ക്യാപ്റ്റന്‍ ധോണിയെ വിലക്കുമോ? ഫൈനലിനു മുമ്പേ അങ്കലാപ്പില്‍ ആരാധകര്‍

ക്യാപ്റ്റന്‍ ധോണിയെ വിലക്കുമോ? ഫൈനലിനു മുമ്പേ അങ്കലാപ്പില്‍ ആരാധകര്‍

പ്ലേ ഓഫ് മത്സരത്തിന്റെ അവസാന ഓവറുകളില്‍ നാലു മിനിറ്റോളം സമയം ധോണി മനപ്പൂര്‍വം കളി വൈകിപ്പിച്ചുവെന്നാണ് ആരോപണം.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ന്റെ ഫൈനല്‍ മത്സരം കളിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി ഇറങ്ങുമോ? കഴിഞ്ഞ ദിവസം നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മനപ്പൂര്‍വം സമയം കളഞ്ഞു മത്സരം വൈകിപ്പിച്ചതിന്റെ പേരില്‍ ധോണിക്കെതിരേ നടപടി സ്വീകരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്ലേ ഓഫ് മത്സരത്തിന്റെ അവസാന ഓവറുകളില്‍ നാലു മിനിറ്റോളം സമയം ധോണി മനപ്പൂര്‍വം കളി വൈകിപ്പിച്ചുവെന്നാണ് ആരോപണം. മത്സരത്തിന്റെ 16-ാം ഓവറിനു മുമ്പായിരുന്നു സംഭവം. ആ സമയം ആറു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. അവര്‍ക്ക് ജയിക്കാന്‍ 30 പന്തുകളില്‍ നിന്ന് 71 റണ്‍സ് ആയിരുന്നു അപ്പോള്‍ വേണ്ടിയിരുന്നത്.

ഈ ഓവര്‍ എറിയുന്നതിന് മുന്‍പ് നാല് മിനിറ്റോളം പതിരണ പുറത്തായിരുന്നു

വിശ്വസ്ത ബൗളറായ ശ്രീലങ്കന്‍ യുവതാരം മതീഷ പതിരണയെയാണ് ധോണി പന്തേല്‍പിച്ചത്. പതിരണ ബൗളിങ്ങിന് തയാറെടുക്കുകയും ചെയ്തു. എന്നാല്‍ താരത്തിന് ബോള്‍ ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അംപയർമാർ എതിർത്തു.

ഈ ഓവറിനു മുമ്പ് നാല് മിനിറ്റോളം പതിരണ പുറത്തായിരുന്നു. തിരിച്ചെത്തി ബോള്‍ ചെയ്യണമെങ്കില്‍ പുറത്തിരുന്ന അത്രയും നേരം പതിരണ കളത്തിലുണ്ടാകണമെന്ന് വ്യക്തമാക്കിയാണ് പതിരണയെ അമ്പയര്‍മാര്‍ തടഞ്ഞത്. ഇതോടെ അമ്പയര്‍മാരുമായി തര്‍ക്കിച്ച ധോണി അത്രയും സമയം തര്‍ക്കിച്ച് കളയുകയായിരുന്നു.

നാല് മിനിറ്റ് കഴിഞ്ഞ് പതിരണയ്ക്ക് ബോള്‍ ചെയ്യാനായതോടെ ചര്‍ച്ച അവസാനിക്കുകയും ചെയ്തു

നാലു മിനിറ്റോളം സമയം കളഞ്ഞതോടെ പതിരണയ്ക്കു ബൗള്‍ ചെയ്യാന്‍ അനുമതി ലഭിക്കുകയും ചെയ്തു. ഇതാണ് വിവാദമായത്. ധോണി മനപ്പൂര്‍വം സമയം കളഞ്ഞുവെന്ന് ആരോപിച്ച് ഗുജറാത്ത് താരം വിജയ്ശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. പിന്നീട് നിശ്ചിത സമയത്തിലും കൂടുതല്‍ സമയമെടുത്താണ് മത്സരം പൂര്‍ത്തിയായത്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നേരത്തെ തന്നെ പിഴ നേരിട്ടിരുന്ന ധോണി രണ്ടാമതും കുറ്റം ആവര്‍ത്തിച്ചതോടെ വിലക്കണമെന്നാണ് ആവശ്യമുയരുന്നത്.

പക്ഷേ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഫീല്‍ഡ് അമ്പയര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും നടപടിയെക്കുറിച്ച് തീരുമാനിക്കുക. മത്സരത്തിനിടെ ധോണി അനാവശ്യമായി തര്‍ക്കിച്ചു സമയം കളഞ്ഞുവെന്നാണ് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുന്നതെങ്കില്‍ വിലക്കും പിഴയുമുള്‍പ്പടെയുള്ള ശിക്ഷയാണ് ധോണിയെ കാത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in