വെടിക്കെട്ട് വെങ്കി; മുംബൈയ്‌ക്കെതിരേ 185 അടിച്ച് കൊല്‍ക്കത്ത

വെടിക്കെട്ട് വെങ്കി; മുംബൈയ്‌ക്കെതിരേ 185 അടിച്ച് കൊല്‍ക്കത്ത

51 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും സഹിതം 104 റണ്‍സാണ് വെങ്കിടേഷ് അടിച്ചുകൂട്ടിയത്.
Updated on
2 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 186 റണ്‍സ് വിജയലക്ഷ്യം. മുംബൈയുടെ തട്ടകമായ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്.

തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ മധ്യനിര താരം വെങ്കിഷേ് അയ്യരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊല്‍ക്കത്തയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. 51 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും സഹിതം 104 റണ്‍സാണ് വെങ്കിടേഷ് അടിച്ചുകൂട്ടിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ സ്‌കോറിന്റെ 56 ശതമാനവും പിറന്നത് വെങ്കിടേഷിന്റെ ബാറ്റില്‍ നിന്നാണ്.

വെങ്കിടേഷിന് പുറമേ 11 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 21 റണ്‍സ് നേടി പുറത്താകാതെ നിന്ന ആന്ദ്രെ റസലാണ് മികച്ച രണ്ടാമത്തെ സ്‌കോറര്‍. ഇതിലൂടെ തന്നെ മറ്റു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ പ്രകടനം മനസിലാക്കാന്‍ കഴിയും.

ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ്(8), നാരായണ്‍ ജഗദീശന്‍(0), നായകന്‍ നിതീഷ് റാണ(5), ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂര്‍(13), യുവതാരം റിങ്കു സിങ്(18) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വെങിടേഷ് അയ്യര്‍ ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റുകയായിരുന്നു.

മുംബൈയ്ക്കു വേണ്ടി നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ പീയുഷ് ചൗളയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. യുവതാരം ഹൃഥ്വിക് ഷോകീന്‍ രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍, അരങ്ങേറ്റ താരം ഡുവാന്‍ യാന്‍സെന്‍, റിലി മെറിഡിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഇന്ന് അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ രണ്ടോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ഉദരസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഫീല്‍ഡിങ്ങിന് ഇറങ്ങാഞ്ഞ നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിന്റെ കീഴിലാണ് മുംബൈ ഇറങ്ങിയത്. ടോസ് നേടിയ സൂര്യ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി അരങ്ങേറ്റ താരം അര്‍ജുനാണ് ന്യൂബോള്‍ എറിഞ്ഞത്.

ആദ്യ ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രം വഴങ്ങിയ അര്‍ജുന്‍ മികച്ച തുടക്കം സമ്മാനിച്ചു. രണ്ടാം ഓവര്‍ എറിഞ്ഞ ഗ്രീന്‍ കൊല്‍ക്കത്ത ഓപ്പണര്‍ ജഗദീശനെ(0) പുറത്താക്കി ബൗളിങ് തെരഞ്ഞെടുക്കാനുള്ള സൂര്യയുടെ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു.

എന്നാല്‍ മൂന്നാമനായി വെങ്കിടേഷ് അയ്യര്‍ ക്രീസില്‍ എത്തിയതോടെ കളി പതിയെ മുംബൈയുടെ കൈകളില്‍ നിന്നു വഴുതി. ഗുര്‍ബാസിനൊപ്പം രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത വെങ്കി ടീമിനെ ട്രാക്കില്‍ എത്തിച്ചു. ഗുര്‍ബാസിനെയും അധികം വൈകാതെ നിതീഷ് റാണയെയും പുറത്താക്കി മുംബൈ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും നടന്നില്ല.

ഒരറ്റത്ത് അടിച്ചു തകര്‍ത്ത വെങ്കിടേഷിനു കൂട്ടായി പിന്നീടെത്തിയ ഷാര്‍ദ്ദൂല്‍ താക്കൂര്‍ ഉറച്ചു നിന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുശകട്ട് ഉണ്ടാക്കി. ഇതില്‍ വെറും 13 റണ്‍സ് മാത്രമായിരുന്നു ഷാര്‍ദ്ദൂലിന്റെ സംഭാവന.

ഷാര്‍ദ്ദൂല്‍ പുറത്തായ ശേഷം റിങ്കു സിങ്ങിനൊപ്പം 36 റണ്‍സ് കൂട്ടിച്ചേര്‍ത്ത വെങ്കി ടീമിനെ 150 കടത്തി. ഇതിനിടെ തന്റെ കന്നി ഐ.പി.എല്‍. സെഞ്ചുറിയും താരം കണ്ടെത്തി. 49 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ ശതകം. സെഞ്ചുറി നേടിയതിനു പിന്നാലെ വെങ്കിടേഷ് വീണെങ്കിലും അവസാന ഓവറുകളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ച റസല്‍ ടീമിനെ 180 കടത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in