മുംബൈയ്ക്ക് തിലകക്കുറിയായി തിലക്; ബംഗളുരുവിന് ലക്ഷ്യം 172

മുംബൈയ്ക്ക് തിലകക്കുറിയായി തിലക്; ബംഗളുരുവിന് ലക്ഷ്യം 172

46 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 84 റണ്‍സ് നേടി പുറത്താകാതെ നിന്ന തിലകാണ് മുംബൈ ഇന്നിങ്‌സിന്റെ നെടുന്തൂണ്‍.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് മുംബൈ ഇന്ത്യന്‍സ്. ഇന്ന് ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ശേഷം മധ്യനിര കരുത്തില്‍ അവര്‍ 171 എന്ന മാന്യമായ സ്‌കോറിലെത്തി.

അഞ്ചാമനായി ഇറങ്ങി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ യുവതാരം തിലക് വര്‍മയാണ് മുംബൈയുടെ തിലകക്കുറിയായത്. 46 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 84 റണ്‍സ് നേടി പുറത്താകാതെ നിന്ന തിലകാണ് മുംബൈ ഇന്നിങ്‌സിന്റെ നെടുന്തൂണ്‍.

തിലകിനു പുറമേ 13 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 21 റണ്‍സ് നേടിയ ആറാമന്‍ നെഹാല്‍ വധേരയാണ് രണ്ടാമത്തെ മികച്ച ടോപ്‌സ്‌കോറര്‍ എന്നത് മുംബൈ ഇന്നിങ്‌സിന്റെ ആകെത്തുക വ്യക്തമാക്കും.

എവേ തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് എത്തുമ്പോഴേക്കും ടോപ് ഓര്‍ഡറിലെ ആദ്യ മൂന്നുപേരും പവലിയനില്‍ എത്തിയിരുന്നു. നായകന്‍ രോഹിത് ശര്‍മ(1), ഓപ്പണര്‍ ഇഷാന്‍ കിഷന്‍(10), വണ്‍ ഡൗണ്‍ കാമറൂണ്‍ ഗ്രീന്‍(5) എന്നിവര്‍ക്കു പിന്നാലെ 15 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും വീണതോടെ നാലിന് 48 എന്ന നിലയിലായി മുംബൈ.

പിന്നീട് അഞ്ചാം വിക്കറ്റില്‍ നെഹാലിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ തിലകാണ് മുംബൈയെ കരകയറ്റിയത്. എന്നാല്‍ ടീം സ്‌കോര്‍ 98-ല്‍ നില്‍ക്കെ നെഹാല്‍ പുറത്തായതോടെ വീണ്ടും തകര്‍ച്ച ആരംഭിച്ചു. അപകടകാരിയായ ടിം ഡേവിഡിനെയും(4) പുറത്താക്കി ബാംഗ്ലൂര്‍ പിടിമുറുക്കിയെന്നു തോന്നിച്ചിടത്താണ് തിലകിന്റെ കടന്നാക്രമണം.

അവസാന 33 പന്തുകളില്‍ 66 റണ്‍സാണ് മുംബൈ സ്‌കോര്‍ ചെയ്തത്. അതില്‍ ഭൂരിഭാഗവും തിലകിന്റെ ബാറ്റില്‍ നിന്നായിരുന്നു. ബാംഗ്ലൂരിനു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മയാണ് തിളങ്ങിയത്. മുഹമ്മദ് സിറാജ്, റീസ് ടോപ്ലെ, അകാശ് ദീപ്, ഹര്‍ഷല്‍ പട്ടേല്‍, മിഷേല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

logo
The Fourth
www.thefourthnews.in