സൂര്യത്തിളക്കത്തിൽ മുംബൈ;
റോയൽ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിന് വീഴ്ത്തി

സൂര്യത്തിളക്കത്തിൽ മുംബൈ; റോയൽ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിന് വീഴ്ത്തി

പ്ലേ ഓഫ് സാധ്യത നിലനിർ‍ത്താൻ ഇനിയുളള മൂന്ന് മത്സരങ്ങളും ബാം​ഗ്ലൂരിന് ജയിക്കണം. അതേസമയം, ഇനിയുളള മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണെം ജയിച്ചാൽ മുംബൈ ഇന്ത്യൻസിന് പ്ലേ സാധ്യതയും ഉറപ്പിക്കാം.
Updated on
1 min read

ഐപിഎല്ലിലെ ആവേശപ്പോരിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. . സൂര്യകുമാറിന്റെയും നെഹാൽ വധേരയുടെയും അർധ സെഞ്ചുറിയുടെ കരുത്തിലാണ് മുംബൈ അനായാസ വിജയത്തിലേക്ക് കുതിച്ചത്.

200 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസ്, പവർ പ്ലേയിൽ തന്നെ ആവേശം നിറ‍ഞ്ഞ പ്രകടനം കാഴ്ച വച്ചാണ് തുടങ്ങിയത്. ഒപ്പണർ ഇഷാൻ കിഷാൻ 21 പന്തിൽ നാല് സിക്സും നാലും ഫോറും ഉൾപ്പെടെ 42 റൺസെടുത്തു. പവർപ്ലേയിൽ ബാം​ഗ്ലൂർ 56 റൺസെടുത്തപ്പോൾ 62 റൺസായിരുന്നു മുംബൈ ഇന്ത്യൻസ് നേടിയത്. എന്നാൽ, വനിന്ദു ഹസരംഗയുടെ അഞ്ചാമത്തെ ഓവറിൽ കിഷാൻ മടങ്ങിയതിന് പിന്നാലെ നായകൻ രോഹിത് ശർമയും കൂടാരം കയറി.

പിന്നാലെ വന്ന സൂര്യകുമാറിന്റെയും നെഹാൽ വധേരയുടെയും കരുത്തിൽ ടീം അനായസം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. 35 പന്തിൽ 6സിക്സും 7 ഫോറും ഉൾപ്പെടെ 83 റൺസായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം. 15.4 ഓവറിൽ വിജയ്കുമാർ വൈശാഖിന്റെ പന്തിൽ സൂര്യകുമാർ മടങ്ങുമ്പോൾ മുംബൈ സ്കോർ 192 ലെത്തിയിരുന്നു. തൊട്ടടുത്ത പന്തിൽ ടിം ഡേവിഡ് മടങ്ങിയെങ്കിലും വധേരയും ​ഗ്രീനും ചേർന്ന് ചടങ്ങ് തീർത്തു. 21പന്ത് ബാക്കി നിൽക്കെ മുംബൈയ്ക്ക് ആധികാരിക ജയം. വധേര 34 പന്തിൽ 52 റൺസ് നേടിയിരുന്നു. ബാം​ഗ്ലൂരിനായി വനിന്ദു ഹസരംഗ രണ്ട് വിക്കറ്റും വൈശാഖ് രണ്ട് വിക്കറ്റും നേടി.

ടോസ് നേടിയ മുബൈ ഇന്ത്യൻസ് നായകൻ രോഹിത്, ആ‍ർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. നായകൻ ഫാഫ് ഡൂപ്ലസിയുടെയും ​ഗ്രെൻ മാക്സ് വെല്ലിന്റെയും അർധശതകത്തിന്റെ കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.

പ്ലേ ഓഫ് സാധ്യത നിലനിർ‍ത്താൻ ഇനിയുളള മൂന്ന് മത്സരങ്ങളും ബാം​ഗ്ലൂരിന് ജയിക്കണം. അതേസമയം, ഇനിയുളള മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണെം ജയിച്ചാൽ മുംബൈ ഇന്ത്യൻസിന് പ്ലേ സാധ്യതയും ഉറപ്പിക്കാം. ഇന്നത്തെ വിജയത്തോടെ 12 പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്താണ്.

logo
The Fourth
www.thefourthnews.in