സിങ് ഈസ് കിങ്! അവസാന ഓവറില്‍ അഞ്ച് സിക്‌സര്‍, കൊല്‍ക്കത്തയ്ക്ക് ത്രസിപ്പിക്കുന്ന ജയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മാസ്മരിക പ്രകടനവുമായി റിങ്കു സിങ് താരമായപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവിശ്വസനീയ വിജയം. ഇന്നു അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ജയിക്കാന്‍ അവസാന ഓവറില്‍ 28 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്കു വണ്ടി അവസാന അഞ്ചു പന്തുകള്‍ സിക്‌സര്‍ പറത്തി റിങ്കു സിങ് വിജയം പിടിച്ചെടുക്കുകയായിരുന്നു.
ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ വിജയത്തിലേക്കു കുതിച്ച കൊല്‍ക്കത്തയെ ഹാട്രിക് വിക്കറ്റ് നേട്ടവുമായി ടൈറ്റന്‍സിന്റെ താല്‍ക്കാലിക നായകന്‍ റാഷിദ് ഖാന്‍ തളച്ചതായിരുന്നു. എന്നാല്‍ പതറാതെ നിലയുറപ്പിച്ച റിങ്കു സിങ് അവസാന ഓവറില്‍ ടൈറ്റന്‍സിന്‍െ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തന്റെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. മത്സരം അവസാനിക്കുമ്പോള്‍ 21 പന്തുകളില്‍ നിന്ന് ഒരു ഫോറും ആറു സിക്‌സറുകളുമായി റിങ്കു സിങ്ങും അഞ്ചു റണ്‍സുമായി ഉമേഷ് യാദവുമായിരുന്നു ക്രീസില്‍. സ്‌കോര്‍ ടൈറ്റന്‍സ് നാലിന് 204, നൈറ്റ് റൈഡേഴ്‌സ് ഏഴിന് 207.
അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മതസരത്തില്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരുഘട്ടത്തില്‍ 16 ഓവറില്‍ നാലിന് 154 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ 16-ാം ഓവറിന്റെ ആദ്യ മൂന്നു പന്തുകളില്‍ അപകടകാരികളായ ആന്ദ്രെ റസല്‍(1), സുനില്‍ നരെയ്ന്‍(0), ഷാര്‍ദ്ദൂല്‍ താക്കൂര്‍(0) എന്നിവരെ പുറത്താക്കി ഹാട്രിക് നേടിയ റാഷിദ് ടൈറ്റന്‍സിനെ തിരികെ എത്തിച്ചു.
അടുത്ത രണ്ട് ഓവറുകളില്‍ 19 റണ്‍സ് മാത്രം വഴങ്ങിയ ടൈറ്റന്‍സ് ബൗളര്‍മാര്‍ അവസാന ഓവറില്‍ നൈറ്റ് റൈഡേഴ്‌സിന് 29 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടിയപ്പോള്‍ അവിശ്വസനീയമായതൊന്നും പ്രതീക്ഷിച്ചില്ല. യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിള്‍ നേടി റിങ്കുവിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് സിക്‌സറുകളുടെ ഘോഷയാത്രയായിരുന്നു.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് വെങ്കിടേഷ് അയ്യരുടെയും നായകന്‍ നിതീഷ് റാണയുടെയും മികവിലാണ് കൊല്‍ക്കത്ത ആദ്യം ബാറ്റ് വീശിയത്. അയ്യര്‍ 40 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 83 റണ്‍സും റാണ 29 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 45 റണ്‍സും നേടി പുറത്തായതോടെ കൊല്‍ക്കത്തയുടെ പോരാട്ടം അവസാനിച്ചു. പിന്നീടായിരുന്നു റാഷിദിന്റെ മാസ്മരിക പ്രകടനം. ടൈറ്റന്‍സിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്്ത്തിയ റാഷിദിനു പുറമേ രണ്ടു വിക്കറ്റ് നേടിയ അല്‍സാരി ജോസഫും ബൗളിങ്ങില്‍ തിളങ്ങി.
നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സിന് ഓള്‍റൗണ്ടര്‍ വിജയ്ശങ്കറിന്റെയും യുവതരാം സായ് സുദര്‍ശന്റെയും മിന്നുന്ന അര്‍ധസെഞ്ചുറികളാണ് തുണയായത്. വിജയ്ശങ്കര്‍ 24 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 63 റണ്‍സ് നേടി ടോപ്‌സ്‌കോററായപ്പോള്‍ സായ് സുദര്‍ശന്‍ 38 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 53 റണ്‍സ് നേടി.
31 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ 17 റണ്‍സും അഭിനവ് മനോഹര്‍ 14 റണ്‍സും നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ രണ്ടു റണ്‍സുമായി വിജയ്ശങ്കറിനൊപ്പം പുറത്താകാതെ നിന്നു.
പതിഞ്ഞ തുടക്കമായിരുന്നു ടൈറ്റന്‍സിന്റേത്. അഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ സാഹ പുറത്താകുമ്പോള്‍ 33 റണ്‍സായിരുന്നു സ്‌കോര്‍ബോര്‍ഡില്‍. പവര്‍പ്ലേ പൂര്‍ത്തിയായതോടെ സ്‌കോറിങ. വേഗം വീണ്ടും കുറഞ്ഞു. 12-ാം ഓവറിലാണ് അവര്‍ 100 തികച്ചത്. തൊട്ടുപിന്നാലെ ഗില്ലിന്റെയും അഅഭിനവിന്റെയും വിക്കറ്റ് വീണതോടെ 13.3 ഓവറില്‍ മൂന്നിന് 118 എന്ന നിലയിലായി അവര്‍.
പിന്നീടാണ് വിജയ്ശങ്കര്‍ ക്രീസില്‍ എത്തുന്നത്. ആദ്യ സായ് സുദര്‍ശനൊപ്പം 35 ക്ഷണ്‍ത്തില്‍ അടിച്ചെടുത്ത വിജയ് ശങ്കര്‍ പിന്നീട് മില്ലറിനെ സാക്ഷിനിര്‍ത്തി അവസാന 15 പന്തില്‍ 51 റണ്‍സ് അടിച്ചുകൂട്ടി ടീമിനെ 200 കടത്തുകയായിരുന്നു. കൊല്‍ക്കത്തയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് ബൗളിങ്ങില്‍ തിളങ്ങിയത്. യുവതാരം സുയാഷ് ശര്‍മയ്ക്കാണ് ഒരുവിക്കറ്റ്.