ഓപ്പണിങ് മികവില്‍ ചെന്നൈ; ടൈറ്റന്‍സിന് ലക്ഷ്യം 173

ഓപ്പണിങ് മികവില്‍ ചെന്നൈ; ടൈറ്റന്‍സിന് ലക്ഷ്യം 173

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ റുത്‌രാജ് ഗെയ്ക്ക്‌വാദിന്റെയും മികച്ച പിന്തുണ നല്‍കിയ മറ്റൊരു ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയുടെയും പ്രകടനമാണ് ചെന്നൈയ്ക്കു തുണയായത്.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമാകാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് ലക്ഷ്യം 173 റണ്‍സ്. ഇന്നു ചെന്നൈയില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ റുത്‌രാജ് ഗെയ്ക്ക്‌വാദിന്റെയും മികച്ച പിന്തുണ നല്‍കിയ മറ്റൊരു ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയുടെയും പ്രകടനമാണ് ചെന്നൈയ്ക്കു തുണയായത്. ഗെയ്ക്ക്‌വാദ് 44 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 60 റണ്‍സ് നേടി ടോപ്‌സ്‌കോററായപ്പോള്‍ 34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികള്‍ സഹിതം 40 റണ്‍സാണ് കോണ്‍വെ നേടിയത്.

ഇരുവരും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 87 റണ്‍സാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രണ്ടാം ഓവറില്‍ രണ്ടു റണ്‍സ് എടുത്തു നില്‍ക്കെ റുതുരാജിനെ ദര്‍ശന്‍ നല്‍ക്കണ്ഡെയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ പിടികൂടിയതാണ്. എന്നാല്‍ നല്‍കണ്ഡെ ഓവര്‍ സ്‌റ്റെപ് ചെയ്തതിന് അമ്പയര്‍ നോബോള്‍ വിളിച്ചത് ചെന്നൈയ്ക്കു രക്ഷയാകുകയായിരുന്നു.

ഓപ്പണര്‍മാര്‍ക്കു പുറമേ ചെന്നൈ നിരയില്‍ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. മധ്യനിര താരങ്ങളായ ശിവം ദുബെ(1), അജിന്‍ക്യ രാഹാനെ(10 പന്തില്‍ 17), അമ്പാട്ടി റായിഡു(9 പന്തില്‍ 17), നായകന്‍ മഹേന്ദ്ര സിങ് ധോണി(1), രവീന്ദ്ര ജഡേജ(16 പന്തില്‍ 22) എന്നിവര്‍ നിരാശപ്പെടുത്തി. ഒരു റണ്ണുമായി മൊയീന്‍ അലി പുറത്താകാതെ നിന്നു.

ഗുജറാത്തിനു വേണ്ടി നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 31 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളുമായി മോഹിത് ശര്‍മ മികച്ച പിന്തുണ നല്‍കി. ദര്‍ശന്‍ നല്‍കണ്ഡെ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

logo
The Fourth
www.thefourthnews.in