അടിക്കു തിരിച്ചടി; ഹൈ സ്‌കോര്‍ ത്രില്ലറില്‍ ലഖ്‌നൗ
ടി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും കണ്ട മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ വീഴ്ത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടന്ന മത്സരത്തില്‍ അവസാന പന്തു വരെ ജയപരാജയം മാറിമറിഞ്ഞ പോരട്ടത്തിനൊടുവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് കരുത്തുകാട്ടി.
ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ അവസാന പന്തില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു.
സന്ദര്‍ശകര്‍ക്കു വേണ്ടി മധ്യനിരയില്‍ നട്ടെല്ലുയര്‍ത്തിയ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരന്‍, യുവതാരം ആയുഷ് ബദോനി എന്നിവരാണ് തിളങ്ങിയത്. സ്‌റ്റോയ്‌നിസ് തുടങ്ങിവച്ച തിരിച്ചടി പൂരനും ബദോനിയും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.
സ്‌റ്റോയിനിസ് 30 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 65 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ പൂരന്‍ 19 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 62 റണ്‍സ് നേടി ബാംഗ്ലൂരിന്റെ അന്തകനായി. ഐ.പി.എല്ലിന്റെ ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറയാണ് പൂരന്റേത്. 14 പന്തുകളില്‍ നിന്നാണ് വിന്‍ഡീസ് താരം 50 കടന്നത്.
24 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 30 റണ്‍സ് നേടിയ ബദോനി മികച്ച പിന്തുണ നല്‍കി. കൈല്‍ മേയഴ്‌സ്(0), നായകന്‍ കെ.എല്‍. രാഹുല്‍(20 പന്തില്‍18), ദീപക് ഹൂഡ(10 പന്തില്‍ 9), ക്രുണാല്‍ പാണ്ഡ്യ(0) എന്നിവര്‍ നിരാശപ്പെടുത്തിയ ശേഷമായിരുന്നു മധ്യനിരയുടെ കരുത്തില്‍ ലഖ്‌നൗ ഉയിര്‍ത്തെഴുന്നേറ്റത്. ബാംഗ്ലൂരിനു വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, വെയ്ന്‍ പാര്‍ണെല്‍ എന്നിവരാണ് തിളങ്ങിയത്. രണ്ടു വിക്കറ്റുമായി ഹര്‍ഷല്‍ പട്ടേലും ഒരു വിക്കറ്റുമായി കരണ്‍ ശര്‍മയും മികച്ച പിന്തുണ നല്‍കി.
നേരത്തെ ടോസ് നേടിയ ലഖ്‌നൗ നായകന്‍ രാഹുല്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ എങ്ങനെ കളിക്കണമെന്നറിയാവുന്ന ബാംഗ്ലൂര്‍ ബാറ്റര്‍മാര്‍ ഇരുകൈയ്യും നീട്ടി ആയി തീരുമാനം സ്വീകരിക്കുകയും ചെയ്തു. ഒന്നാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് അവര്‍ പടുത്തുയര്‍ത്തിയത്.
നായകന്‍ ഫാഫ് ഡുപ്ലീസിസും മുന്‍ നായകന്‍ വിരാട് കോഹ്ലിയുമാണ് അവരുടെ ആക്രമണം നയിച്ചത്. ലഖ്‌നൗവിന്റെ സ്റ്റാര്‍ ബൗളര്‍മാരെയെല്ലാം അടിച്ചൊതുക്കിയ ഇരുവരും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒടുവില്‍ 44 പന്തുകളില്‍ നിന്ന് നാലു വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 61 റണ്‍സ് നേടിയ കോഹ്ലിയെ പുറത്താക്കി വെറ്ററന്‍ താരം അമിത് മിശ്രയാണ് ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കിയത്.
എന്നാല്‍ വരാനിരിക്കുന്ന വെടിക്കെട്ടിന്റെ തുടക്കമായിരുന്നു അത്. കോഹ്ലിക്കു പകരം ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആക്രമണം ഒന്നുകൂടി കൂട്ടിയതോടെ ലഖ്‌നൗവിന്റെ പിടിയില്‍ നിന്ന് കടിഞ്ഞാണ്‍ പോയി. അവസാന ഒമ്പത് ഓവറില്‍ മാത്രം 115 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചു കൂട്ടിയത്. അതില്‍ ഭൂരിപക്ഷവും മാക്‌സവെല്ലിന്റെ ബാറ്റില്‍ നിന്നായിരുന്നു.
29 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 59 റണ്‍സാണ് ഓസീസ് താരം അടിച്ചെടുത്തത്. ഒടുവില്‍ 20-ാം ഓവറിന്റെ അഞ്ചാം പന്തില്‍ മാക്‌സ്‌വെല്‍ പുറത്താകുമ്പോഴേക്കും ടീം സ്‌കോര്‍ 210 കടന്നിരുന്നു. അപ്പോഴും ഒരറ്റത്ത് നങ്കൂരമിട്ട് നായകന്‍ ഡുപ്ലീസിസ് ഉണ്ടായിരുന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 46 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുകളുമായി ഡുപ്ലീസിസും ഒരു പന്തില്‍ ഒരു റണ്ണുമായി ദിനേഷ് കാര്‍ത്തിക്കുമായിരുന്നു ക്രീസില്‍.