ഹോം തട്ടകത്തില്‍ റോയല്‍സിന് ബാറ്റിങ് തകര്‍ച്ച; ടൈറ്റന്‍സിന് ലക്ഷ്യം 119
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിങ് തകര്‍ച്ച. സ്വന്തം തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 17.5 ഓവറില്‍ വെറും 118 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
മിന്നുന്ന ബൗളിങ് പ്രകടനവുമായി സ്പിന്‍വല നെയ്ത അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് രാജസ്ഥാനെ തകര്‍ത്തത്. നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് റാഷിദ് വീഴ്ത്തിയത്.
രാജസ്ഥാന്‍ നിരയില്‍ 20 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 30 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. സഞ്ജുവിനു പുറമേ 14 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍, 12 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കല്‍, 15 റണ്‍സ് നേടിയ വാലറ്റതാരം ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.
ഓപ്പണര്‍ ജോസ് ബട്‌ലര്‍(8), മധ്യനിര താരങ്ങളായ രവിചന്ദ്രന്‍ അശ്വിന്‍(2), റയാന്‍ പരാഗ്(4), ഷിംറോണ്‍ ഹെറ്റ്മയര്‍(7), ധ്രൂവ് ജൂറല്‍(9) എന്നിവര്‍ നിരാശപ്പെടുത്തി. ടൈറ്റന്‍സിനു വേണ്ടി റാഷിദിനു പുറമേ രണ്ടു വിക്കറ്റുകളുമായി നൂര്‍ അഹമ്മദും ഓരോ വിക്കറ്റുകളുമായി മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജോഷ് ലിറ്റില്‍ എന്നിവരും തിളങ്ങി.
നിലവില്‍ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി പട്ടികയില്‍ ഏറെ മുന്നില്‍ ഒന്നാമതാണ് ടൈറ്റന്‍സ്. 10 പോയിന്റുമായി രാജസ്ഥാന്‍ നാലാമതും. ഇന്നു ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് ടൈറ്റന്‍സിന് മൂന്നു പോയിന്റിന്റെ ലീഡ് നേടാം. രണ്ടും മൂന്നും സ്ഥാനരത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും 11 പോയിന്റ് വീതമാണുള്ളത്.
അതേസമയം ഇന്നു ജയിച്ചാല്‍ ഒറ്റയടിക്ക് ടൈറ്റന്‍സിനെ മറികടന്ന് രാജസ്ഥാന് ഒന്നാമതെത്താന്‍ കഴിയും. ജയത്തിലൂടെ 12 പോയിന്റിലേ എത്തുവുള്ളുവെങ്കിലും റണ്‍നിരക്കില്‍ ടൈറ്റന്‍സിനെക്കാള്‍ മികവുള്ളതിനാല്‍ ഒന്നാം സ്ഥാനം ഉറപ്പാണ്. കഴിഞ്ഞ മത്സരത്തിലെ ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇന്നിറങ്ങിയത്. മോശം ഫോമിലുള്ള ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിനു വിശ്രമം അനുവദിച്ചപ്പോള്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ ആദ്യ ഇലവനില്‍ തിരിച്ചെത്തി.