത്രത്തിലെ തന്നെ മനോഹരമായ ഒരേടായി അത്. കാരണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇരട്ട സഹോദരരില്‍ ഒരാളായി മാറുകയായിരുന്നു ഡുവാന്‍. ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കുന്ന മാര്‍ക്കോ യാന്‍സെനാണ് ഡുവാന്റെ ഇരട്ടസഹോദരന്‍.

22 കാരനായ ഡുവാനെ ഈ സീസണിലെ ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. 2021 ല്‍ മാര്‍ക്കോ യാന്‍സന്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. രണ്ടു വര്‍ഷത്തിനിപ്പുറം ഡുവാനും നീല ജഴ്‌സിയണിഞ്ഞ് അരങ്ങേറി. 2022 ലേലത്തില്‍ മാര്‍ക്കോയെ സ്വന്തമാക്കിയ ഹൈദരബാദ് ഈ സീസണിലും നിലനിര്‍ത്തുകയായിരുന്നു. തന്റെ ഇരട്ട സഹോദരനെ പോലെ തന്നെ ഡുവാനും ഒരു ഇടങ്കയ്യന്‍ പേസറാണ്. പല സീസണുകളിലും സഹോദരങ്ങള്‍ വ്യത്യസ്ത ഫ്രാഞ്ചൈസികളുടെയും ഭാഗമായിട്ടുണ്ടെങ്കിലും ഇരട്ടകള്‍ ഐപിഎല്‍ സീസണില്‍ കളിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

ഡുവാന്‍ യാന്‍സൻ, മാര്‍ക്കോ യാന്‍സൻ
ഡുവാന്‍ യാന്‍സൻ, മാര്‍ക്കോ യാന്‍സൻ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാര്‍കോ യാന്‍സന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും ഡുവാന്‍ ഇതുവരെ സീനിയര്‍ ലെവലില്‍ തന്റെ രാജ്യത്തിനായി അരങ്ങേറിയിട്ടില്ല. ഐ.പി.എല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പക്ഷേ ഡുവാന് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കഴിഞ്ഞില്ല. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവര്‍ പൂര്‍ത്തിയാക്കിയ ഡുവാന്‍ എതിരാളികള്‍ക്ക് വിട്ടുകൊടുത്തത് 53 റണ്‍സാണ്.

logo
The Fourth
www.thefourthnews.in