നാലോവറില്‍ 11 റണ്‍സിന് നാലു വിക്കറ്റ്; ഷമി ഹീറോയാടാ ഹീറോ!

നാലോവറില്‍ 11 റണ്‍സിന് നാലു വിക്കറ്റ്; ഷമി ഹീറോയാടാ ഹീറോ!

ഡല്‍ഹി നിരയില്‍ അര്‍ധസെഞ്ചുറി നേടിയ വാലറ്റക്കാരന്‍ അമന്‍ ഹക്കിം ഖാനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മാസ്മരിക പ്രകടനം. ഐ.പി.എല്ലില്‍ ഇന്നു നടന്ന പോരാട്ടത്തില്‍ ഷമിയുടെ മിന്നുന്ന ബൗളിങ്ങിനു മുന്നില്‍ തകര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയലക്ഷ്യം.

നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷമിക്കു മുന്നില്‍ ബാറ്റിങ് മറന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. രണ്ടു വിക്കറ്റുകളുമായി മോഹിത് ശര്‍മയും ഒരു വിക്കറ്റുമായി റാഷിദ് ഖാനും ഷമിക്കു മികച്ച പിന്തുണ നല്‍കി.

ഡല്‍ഹി നിരയില്‍ അര്‍ധസെഞ്ചുറി നേടിയ വാലറ്റക്കാരന്‍ അമന്‍ ഹക്കിം ഖാനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 44 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സറുകളും മൂന്നു ബൗണ്ടറികളും സഹിതം 51 റണ്‍സ് നേടിയ അമന്റെ ഇന്നിങ്‌സാണ് ഡല്‍ഹിയെ 100 കടത്തിയത്. അമനു പുറമേ 27 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, 23 റണ്‍സ് നേടിയ റിപാല്‍ പട്ടേല്‍, 10 റണ്‍സ് നേടിയ പ്രിയം ഗാര്‍ഗ് എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. ഡല്‍ഹി മുന്‍നിരയെ തകര്‍ത്ത ഷമിയാണ് ടൈറ്റന്‍സിന്റെ കരുത്തായത്.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടി(0)നെ പുറത്താക്കിയാണ് ഷമി മത്സരം ആരംഭിച്ചത്. പിന്നീട് ഗാര്‍ഗ്, റിലി റൂസോ(8), മനീഷ് പാണ്ഡെ(1) എന്നിവരെ പുറത്താക്കി ഷമി ഡല്‍ഹിയെ അഞ്ചിന് 23 എന്ന നിലയിലേക്ക് തള്ളിയിട്ടു. ഇതിനിടെ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍(2) റണ്ണൗട്ടായിരുന്നു. പിന്നീട് അക്‌സറിനെയും റിപാലിനെയും കൂട്ടുപിടിച്ച് അമനാണ് ടീമിനെ അല്‍പമെങ്കിലും മാന്യമായ സ്‌കോറില്‍ എത്തിച്ചത്. ആറാം വിക്കറ്റില്‍ അക്‌സറിനൊപ്പം 50 റണ്‍സും ഏഴാം വിക്കറ്റില്‍ റിപാലിനൊപ്പം 53 റണ്‍സും കൂട്ടിചേര്‍ക്കാന്‍ അമനായി.

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു കിടക്കുന്ന ഡല്‍ഹിക്ക് നില മെച്ചപ്പെടുത്താനുള്ള അവസരമാണ് ഇന്നത്തെ മത്സരം. മറുവശത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ടൈറ്റന്‍സിന് സ്ഥാനം അരക്കിട്ട് ഉറപ്പിക്കാന്‍ ഇന്നത്തെ ജയത്തിലൂടെ കഴിയും.

നിലവില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ആറു ജയത്തോടെ 12 പോയിന്റുമായാണ് ടൈറ്റന്‍സ് ഒന്നാമത് തുടരുന്നത്. ഒരു മത്സരം കൂടുതല്‍ കളിച്ച രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരാണ് 10 പോയിന്റുമായി യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

logo
The Fourth
www.thefourthnews.in