താരനിബിഡം, പ്രൗഢ ഗംഭീരം; ഐപിഎല്ലിന്റെ സമാപന ചടങ്ങിനായി നരേന്ദ്ര മോദി സ്റ്റേഡിയം ഒരുങ്ങി
ഐപിഎല്ലിന്റെ സമാപന ചടങ്ങിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഒരുങ്ങി. ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ലെങ്കിലും, മെയ് 28ന് വൈകുന്നേരം 6:00 മുതൽ ചടങ്ങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ടൂര്‍ണമെന്റിന്റെ അവസാന നിമിഷം എന്ത് സംഭവിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഉറ്റ് നോക്കുന്നത്.
ക്വാളിഫയർ 1 ൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇതിനകം തന്നെ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്, രണ്ടാം ഫൈനലിസ്റ്റിനെ ഇന്നു നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെ അറിയാന്‍ കഴിയും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ രണ്ട് ടീമുകൾ മാത്രമാണ് തുടർച്ചയായി രണ്ട് തവണ കിരീടം നേടിയത്. ആ ടീമുകളിലൊന്നായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇതിനോടകം തന്നെ മുന്‍നിരയിലാണ്.
താരനിബിഡമായ ചടങ്ങളുകളാണ് സീസണ്‍ സമാപന ദിവസത്തിനായി ഒരുക്കിയിരിക്കുന്നത്. പ്രശസ്ത റാപ്പർ കിംഗ്,ഡിജെ ന്യൂക്ലിയ സമാപന ചടങ്ങിലെ പ്രധാന ആകർഷണമായിരിക്കും. ഇവർക്കൊപ്പം ഗായകരായ ഡിവൈൻ, ജോനിതാ ഗാന്ധി എന്നിവരും പങ്കെടുക്കും. ബോളിവുഡ് താരം രൺവീർ സിംഗ്, പ്രശസ്ത സംഗീതസംവിധായകൻ എആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത കലാകാരന്മാർ ചടങ്ങിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് കാണികളെ ഒന്നടങ്കം ഞെട്ടിപ്പിക്കത്തവിധത്തിലുള്ള ലൈറ്റ് ഡിസ്പ്ലേയാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്ക് ടിവി ചാനലുകളിൽ ആരാധകർക്ക് ഐപിഎൽ 2023 സമാപന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കാണാം. ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും സൗജന്യമായി ലൈവ് സ്ട്രീം ചെയ്യും.