മഹേന്ദ്രജാലം മറികടന്ന് രാജസ്ഥാന്‍; ജയം മൂന്ന് റണ്‍സിന്, ഒന്നാമത്

മഹേന്ദ്രജാലം മറികടന്ന് രാജസ്ഥാന്‍; ജയം മൂന്ന് റണ്‍സിന്, ഒന്നാമത്

എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ തങ്ങളുടെ രണ്ടാം ജയമാണിത് രാജസ്ഥാന്. ഇവിടെ ഇതിനു മുമ്പ് ഏഴുതവണ മത്സരിച്ചപ്പോഴും ആറിലും ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു.
Updated on
2 min read

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനെന്ന നിലയില്‍ 200-ാം മത്സരത്തില്‍ ടീമിനു വേണ്ടി മുന്നില്‍നിന്നു പൊരുതിവീണു മഹേന്ദ്ര സിങ് ധോണി. ഒരുഘട്ടത്തില്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയ ടീമിനെ അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ ജയത്തിനരികെ എത്തിച്ച ധോണിക്കു പക്ഷേ വിജയവര കടക്കാനായില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന ആവേശപ്പോരാട്ടത്തില്‍ ധോണിയെയും സംഘത്തെയും മൂന്നു റണ്‍സിനു തോല്‍പിച്ചു മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ജയിച്ചു കയറി.

ചെന്നൈ ചെപ്പോക്ക് എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ തങ്ങളുടെ രണ്ടാം ജയമാണിത് രാജസ്ഥാന്. ഇവിടെ ഇതിനു മുമ്പ് ഏഴുതവണ മത്സരിച്ചപ്പോഴും ആറിലും ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സിലൊതുങ്ങി.

ഒരുഘട്ടത്തില്‍ 150 പോലും കടക്കില്ലെന്നു തോന്നിച്ച ചെന്നൈയെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ധോണിയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ജയത്തിനരികെ എത്തിച്ചയ്. ധോണി 17 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 32 റണ്‍സൃം ജഡേജ 15 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സിതം 25 റണ്‍സും നേടി പുറത്താകാതെ നിന്നു.

അവസാന രണ്ടോവറില്‍ ജയിക്കാന്‍ 40 റണ്‍സ് വേണ്ടിയിടത്തു നിന്നാണ് ഇരുവരും ചേര്‍ന്ന് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നേരത്തെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ, വെടിക്കെട്ട് ബാറ്റിങ് കാള.ചവച്ച അജിന്‍ക്യ രഹാനെ എന്നിവരാണ് ചെന്നൈയ്ക്കായി തുടക്കത്തില്‍ പൊരുതിയത്.

കോണ്‍വെ 38 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 50 റണ്‍സ് നേടിയപ്പോള്‍ രഹാനെ 19 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 31 റണ്‍സും നേടി. ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദ്(8), മധ്യനിര താരങ്ങളായ ശിവം ദുബെ(8), മൊയീന്‍ അലി(7), അമ്പാട്ടി റായിഡു(1) എന്നിവര്‍ നിരാപ്പെടുത്തിയത് ചെന്നൈയ്ക്ക തിരിച്ചടിയായി. രാജസ്ഥാനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചഹാല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

നേരത്തെ ചെന്നൈയ്ക്കായി 200-ാം മത്സരത്തിലും നായകനായി ഇറങ്ങിയ ധോണി ടോസ് നേടി രാജസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ബട്‌ലര്‍ 36 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 52 റണ്‍സാണ് നേടിയത്. ബട്‌ലറിനു പുറമേ 26 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 38 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലും 22 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 30 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിനും രാജസ്ഥാന്‍ നിരയില്‍ തിളങ്ങി.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് വെസ്റ്റിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയറാണ് രാജസ്ഥാനെ 175-ല്‍ എത്തിച്ചത്. ഹെറ്റ്മയര്‍ 18 പന്തുകളില്‍ നിന്ന് രണ്ടു ഫോറും രണ്ടു സിക്‌സറുകളും സഹിതം 30 റണ്‍സുമായി പുറത്താകാതെ നിന്നു. നായകന്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിനു പുറത്തായപ്പോള്‍ യുവതാരം ധ്രൂവ് ജൂറലിനും(4) ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിനും(0) തിളങ്ങാനായില്ല. ചെന്നൈയ്ക്കു വേണ്ടി നാലേവാറില്‍ 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി ആകാശ് സിങ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ജഡ്ഡുവിന് മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in