ഒടുവില്‍ രോഹിത് അടിച്ചു, മുംബൈ ജയിച്ചു

ഒടുവില്‍ രോഹിത് അടിച്ചു, മുംബൈ ജയിച്ചു

173 എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ നാലു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യം കണ്ടു. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച നായകന്‍ രോഹിത് ശര്‍മയാണ് അവരുടെ വിജയശില്‍പി.
Updated on
2 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ 16-ല്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. ഇന്നു ഡല്‍ഹി അരുണ്‍ ജയറ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് അവര്‍ തോല്‍പിച്ചത്. പോയിന്റ് പട്ടികയില്‍ നിലവിലെ അവസാന സ്ഥാനക്കാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ അവസാന പന്ത് വരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആറു വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് പുറത്താകുകയായിരുന്നു. തുടര്‍ന്ന് 173 എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ നാലു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യം കണ്ടു. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച നായകന്‍ രോഹിത് ശര്‍മയാണ് അവരുടെ വിജയശില്‍പി.

രോഹിത് 45 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 65 റണ്‍സ് നേടി ടോപ് സ്‌കോററായി. നായകനു പുറമേ 29 പന്തുകളില്‍ നിന്ന് ഒരു ഫോറും നാലു സിക്‌സറുകളും സഹിതം 41 റണ്‍സ് നേടിയ യുവ താരം തിലക് വര്‍മ, 26 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 31 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ തകര്‍പ്പന്‍ തുടക്കമാണ് രോഹിതും ഇഷാനും ചേര്‍ന്നു മുംബൈയ്ക്കു നല്‍കിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സാണ് അവര്‍ അടിച്ചുകൂട്ടിയത്. ഒടുവില്‍ എട്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ഇഷാന്‍ റണ്ണൗട്ട് ആയതോടെയാണ് ഡല്‍ഹിക്ക് ആശ്വാസമായത്.

എന്നാല്‍ അത് അധികം നീണ്ടില്ല. രോഹിതിന് കൂട്ടായി ക്രീസിലെത്തിയ തിലക് വര്‍മ തന്റെ മിന്നുന്ന ഫോം തുടര്‍ന്നതോടെ മുംബൈ അനായാസം മുന്നേറി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഈ സഖ്യം 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

എന്നാല്‍ 16-ാം ഓവറിന്റെ അഞ്ചാം പന്തില്‍ തിലക് വര്‍മ വീണതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. മുകേഷ് കുമാറിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ താരം മിഡ് വിക്കറ്റില്‍ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് നല്‍കി. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവിനെ ഗോള്‍ഡണ്‍ ഡക്ക് ആക്കി മുകേഷ് മുംബൈയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിക്കുകയും ചെയ്തു.

ഇതോടെ സമ്മര്‍ദ്ദത്തിലായ രോഹിതിന്റേതായിരുന്നു അടുത്ത ഊഴം. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ 17-ാം ഓവറിന്റെ അഞ്ചാം പന്തില്‍ വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറലിന്റെ മികച്ചൊരു ക്യാച്ചില്‍ രോഹിതും വീണതോടെ ക്ഷണത്തില്‍ നാലിന് 143 എന്ന നിലയിലായി മുംബൈ.

ജയിക്കാന്‍ 19 പന്തില്‍ 30 റണ്‍സ് എന്ന നിലയില്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ടിം ഡേവിഡും കാമറൂണ്‍ ഗ്രീനുമാണ് ഒടുവില്‍ മുംബൈയെ വിജയതീരത്തെത്തിച്ചത്. ഗ്രീന്‍ എട്ടു പന്തില്‍ ഒരു സിക്‌സും ഫോറും സഹിതം 17 റണ്‍സുമായും ഡേവിഡ് 11 പന്തില്‍ ഒരു സിക്‌സര്‍ സഹിതം 13 റണ്‍സുമായും പുറത്താകാതെ നിന്നു.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 25 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 54 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലിന്റെയും 47 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 51 റണ്‍സ് നേടിയ നായകന്‍ ഡേവിഡ് വാര്‍ണറിന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്.

ഒരു ഘട്ടത്തില്‍ 200-നടുത്ത് സ്‌കോര്‍ ചെയ്യുമെന്നു പ്രതീക്ഷിച്ച അവരെ അവസാന രണ്ടോവറില്‍ മികച്ച ബൗളിങ്ങിലൂടെ മുംബൈ പിടിച്ചു കെട്ടുകയായിരുന്നു. ജേസണ്‍ ബെഹ്‌റന്‍ഡോഫ് എറിഞ്ഞ 19-ാം ഓവറില്‍ അക്‌സറിന്റെയും വാര്‍ണറിന്റെയുമടക്കം നാലു വിക്കറ്റുകള്‍ നഷ്ടമായത് ഡല്‍ഹിക്ക് തിരിച്ചടിയായി.

നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ പീയുഷ് ചൗളയും മൂന്നോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബെഹ്‌റന്‍ഡോഫുമാണ് മുംബൈയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുമായി റിലി മെറിഡിത്തും ഒരു വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in