''റിഷഭിന്റെ അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്‌, പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം തിരിച്ചെത്തും''- നിക്കോളാസ് പുരാൻ

''റിഷഭിന്റെ അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്‌, പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം തിരിച്ചെത്തും''- നിക്കോളാസ് പുരാൻ

എട്ട് വര്‍ഷം മുന്‍പ് പുരാനും ഒരു വാഹനാപകടത്തില്‍പെട്ടിരുന്നു . ആറ് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് വീണ്ടും നടക്കാന്‍ സാധിച്ചത്.
Updated on
2 min read

ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്തിന്റെ അവസ്ഥയെന്താണെന്ന് കൃത്യമായി അറിയാമെന്നും, അദ്ദേഹം വളരെ വേഗം തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബാറ്റര്‍ നിക്കോളാസ് പുരാന്‍. പന്തിന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയ വ്യക്തിയാണ് പുരാന്‍. എട്ട് വര്‍ഷം മുന്‍പ് പുരാനും ഒരു വാഹനാപകടത്തില്‍പെട്ടിരുന്നു . ആറ് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് വീണ്ടും നടക്കാന്‍ സാധിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ പന്ത് സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു. അപകടത്തില്‍ നിന്നും പരുക്കുകളോടെ രക്ഷപെട്ട പന്ത് ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. ഐപിഎല്‍ 2023 സീസണില്‍ പന്തിന് പകരം ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ് നായകന്‍. ദീര്‍ഘകാലത്തേക്ക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്ന പന്തുമായി താന്‍ ബന്ധപ്പെടാറുണ്ടെന്ന് പുരാന്‍ പറഞ്ഞു. പന്തിന് കുറഞ്ഞത് ഈ വര്‍ഷം മുഴുവനും വിശ്രമം ആവശ്യമായി വരും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഡല്‍ഹിയുടെ ഹോം മത്സരത്തില്‍ പന്ത് കളികാണാനെത്തിയിരുന്നു. എന്നാല്‍ അന്ന് കാറില്‍ നിന്ന് ഇറങ്ങിയ പന്തിന് ഫിറോസ് ഷാ കോട്‌ലയിലെ തന്റെ സീറ്റിലേക്കെത്താന്‍ പരസഹായം ആവശ്യമായിരുന്നു.

നിക്കോളാസ് പുരാൻ
നിക്കോളാസ് പുരാൻ

'' വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലൂടെയാണ് പന്ത് കടന്നുപോകുന്നത്, എല്ലാവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. എന്നാല്‍ എനിക്ക് മനസിലാക്കാന്‍ സാധിക്കും. ഞാന്‍ ഋഷഭുമായി നല്ല സൗഹൃദത്തിലാണ്,ചാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ നമ്മള്‍ വിഷാദത്തിലേക്കും നിരാശയിലേക്കും പോകുന്ന ചില സാഹചര്യങ്ങളുണ്ട്, അസുഖം വളരെ പെട്ടന്ന് മാറണമെന്ന് ആഗ്രഹിക്കും പക്ഷേ അത് ബുദ്ധിമുട്ടാണ്.'' പുരാന്‍ പറഞ്ഞു. '' വീണ്ടെടുക്കലിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തേക്കാം ക്ഷമയോടെ അതിനെ നേരിടാന്‍ കഴിയണം, സംഭവിച്ചതിനെല്ലാം പിന്നില്‍ ഒരു കാരണമുണ്ടെന്നും അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും മനസിലാക്കുക. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുക, നിങ്ങളുടെ കഠിനാധ്വാനത്തില്‍ വിശ്വസിക്കുക.'' പുരാന്‍ ഓര്‍മ്മിപ്പിച്ചു.

'' പന്ത് ഇതില്‍ നിന്നൊക്കെ പുറത്ത് വരും, അദ്ദേഹം ശക്തനാണ്, ഈ പ്രതിസന്ധിയില്‍ തന്റെ കൂടെ നില്‍ക്കുന്ന ആളുകള്‍ ആരൊക്കെയാണെന്ന് അദ്ദേഹം മനസിലാക്കണം, ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് തങ്ങളോട് വിരോധമുള്ളവരയും സ്‌നേഹിതന്മാരെയും മനസിലാക്കാന്‍ കഴിയും,'' അദ്ദേഹം പറഞ്ഞു. ഈ ഒരു അവസ്ഥ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകുമെന്നും, വെല്ലുവിഴികളെ മനസിലാക്കി അതിലൂടെ കടന്നുപോകണമെന്നും പുരാന്‍ പറഞ്ഞു. അതുപോലെ പന്ത് തനിക്ക് മുന്നിലുള്ള വെല്ലുവിളികളെ തരണം ചെയ്ത് പന്ത് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുക, നിങ്ങളുടെ കഠിനാധ്വാനത്തില്‍ വിശ്വസിക്കുക

2015 ജനുവരിയില്‍, പൂരാന്‍ ട്രിനിഡാഡ് & ടൊബാഗോയില്‍ നിന്ന് പരിശീലന സെഷന് കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍, എതിരെ വരുന്ന കാറിനെ വെട്ടിക്കുന്നതിനിടയില്‍, മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് പുരാന് ബോധം തിരിച്ചുകിട്ടിയത്. പൊട്ടിയ ഇടതുകാലിലെ ടെന്‍ഡോണ്‍ ശരിയാക്കാനും വലതു കണങ്കാലിലെ ഒടിവ് ശരിയാക്കാനും അദ്ദേഹത്തിന് ശസ്ത്രക്രിയകള്‍ ആവശ്യമായിരുന്നു. അതിന് ശേഷം ആറ് മാസത്തോളം അദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയുമായിരുന്നില്ല.

logo
The Fourth
www.thefourthnews.in